യൂറോപ്യൻ യൂണിയനുമായുള്ള പോര് മുറുകുമ്പോൾ ബ്രിട്ടൻ കൂടുതൽ കരുത്തോടെ മുന്നോട്ട് വരികയാണ്. യൂറോ;പ്യൻ യൂണിയൻ അവരുടെ ആവശ്യങ്ങളെ കുറിച്ച് പുനർചിന്തനം നടത്തിയിട്ടില്ലെങ്കിൽ വ്യാപാരകരാർ ഉണ്ടാക്കാനുള്ള ചർച്ചയിൽ നിന്നും പിന്മാറുമെന്ന് ബോറിസ് ജോൺസൺ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. അഞ്ചാഴ്‌ച്ചയാണ് ഇതിനായി യൂറോപ്യൻ യൂണീയന് സമയം നല്കിയിട്ടുള്ളത്. യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രസൽസ്സിൽ ഉച്ചകോടി ചേരാനിരിക്കെയാണ് അല്പം കടുത്ത ഭാഷയിൽ തന്നെ ഒകാടോബർ 15 ന് ശേഷം ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിൽ താത്പര്യമില്ലെന്ന് ബോറിസ് അറിയിച്ചത്.

കരാർ ഇനിയും ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ ബോറിസ് ജോൺസൺ, പക്ഷെ ഒരു സ്വതന്ത്രരാജ്യമെന്ന നിലയിലുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ആർക്കും പണയം വയ്ക്കാൻ ആവില്ലെന്നും വ്യക്തമാക്കി. ബ്രിട്ടന് അതിന്റേതായ നിയമങ്ങൾ ഉണ്ട്, സ്വന്തം ജലത്തിൽ മീൻ പിടിക്കാനുള്ള അവകാശവും, അദ്ദേഹം കൂട്ടിച്ചേർത്തു. യാതോരു കരാറുമില്ലാതെത്തന്നെ യൂണിയനിൽ നിന്നും പുറത്തുവരുന്നതാണ് ബ്രിട്ടന്റെ ഭാവിക്ക് നല്ലതെന്ന് പറഞ്ഞ അദ്ദേഹം അത്, യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്താൻ ദഹായിക്കുമെന്നും ചൂണ്ടിക്കാട്ടി.

ബ്രിട്ടന്റെ പ്രധാന നെഗോഷിയേറ്റർ ഡേവിഡ് ഫ്രോസ്റ്റും യൂറോപ്യൻ യൂണിയൻ പ്രതിനിധി മൈക്കൽ ബാർണിയറും തമ്മിൽ നാളെ ലണ്ടനിൽ ചർച്ച ആരംഭിക്കാനിരിക്കെയാണ് ബോറിസ് ജോൺസന്റെ പ്രസ്താവന എന്നത് ഏറെ ശ്രദ്ധേയമാണ്. അതേസമയം, ബ്രിട്ടനുമായി വ്യാപാര കരാർ ഇല്ലെങ്കിൽ ഏറെ നഷ്ടം സഹിക്കേണ്ടിവരിക യൂറോപ്യൻ യൂണിയനായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡൊമിനിക് റബ് അഭിപ്രായപ്പെട്ടു. കാറുകൾ ഉൾപ്പടെ പലതിന്റെയും കയറ്റുമതി നിലയ്ക്കും. ഇത് യൂറോപ്യൻ രാജ്യങ്ങളിൽ കടുത്തനിലയിലുള്ള തൊഴിൽ നഷ്ടങ്ങൾ സൃഷ്ടിക്കും.

നിലവിൽ യൂറോപ്യൻ യൂണിയനിലെ മത്സ്യബന്ധന ട്രോളറുകൾക്ക് ബ്രിട്ടന്റെ ജലാതിർത്തിയിൽ ഉള്ള അവകാശം തുടരണമെന്നതാണ് യൂറോപ്യൻ യൂണിയ്ന്റെ ഒരു ആവശ്യം. ഇത് ഒരിക്കലും അനുവദിച്ചുകൊടുക്കാൻ ആകില്ലെന്നാണ് ബ്രിട്ടൻ പറയുന്നത്. മാത്രമല്ല, ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പിന്തുടരണമെന്നും അവർ നിർബന്ധം പിടിക്കുന്നു. ഭൂഖണ്ഡത്തിലെ പ്രമുഖ കോർപ്പറേറ്റുകൾക്ക് പ്രവർത്തനം സുഗമമാക്കുന്നതിനാണ് ഇത്. എന്നാൽ ഈ നിബന്ധനയും ബ്രിട്ടൻ അംഗീകരിക്കുന്നില്ല. ഒരു സ്വതന്ത്ര രാഷ്ട്രമായ ബ്രിട്ടനിൽ ബ്രിട്ടന്റെ നിയമങ്ങൾ മാത്രമായിരിക്കും നിലനിൽക്കുക എന്ന് അവർ തീർത്തു പറയുന്നു.

യൂണിയനും കാനഡയും തമ്മിലുണ്ടാക്കിയതുപോലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറാണ് ബ്രിട്ടൻ ഉന്നം വയ്ക്കുന്നത്. യൂറോപ്യൻ ഇതിന് തയ്യാറായെങ്കിൽ മാത്രമേ ബ്രിട്ടൻ വ്യാപാര കരാറുമായി മുന്നോട്ടു പോവുകയുള്ളു എന്ന് വ്യക്തമാക്കുകയാണ്. യൂറോപ്പിന് പുറത്ത് അമേരിക്ക, കാനഡ, ഇന്ത്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി കൂടുതൽ ശക്തമായ വ്യാപാരബന്ധങ്ങൾക്കാണ് ഇപ്പോൾ ബ്രിട്ടൻ ശ്രമിക്കുന്നത്. പഴയ കോമൺവെൽത്തും ശക്തിപ്പെടുത്തുവാനുള്ള ശ്രമമുണ്ട്. അതുകൊണ്ടുതന്നെ, ഈ വിലപേശലിൽ ബ്രിട്ടന്റെ നില തുലോം ശക്തമാണുതാനും.