- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജിയും വിജയ് കൃഷ്ണയും വിനയിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് എന്തിന്? തന്റെ ഫോണും ബൈക്കും കൊച്ചി മരടിലെ വീട്ടിൽ ഉപേക്ഷിച്ചു വിനയ് അപ്രത്യക്ഷനായത് എങ്ങോട്ട്; രാജിയുടേയും വിജയ് യുടേതും ആത്മഹത്യയാണെന്ന് ഉറപ്പിക്കുമ്പോഴും വിനയ്‌നെ കാണാത്തതിൽ ദുരൂഹത;കാണാതായ വിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുള്ളതായും റിപ്പോർട്ട്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ അമ്മയെയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇവർ എന്തിനാണ് ആത്മഹത്യ ചെയ്തതെന്നോ രാജിയുടെ മൂത്ത മകൻ വിനയ് എവിടേക്കു പോയെന്നോ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതാണ് ഈ ആത്മഹത്യാ കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നത്. കൊച്ചി മരടിലെ വീട്ടിൽ തന്റെ മൊബൈൽ ഫോണും ബൈക്കും ഉപേക്ഷിച്ച ശേഷമാണ് വിനയ് അപ്രത്യക്ഷമായത്. വിനയ് എവിടേക്കാണ് പോയതെന്ന് ആർക്കും അറിയില്ല.
വേളൂക്കര കല്ലംകുന്നിലെ ഇരട്ടമരണത്തിനു പിന്നിൽ പൊലീസിനെ കുഴക്കുന്നത് ഈ ചോദ്യമാണ്. കരുവാപ്പടി കാവുങ്ങൽ രാജിയെയും (54) മകൻ വിജയ് കൃഷ്ണനെയും (26) ആണ് കുടുംബ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കഴിഞ്ഞ ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്. രാജിയുടെ മൂത്തമകമാണ് വിനയ് കൃഷ്ണൻ. വിനയ്‌നെ കണ്ടെത്തിയാലേ മരണകാരണത്തെക്കുറിച്ചു സൂചന ലഭിക്കൂ.
കഴിഞ്ഞ 28ന് ആണ് കല്ലംകുന്നിലെ കുടുംബവീട്ടിൽ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ രാജിയെയും വീടിനോടു ചേർന്നുള്ള കിണറ്റിൽ വിജയ് കൃഷ്ണയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 25 ന് രാജിയും വിജയ് കൃഷ്ണയും വിനയിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഫോണിൽ കിട്ടാതിരുന്നതുമൂലം സുഹൃത്തുവഴിക്കാണ് വിനയിനോട് സംസാരിച്ചത്. 26 മുതൽ വിനയിന്റെ ഫോൺ സ്വിച്ച് ഓഫായി.
വിനയിനു വലിയ സാമ്പത്തിക ബാധ്യതയുള്ളതായും നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേടു നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സംഭവ ദിവസം വേളൂക്കരയിലെത്തിയതിനു തെളിവുകളില്ല. 2 ആഴ്ച കൂടുമ്പോൾ വിനയ് വീട്ടിലെത്തുക പതിവാണ്. മരടിൽ വിനയ് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും ബൈക്കും കണ്ടെത്തി. മുൻപും വിനയ് അപ്രത്യക്ഷനായിട്ടുണ്ട്. അന്വേഷണങ്ങൾക്കൊടുവിൽ മൂന്നാറിൽ നിന്നാണ് ഇയാളെ കണ്ടെത്തി തിരികെയെത്തിച്ചത്.
വിജയ്, രാജി എന്നിവർക്കു സാമ്പത്തികമോ കുടുംബപരമായോ പ്രശ്‌നങ്ങൾ ഉള്ളതായി അയൽവാസികൾക്കോ ബന്ധുക്കൾക്ക് അറിവില്ല. രാജിയുടെ അമ്മ മാത്രമാണു കുടുംബ വീട്ടിൽ താമസം. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി അമ്മ മറ്റൊരു മകളുടെ വീട്ടിലായിരുന്നു. അമ്മ വീട്ടില്ലില്ലെന്നറിഞ്ഞിട്ടും രാജിയും വിജയും ഇവിടെയെത്തിയത് ജീവനൊടുക്കുകയെന്ന ഉദ്യേശ്യത്തോടെയാണെന്ന നിഗമനത്തിലാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ