ജേക്കബ് ബ്ലേക്ക് എന്ന കറുത്തവർഗ്ഗക്കാരന് നേരെ വെടിയുതിർത്ത പൊലീസ് നടപടിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായ കെനോഷയിൽ ട്രംപിന്റെ സന്ദർശനം. കലാപകാരികളെ രാജ്യത്തെ ഭീകരർ എന്ന് വിശേഷിപ്പിച്ച ട്രംപ് അവരെ ശ്വാസം മുട്ടിച്ചതിന് പൊലീസിനെ ക്രൂരരായി കാണേണ്ടതില്ലെന്നും പറഞ്ഞു. സ്വന്തം കുട്ടികളുടെ മുന്നിൽ വച്ച് പൊലീസിന്റെ വെടിയേറ്റ് അരയ്ക്ക് താഴെ തളർന്നു കിടക്കുന്ന ബ്ലേക്കിന്റെ പേര് പക്ഷെ, പ്രസംഗത്തിലെങ്ങും അദ്ദേഹം പരാമർശിച്ചില്ല.

കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം, കലാപത്തിൽ തകർന്നടിഞ്ഞ രണ്ട് ഷോപ്പുകളും സന്ദർശിച്ചശേഷം വിസ്‌കോൺസിൻ കമ്മ്യുണിറ്റി സേഫ്റ്റി എന്ന വിഷയത്തിൽ ഒരു വട്ടമേശസമ്മേളനത്തിൽ സംസാരിക്കവേയാണ് ഈ അഭിപ്രായം പറഞ്ഞത്. ഇവിടെ നടന്നത് സമാധാനപരമായ പ്രതിഷേധമായിരുന്നില്ലെന്നും മറിച്ച്, അഭ്യന്തര ഭീകരവാദത്തിന്റെ പ്രതിഫലനമായിരുന്നു എന്നും പറഞ്ഞ അദ്ദേഹം ഭൂരിഭാഗം പൊലീസുകാരും ധീരരും പൊതുജനസേവനത്തിനായി ജീവൻ ഉഴിഞ്ഞുവച്ചവരും ആണെന്നും പറഞ്ഞു. ആഫ്രിക്കൻ-അമേരിക്കൻ, ഹിസ്പാനിക്-അമേരിക്കൻ വംശജരെ ഒഴിവാക്കുന്നതുപോലെ പല രാഷ്ട്രീയക്കാരും ഈ പൊലീസുകാരുടെ ത്യാഗവും കാണാതെ പോവുകയാണെന്നും ആരോപിച്ചു.

വളരെ ചെറിയ സമയത്തിനുള്ളിൽ പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കാൻ ബാദ്ധ്യസ്ഥരായവരാണ് പൊലീസുകാർ. ഒരു ചെറിയ തെറ്റായ തീരുമാനം പോലും ഒരുപക്ഷെ അവരുടെ ജീവൻ എടുത്തേക്കാം, ട്രംപ് പറഞ്ഞു. വ്യവസ്ഥാപിതമായ വംശീയ വിവേചനം നിലനിൽക്കുന്നില്ലെ എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യം ട്രംപ് തള്ളിക്കളയുകയും ചെയ്തു. ഇല്ലാത്ത കാര്യങ്ങളെ കുറിച്ചല്ല, ഇവിടെ നടന്നതുപോലുള്ള അക്രമ സംഭവങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത് എന്നായിരുന്നു ട്രംപ് പറഞ്ഞത്.

നേരത്തേ ട്രംപിനോട് വിസ്‌കോൺസിൻ സന്ദർശിക്കരുതെന്ന് സംസ്ഥാന സർക്കാരും തദ്ദേശ ഭരണകൂടവും ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ സന്ദർശനം അക്രമങ്ങൾ വർദ്ധിപ്പിക്കുമെന്ന അശങ്കയായിരുന്നു അതിനു പിന്നിൽ. അതേസമയം ജോർജ്ജ് ഫ്ളോയ്ഡിന്റെ മരണസമയത്ത് വ്യക്തമാക്കിയതുപോലെ താൻ ഇപ്പോഴും നിയമം നടത്തുന്നവരുടെ കൂടെയാണെന്ന് ഊന്നിപ്പറഞ്ഞിരിക്കുകയാണ് ഈ സന്ദർശനത്തിലൂടെ ട്രംപ്. രാജ്യത്തിലെ നിയമ സംവിധാനങ്ങൾ വംശീയ വിവേചനം പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിലാണ് ചില രാഷ്ട്രീയക്കാരുടെ സംസാരം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കൻ പ്രസിഡണ്ടിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ ഇറങ്ങിയ ഇല്ലിനോയിസ് വിമാനത്താവളത്തിൽ നിന്നും വിസ്‌കോൺസിൻ നഗരത്തിലേക്കുള്ള യാത്രാമദ്ധ്യേ നിരത്തിനിരുവശവും ട്രംപിന്റെ ആരാധകർ കൂടിയിരുന്നു. ചിലയിടങ്ങളിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാരികളും ഒത്തുകൂറ്റിയിരുന്നു. നടുവിരൽ നിവർത്തി ട്രംപിനെ സ്വാഗതം ചെയ്ത പ്രക്ഷോഭകാരികൾ ജേക്കബ് ബ്ലേയ്ക്കിന് നീതി ലഭ്യമാക്കണമെന്ന മുദ്രാവാക്യവും വിളിക്കുന്നുണ്ടായിരുന്നു.

രണ്ട് പ്രക്ഷോഭകാരികളുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ കുറ്റാരോപിതനായ കെയ്ൽ റിട്ടെൻഹൗസിനെ ഒരു വീരപുരുഷനാക്കിയായിരുന്നു ട്രംപ് സംസാരിച്ചത്. ഗവർണറും മേയറുമൊക്കെ സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ തന്റെ സമൂഹത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങേണ്ടിവന്ന ഒരു ചെറുപ്പക്കാരനായിട്ടാണ് ഈ കൊലയാളിയെ ട്രംപ് ചിത്രീകരിച്ചത്.

കലാപകാരികളെ അതിരൂക്ഷമായി വിമർശിച്ച ട്രംപ് പക്ഷെ, അവർക്കെതിരായി ആയുധമേന്തി രംഗത്തിറങ്ങിയ, സമൂഹത്തിന്റെ കാവൽക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘങ്ങളെ അപലപിക്കാൻ മുതിർന്നില്ല. അതുകൊണ്ട് തന്നെയാണ് പ്രസിഡണ്ടിന്റെ സന്ദർശനം ജനങ്ങൾക്കിടയിൽ കൂടുതൽ വിഭാഗീയത സൃഷ്ടിക്കാനേ ഉതകൂ എന്ന് ഒരു വിഭാഗം ആളുകൾ പറഞ്ഞത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബിഡനും ഉടൻ വിസ്‌കോൺസിൻ സന്ദർശിക്കും എന്നാണ് കരുതപ്പെടുന്നത്.