- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടർവെയർ മാത്രം ധരിച്ചു നടന്ന കറുത്ത വർഗ്ഗക്കാരനെ നിലത്തിരുത്തി മുഖത്ത് പ്ലാസ്റ്റിക് ബാഗ് ചുറ്റി ശ്വാസം മുട്ടിച്ചു കൊന്നു; മാർച്ചിലെ മറ്റൊരു പൊലീസ് പകയുടെ വീഡിയോ ലീക്കായതോടെ തെരുവിലിറങ്ങി കറുത്ത വർഗ്ഗക്കാർ; മനസാക്ഷിയെ ഞെട്ടിച്ച ന്യുയോർക്ക് ദുരന്തത്തിന്റെ പേരിൽ വീണ്ടും കലാപം; വംശീയ കലാപത്തിൽ തകർന്നടിയുന്ന അമേരിക്കയിൽ നിന്നും അശനിപാതം പോലെ മറ്റൊരു വാർത്ത കൂടി
ലോകത്തെവിടെ മനുഷ്യാവകാശ ലംഘനം നടന്നാലും ഓടിയെത്തുന്ന അമേരിക്കയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത് മനുഷ്യാവകാശ ധ്വംസനങ്ങളുടേയും വംശീയ വെറിയുടേയും കഥകൾ മാത്രം. വികസിത സാങ്കേതിക വിദ്യയുടേയും മറ്റും പേരിൽ ഊറ്റം കൊള്ളുമ്പോഴും മനസ്സിൽ മായാതെ കിടക്കുന്ന വംശീയ വിദ്വേഷം ഈയിടെയായി മറനീക്കി പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന അത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ചോർന്നതും വൻവിവാദം സൃഷ്ടിച്ചിരിക്കുന്നതും.
ന്യുയോർക്കിൽ 41 വയസ്സുള്ള ഒരാളുടെ മുഖം പ്ലാസ്റ്റിക് കവർ കൊണ്ടു മൂടിയശേഷം നിലത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊല്ലുന്ന വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധവുമായി നിരവധിപേർ ന്യുയോർക്കിലെ നിരത്തുകളിലിറങ്ങി. കൈവിലങ്ങിട്ട ആളെയാണ് പൊലീസ് ഇപ്രകാരം നിഷ്ഠൂരമായി കൊലചെയ്തത്. സംഭവത്തിനു ശേഷം മസ്തിഷ്‌ക മരണം സംഭവിച്ച ഡാനിയൽ പ്രൂഡ് എന്ന ഈ വ്യക്തി പിന്നീട് ചികിത്സയിൽ ഇരിക്കുമ്പോൾ മാർച്ച് 30 ന് മരണമടയുകയായിരുന്നു.
മാനസിക അസ്വാസ്ഥ്യമുള്ള ഡാനിയൽ തന്റെ സഹോദരന്റെ വീട്ടിൽ നിന്നും അതിരാവിലെ മൂന്നു മണിക്ക് കടുത്ത തണുപ്പിനെ വകവയ്ക്കാതെ ഇറങ്ങുകയായിരുന്നു. വഴിയിൽ താൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചെറിയുകയും ചെയ്യുന്നുണ്ടായിരുന്നു. സമീപവാസികൾ ആരോ വിളിച്ചറിയിച്ചതിനെ തുടർന്നായിരുന്നു പൊലീസ് സ്ഥലത്ത് എത്തിയത്. ഇതിനിടെ ചില വീടുകളുടെ ചില്ലുകളും ഇയാൾ അടിച്ചു തകർത്തിരുന്നതായി പൊലീസ് പറയുന്നു.
ഡാനിയലിനു നേരെ തോക്കു ചൂണ്ടി പൊലീസ് ഓഫീസറായ മാർക്ക് വോൺ നിലത്ത് കിടക്കുവാനും കൈകൾ പുറകിൽ കെട്ടാനും ആവശ്യപ്പെടുകയായിരുന്നു. ഉടനെ തന്നെ പ്രൂഡിനെ കൈവിലങ്ങണിയിച്ചു. തനിക്ക് കോവിഡ് ആണെന്ന് പ്രൂഡ് പറഞ്ഞപ്പോൾ പൊലീസുകാർ ഒരു മുഖം മൂടി ധരിപ്പിച്ചു. ഇതിനിടയിൽ അയാൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അശ്ലീലവാക്കുകൾ ഉപയോഗിച്ച് ആക്രോശിക്കുന്നുണ്ടായിരുന്നു.
മുഖം മൂടി ധരിച്ചതോടെ കൂടുതൽ അസ്വസ്ഥനായ പ്രൂഡ് ഒരു വശത്തേക്ക് തിരിഞ്ഞ് തോക്കുതരുവാൻ ആവശ്യപ്പെടുകയായിരുന്നു. ഉടനെ മൂന്ന് പൊലീസുകാർ അയാളുടെ മുഖം നിലത്ത് അമർത്തിവച്ചു. അയാളുടെ കരച്ചിൽ വകവയ്ക്കാതെ മൂന്ന് മിനിറ്റോളം അപ്രകാരം മുഖം നിലത്ത് ബലമായി അമർത്തി വയ്ക്കുകയായിരുന്നു. പ്രൂഡിന്റെ വായിൽ നിന്നും നുരയും പതയും പുറത്തുവന്നപ്പോൾ പൊലീസുകാർ പരിഭ്രാന്തരായി കൈയെടുത്തു. പക്ഷെ അപ്പോഴേക്കും അയാൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ പ്രൂഡ് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഏഴ് ദിവസം കൂടി ജീവിച്ചു. ഇയാളുടെ മരണം കൊലപാതകമാണെന്ന് മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചിട്ടുണ്ട്. ജോർജ്ജ് ഫ്ളോയിഡിന്റെ മരണം അമേരിക്കയിൽ കലാപത്തെ കത്തിക്കുന്നതിനും ആഴ്‌ച്ചകൾക്ക് മുൻപ് നടന്ന ഈ സംഭവം പക്ഷെ ആരും അറിയാതെ മൂടിവയ്ക്കപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്‌ച്ചയാണ് പ്രൂഡിന്റെ കുടുംബം പൊലീസ് ബോഡി കാമറയിൽ നിന്നും ലഭിച്ച വീഡിയോകളും പബ്ലിക് റെക്കോർഡ് റിക്വസ്റ്റ് പ്രകാരംലഭിച്ച വിവരങ്ങളുമായി പത്രസമ്മേളനം വിളിച്ചത്. കൈവിലങ്ങണിഞ്ഞ മനുഷ്യന് എങ്ങനെ പൊലീസിനെ എതിർക്കാനാകും എന്നാണ് പ്രൂഡിന്റെ സഹോദരൻ ചോദിച്ചത്. തിരിച്ചക്രമിക്കാൻ കെല്പില്ലാത്ത ഒരാളെയാണ് മൃഗീയമായി കൊലചെയ്തത്. ഇനിയും എത്ര സഹോദരങ്ങൾ ജീവൻ ത്യജിച്ചാലായിരിക്കും ഇത്തരത്തിലുള്ള ക്രൂരതകൾ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യേണ്ടതാണെന്ന പൊതുബോധം ഉയരുക എന്നും അദ്ദേഹം ചോദിച്ചു.
ഈ വീഡിയോ പുറത്തുവന്ന ഉടനെ റോഷ്സ്റ്ററിലെ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടി. സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ രാത്രിയായിട്ടും പിരിഞ്ഞുപോയില്ല. കലാപത്തിന് ആഹ്വാനം നൽകിയതിന് ഒരാളേയും മറ്റ് അക്രമ പ്രവർത്തനങ്ങളുടെ പേരിൽ ഒമ്പത് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഷിക്കാഗോയിൽ താമസിക്കുന്ന പ്രൂഡ് തന്റെ സഹോദരന്റെ വീട്ടിൽ താമസിക്കുവാനായാണ് റോഷെസ്റ്ററിൽ എത്തിയത്. ആംട്രാക്ക് ട്രെയിനിൽ എത്തിയ ഇയാളെ, ഇയാളുടെ പരുക്കൻ പെരുമാറ്റം കാരണം റോഷെസ്റ്റർ എത്തുന്നതിനു മുൻപ് തന്നെ ട്രെയിനിൽ നിന്നും ഇറക്കിവിട്ടിരുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. അയാളുടെ മാനസിക നില പരിശോധിക്കുന്നതിനായി ആ ദിവസം അയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പുറത്തിറങ്ങി എട്ടുമണീക്കൂറുകൾ കഴിഞ്ഞാണ് ഈ ദാരുണ സംഭവം നടക്കുന്നത്.
പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങൾ പൊലീസുമായി ഏറ്റുമുട്ടി. പൊലീസിന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കുരുമുളക് സ്പ്രേ പോലുള്ള ആയുധങ്ങൾ ഉപയോഗിക്കേണ്ടതായി വന്നു. അതേസമയം അഞ്ചു കുട്ടികളുടെ പിതാവായ പ്രൂഡ് തന്റെ അമ്മയുടേയും സഹോദരന്റേയും മരണത്തെ തുടർന്ന് ചില മാനസികാസ്വസ്ഥ്യങ്ങൾ അനുഭവിക്കുകയായിരുന്നു എന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു.
ഇതിനിടയിൽ വാഷിങ്ടൺ ഡിസിയിൽ ഡിയോൺ കേ എന്ന 18 വയസ്സുള്ള കറുത്തവർഗ്ഗക്കാരനായ യുവാവിനെ വെടിവെച്ചുകൊന്ന പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബി എൽ എം പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. പൊലീസ് അക്രമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ഇരമ്പുമ്പോൾ ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച വൈകിട്ട് നാലുമണിക്കാണ് സംഭവം നടക്കുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ, ബി എൽ എം പ്രക്ഷോഭം വീണ്ടും കരുത്താർജ്ജിച്ചതിന്റെ ഫലമായി പലയിടങ്ങളിലും പ്രക്ഷോഭകാരികളും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടയിൽ ഒരു വാഹനം നിറയെ ആയുധങ്ങൾ വരുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസുകാർ ഒരു വാഹനം തടയുകയായിരുന്നു. പൊലീസിനെ കണ്ട ഉടനെ അതിലെ രണ്ടു യാത്രക്കാരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിലാണ് കേയ്ക്ക് വെടിയേറ്റത്.
മറുനാടന് മലയാളി ബ്യൂറോ