കൊല്ലം: ബൈക്കിന്റെ അമിതവേഗവും വലിയ ശബ്ദവും ചോദ്യം ചെയ്ത ഗൃഹനാഥനെ അയൽവാസിയായ യുവാവ് തല്ലിക്കൊന്നത് തിരുവോണ നാളിൽ. മുണ്ടയ്ക്കൽ വെസ്റ്റ് പാപനാശം തിരുവാതിര നഗർ64 പുതുവൽ പുരയിടത്തിൽ ശിവപ്രസാദി (60)നെയാണ് മകനെ പോലെ കണ്ട അയൽവാസിയായ യുവാവ് അടിച്ചു കൊന്നത്. സംഭവത്തിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ. തിരുവാതിര നഗർ81 പുതുവൽ പുരയിടം വീട്ടിൽ നിക്സൺ(20) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

തിരുവോണ ദിവസം വൈകിട്ടായിരുന്നു ശിവപ്രസാദിനെ നിക്‌സൺ മർദ്ദിച്ചു കൊന്നത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. ശിവപ്രസാദിന്റെ വീടിനു മുന്നിലൂടെ നിക്‌സൺ ബൈക്ക് ഇരപ്പിച്ച് അമിതവേഗത്തിൽ പാഞ്ഞു. ഇത് ശിവപ്രസാദ് ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ നിക്‌സൺ പലതവണ ഇതു വഴി ബൈക്ക് ഓടിച്ചു. പിന്നീട് ശിവപ്രസാദിന്റെ വീടിനു മുന്നിലെത്തി അസഭ്യം പറഞ്ഞശേഷം ഭിത്തിയോടു ചേർത്തു നിർത്തി നെഞ്ചിലും മുഖത്തും അടിക്കുകയായിരുന്നു.

നിക്‌സന്റെ മർദ്ദനത്തിൽ അവശനായ ശിവപ്രസാദ് നിലത്തു വീണു. ബഹളം കേട്ടു ശിവപ്രസാദിന്റെ മകൾ ഓടിയെത്തിയപ്പോഴേക്കും നിക്സൺ സ്ഥലത്തു നിന്നു കടന്നു കളഞ്ഞു. കുഴഞ്ഞു വീണ ശിവപ്രസാദിനെ നിക്‌സന്റെ പിതാവിന്റെ ഓട്ടോറിക്ഷയിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: പ്രിയങ്ക, പ്രവീൺ. സംസ്‌കാരം നടത്തി.

നിക്‌സണെ ഇരവിപുരത്തു നിന്നാണ് എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ഇൻസ്‌പെക്ടർ നിസാർ, എസ്‌ഐമാരായ ബിജു, അഭിലാഷ്, രാജ്‌മോഹൻ, ഡാൻസാഫ് എസ്‌ഐ ആർ.ജയകുമാർ, ഡാൻസാഫ് അംഗങ്ങളായ പി.ബൈജു, ജെറോം, സജു, സീനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.