കൊൽക്കത്ത: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ടു. കാറിൽ നിന്നും താഴേക്ക് വീണ യുവതിയുടെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയ മറ്റൊരു യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ചു. കൊൽക്കത്തയിലെ അനന്തപൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിനൊപ്പം യാത്രചെയ്ത യുവതിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. യുവതിയെ ഉപദ്രവിച്ച ശേഷം യുവാവ് ഇവരെ കാറിൽ നിന്നും പുറത്തേക്ക് തള്ളിയിടുക ആയിരുന്നു.

ഇരുവരും കാറിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടിൽ പോകണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. അൽപ്പനേരം കാറിൽ കറങ്ങിയശേഷം തിരികെ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സുഹൃത്ത് അവരെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുന്ന രീതിയിൽ കാർ ഓടിക്കുകയും ചെയ്തുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു. കാറിൽ നിന്നും വീണ യുവതിയുടെ നിലവിളി കേട്ട് നിലാഞ്ജന എന്ന യുവതിയും ഭർത്താവും കാർ തടഞ്ഞുനിർത്താൻ ശ്രമിച്ചു. എന്നാൽ നീലാഞ്ജനയെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് യുവതിയെ കാറിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടത്.

സംഭവം നടന്നതിനുശേഷം ഇവർക്ക് പൊലീസ് സഹായം ലഭിച്ചില്ലെന്നും എമർജൻസി നമ്പറിൽ ബന്ധപ്പെട്ടിട്ടും കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ആംബുലൻസുകൾ വരാൻ തയ്യാറായിലെന്നും പരാതിയുണ്ട്. പലതവണ ശ്രമിച്ചപ്പോഴാണ് പൊലീസ് സഹയം ലഭിച്ചതെന്ന് നിലാഞ്ജനയുടെ ഭർത്താവ് പറയുന്നു. കാറിടിച്ച് സാരമായി പരിക്കേറ്റ നിലാഞ്ജനയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപദ്രവിക്കപ്പെട്ട യുവതിയെ തിരികെ വീട്ടിലെത്തിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.