- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണക്കാലത്ത് തകർന്നടിയുന്ന വിമാനക്കമ്പനികൾക്കൊപ്പം യുണൈറ്റഡ് എയർലൈൻസും; അമേരിക്കൻ വിമാന കമ്പനി പിരിച്ചുവിടുന്നത് 16,000 പേരെ; നാലിലൊന്ന് ജീവനക്കാരെ ഹീത്രൂ വിമാനത്താവളവും പിരിച്ചുവിടും; തിരിച്ചുവരാൻ ആകാത്തവിധം വിമാനക്കമ്പനികൾ തകരുന്നതിങ്ങനെ
ബ്രിട്ടീഷ് എയർവേയ്സ് ഉൾപ്പടെ നിരവധി വിമാനക്കമ്പനികൾ കൊറോണക്കാലത്തെ അതിജീവനത്തിനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന കഥകൾ നമ്മൾ കേട്ടുകഴിഞ്ഞു. ആ കൂട്ടത്തിലേക്ക് മറ്റൊരു വിമാനക്കമ്പനി കൂടി എത്തുകയാണ്. അമേരിക്കയിലെ വൻകിട വിമാനക്കമ്പനിയായ യുണൈറ്റഡ് എയർലൈൻസ് ആണ് ഇപ്പോൾ തകർച്ചയിൽ നിന്നും കരകയറുവാൻ, ചെലവുചുരുക്കലിന്റെ ഭാഗമായി 16,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്.
നേരത്തേ 36,000 പേരെയെങ്കിലും പിരിച്ചുവിടേണ്ടി വരുമെന്നായിരുന്നു കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, ചിലർ നേരത്തേ ജോലിയിൽ നിന്നു വിരമിച്ചതും, മറ്റു ചില പദ്ധതികളും അത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കി. ഒക്ടോബർ 1 വരെയായിരിക്കും പിരിച്ചുവിടാൻ നോട്ടീസ് കിട്ടിയവർക്ക് കമ്പനിയിൽ ജോലിചെയ്യാൻ കഴിയുക. ഏകദേശം 7000 ത്തോളം ഫ്ളൈറ്റ് അറ്റൻഡന്റുമാരും 3,000 ത്തോളം പൈലറ്റുമാരും ഇക്കൂട്ടത്തിൽ പെടും.
അമേരിക്കയിലെ മറ്റ് പ്രമുഖ വിമാനക്കമ്പനികളായ ഡെൽറ്റ എയർലൈൻസും അമേരിക്കൻ എയർലൈൻസും സമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ടിക്കറ്റ് ചാർജ്ജുകൾ കുറച്ചും മറ്റും യാത്രക്കാരെ ആകർഷിക്കാൻ ശ്രമിക്കുമ്പോഴും, കോവിഡ് ഭീതിമൂലം ആളുകൾ യാത്രയൊഴിവാക്കുവാൻ പരമാവധി ശ്രമിക്കുകയാണ്. ഇത് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഏകദേശം 1,200 പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. മുൻനിരയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ 25% വരും ഇത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുവാൻ വിവിധ യൂണിയനുകളുമായി മീറ്റിംഗുകൾ വിളിച്ചിട്ടുണ്ട്. ജോലി സംബന്ധിച്ച നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റങ്ങൾ വരുത്താൻ യൂണിയനുകൾ തയ്യാറാവുകയാണെങ്കിൽ, തൊഴിൽനഷ്ടം പരമാവധി കുറയ്ക്കാനാകുമെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇല്ലെങ്കിൽ 5,700 പേർക്ക് വരെ തൊഴിൽ നഷ്ടമാകാമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ വേതനത്തിൽ 20 ശതമാനം മുതൽ 50 ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് എയർപോർട്ട് അധികൃതരുടെ പദ്ധതി. യാത്രക്കാർ തീരെ കുറവായതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഈ ജൂലായിൽ, കഴിഞ്ഞ വർഷം ജൂലായിൽ വന്ന യാത്രക്കാരുടെ എണ്ണത്തിൽ 95% കുറവാണ് അനുഭവപ്പെട്ടത്. വ്യോമയാന മേഖലയേ മൊത്തത്തിൽ തകർത്ത കോവിഡ് വിമാനത്താവളങ്ങളുടെ നിലനിൽപും ചോദ്യം ചെയ്യുകയാണ്. ഓഗസ്റ്റ് മാസത്തിൽ, കഴിഞ്ഞ ആഗസ്റ്റിലേതിനെ അപേക്ഷിച്ച് 86% യാത്രക്കാരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
കോവിഡ് 19 പിടിപെടുമെന്ന ഭയത്തിനു പുറമേ, പല രാജ്യങ്ങളിലും പോയി തിരിച്ചുവന്നാൽ 14 ദിവസത്തി നിർബന്ധിത ക്വാറന്റൈൻ വേണമെന്ന നിയമവും യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായതായി വിമാനത്താവള അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഗാറ്റ്‌വിക്ക് നേരത്തേ 600 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.