നോംപെൻ: പതിനായിരങ്ങളെ കൂട്ടക്കുരുതി നൽകുന്നതിന് നേതൃത്വം നൽകിയ കോമ്രേഡ് ഡച്ച് 77 -ാം വയസ്സിൽ മരിച്ചു. കൂട്ടക്കുരുതി നടത്തിയതിന് ജയിലിൽ അടക്കപ്പെട്ട കോമ്രേഡ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരിക്കുക ആയിരുന്നു. ുവോൾ സ്ലെങ്ങിലെ കുപ്രസിദ്ധ തടവറയുടെ മേധാവിയായിരുന്നു കെയ്ങ് ഗെക് ഇവ് എന്ന കൊമ്രേഡ് ഡച്ച്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനാലായിരത്തിലേറെ നിരപരാധികളെ കൊന്നു തള്ളാൻ മേൽനോട്ടം നൽകിയതു ഗണിത അദ്ധ്യാപകനായിരുന്ന ഡച്ച് ആയിരുന്നു.

ഖമർ റൂഷ് കാലത്തെ കുരുതികൾക്കു പിന്നീട് വിചാരണയ്ക്കു വിധേയനായി. എസ്21 എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഡച്ച് കുറ്റക്കാരനാണെന്നു 2010ൽ ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള ട്രിബ്യൂണൽ കണ്ടെത്തിയിരുന്നു. അപ്പീൽ തള്ളി 2012ൽ ജീവപര്യന്തം ശിക്ഷ നൽകി.

1979ൽ വിയറ്റ്‌നാം സൈനിക ഇടപെടലിൽ പോൾ പോട്ട് ഭരണം അവസാനിച്ചതോടെ ഡച്ച് ഒളിവിൽ പോയിരുന്നു. 1999ൽ നിക് ഡൻലപ് എന്ന ഫോട്ടോജേണലിസ്റ്റാണു തായ് അതിർത്തിക്കു സമീപം നാട്ടിൻപുറത്തു പുതിയ പേരിൽ കഴിയുകയായിരുന്ന ഡച്ചിനെ കണ്ടെത്തിയത്. 'ദ് ലോസ്റ്റ് എക്‌സിക്യൂഷനർ' എന്ന പേരിൽ പുസ്തകവുമെഴുതി.

ഖമർ റൂഷ്
കംപൂച്ചിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സൈനിക മുന്നേറ്റമാണ് 'ഖമർ റൂഷ്' (ചുവന്ന ഖമർ). 1975 മുതൽ 4 വർഷത്തോളം കംബോഡിയയുടെ ഭരണം ഖമർ റൂഷിന്റെ കയ്യിലായിരുന്നു. വിപ്ലവവിരുദ്ധരെന്ന് ആരോപിച്ച് വിദ്യാഭ്യാസമുള്ളവരെ കൊന്നൊടുക്കി. ജനങ്ങൾ ഗ്രാമങ്ങളിലേക്കു പോയി കൃഷി കമ്യൂണുകളിൽ പ്രവർത്തിക്കണമെന്ന ഉത്തരവിന്മേൽ ലക്ഷക്കണക്കിനാളുകളെ കൃഷിയിടങ്ങളിലേക്ക് ആട്ടിത്തെളിച്ചു. പട്ടിണി മൂലം ഇവരിൽ മിക്കവരും മരിച്ചു. ഏതാണ്ട് 20 ലക്ഷം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.