ജിദ്ദ: കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരനെ വരെ പ്രതിസ്ഥാനത്ത് നിർത്തി രാജ്യശത്രുക്കൾ പ്രചണ്ഡമായ പ്രചാരണം അഴിച്ചു വിടുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്ത സൗദി പൗരനും പത്രപ്രവർത്തകനുമായ ജമാൽ ഖാഷുഗ്ജി വധക്കേസിൽ റിയാദിലെ ക്രിമിനൽ കോടതി പ്രാഥമിക അന്തിമ വിധി പുറപ്പെടുവിച്ചു. പ്രതികളായ എട്ട് പേർക്കെതിരെ തിങ്കളാഴ്ച പുറപ്പെടുവിച്ച വിധി ഇക്കാര്യത്തിലുള്ള അന്തിമവും നടപ്പാക്കൽ അനിവാര്യവുമായ സ്വഭാവത്തോട് കൂടിയുള്ള വിധിയാണെന്നും പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗിക വാക്താവ് വിശദീകരിച്ചു. സൗദി ക്രിമിനൽ നടപടി ക്രമത്തിലെ ആർട്ടിക്കിൾ (210) അനുസരിച്ചാണ് വിധി.

അന്തിമവിധി അനുസരിച്ച്, അഞ്ചു പ്രതികളിൽ ഓരോരുത്തർക്കും ഇരുപതു വർഷക്കാലത്തെ ജയിൽ ശിക്ഷയാണ് ലഭിച്ചത്. മറ്റു മൂന്ന് പ്രതികളിൽ ഒരാൾക്ക് പത്ത് വർഷവും രണ്ടു പേർക്ക് ഏഴ് വർഷം വീതവും തടവ് ശിക്ഷയും ലഭിച്ചു. പ്രതികളെല്ലാവരും കൂടി മൊത്തം 124 വർഷത്തെ ജയിൽ വാസമാണ് അനുഭവിച്ചു തീർക്കേണ്ടത്.

പതിനൊന്ന് പേർ വിചാരണ നേരിട്ട സംഭവത്തിൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞ അഞ്ചു പേർക്ക് കോടതി പ്രാരംഭ വിധിയിൽ വധശിക്ഷ നൽകിയിരുന്നു. കുറ്റകൃത്യം അറിഞ്ഞിട്ടും അത് മറച്ചു വെച്ചതിന് മറ്റു നാല് പേർക്ക് തടവ് ശിക്ഷയും കോടതി വിധിച്ചു.

തെളിവുകളുടെ അഭാവത്തിൽ മൂന്ന് പേരെ കുറ്റമുക്തരാക്കുകയും ചെയ്തിരുന്നു. മുൻ കൊട്ടാരം ഉപദേഷ്ട്ടാവ് സഊദ് അൽഖഹ്താനി, മുൻ അറബ് സഖ്യസേനാ വാക്താവ് അഹമ്മദ് അൽഅസീരി, സൗദി കോൺസൽ മുഹമ്മദ് അൽ ഉതൈബി എന്നിവരെ കോടതി കുറ്റമുക്തരാക്കിയിരുന്നു. ഇവരും വിചാരണ നേരിട്ടിരുന്നെങ്കിലും ഇവർ കൊലപാതകത്തിലെ പങ്കാളിത്തം തെളിയുകയുണ്ടായില്ല.

വിധിയ്‌ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകാം. അതിനും ശേഷമേ അന്തിമവിധി ഉണ്ടാകൂ. പബ്ലിക് പ്രോസിക്യൂട്ടർ പ്രാരംഭ വിധിയുടെ അവസരത്തിൽ തന്നെ പറഞ്ഞിരുന്നു. പിന്നീട്, കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികളായ മക്കൾ പ്രതികളുടെ വധശിക്ഷ സ്വന്തം ഇഷ്ടപ്രകാരം മാപ്പ് ചെയ്തുകൊടുക്കുകയുണ്ടായി. എങ്കിലും, തിങ്കളാഴ്ച ഉണ്ടായ അന്തിമ വിധിയിൽ പ്രതികളായ എല്ലാവര്ക്കും ജയിൽ ശിക്ഷ ഉറപ്പ് വരുത്തുകയായിരുന്നു. പ്രതികൾക്ക് മാപ്പ് കൊടുക്കാനുള്ള ഇരയുടെ ആശ്രിതർക്കുള്ള കാലാവധി അവസാനിച്ചതോടെയാണ് അന്തിമവിധിയിലേയ്ക്ക് കോടതി നടപടികൾ നീങ്ങിയത്.

ക്രിമിനൽ നടപടി ചട്ടങ്ങളിലെ ആർട്ടിക്കിൾ 22 , 23 അനുസരിച്ച് അന്തിമവിധിയോടെ ഈ കേസിലെ പബ്ലിക്, സ്വകാര്യ വാദവിഗതികൾ പൂർണമായി അവസാനിച്ചതായും കോടതി സൂചിപ്പിച്ചു.

706 സിറ്റിങ്ങുകളിലായാണ് കോടതി നടപടികൾ നീണ്ടത്. ഒമ്പതു സിറ്റിങ്ങുകളിലായാണ് കേസിന്റെ പ്രാരംഭ വിധിക്കായുള്ള വിചാരണ പൂർത്തിയായത്. എല്ലാ സിറ്റിങ്ങുകളിലും ഖാഷുഗ്ജിയുടെ മക്കൾ, അവരുടെ അഭിഭാഷകൻ, ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗങ്ങളായ ഒമ്പതു രാഷ്ട്രങ്ങളുടെ പ്രതിനിധികൾക്ക് പുറമെ തുർക്കി, സൗദി മനുഷ്യാവകാശ കമ്മീഷൻ, പ്രാദേശിക മാധ്യമങ്ങൾ എന്നിവയുടെയും പ്രതിനിധികളും സന്നിഹിതരായിരുന്നു.

2018 ഒക്ടോബറിലായിരുന്ന കേസിനാസ്പദമായ സംഭവം. സൗദി പൗരനും പത്രപ്രവർത്തകനുമായ ജമാൽ അഹ്മദ് ഖാഷുഗ്ജി തുർക്കിയിലെ ഇസ്താംബൂളിലെ സൗദി കോൺസുലറ്റിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുമെന്ന് ഭരണാധികാരി സൽമാൻ രാജാവ് അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു.

ജമാൽ ഖാഷുഖ്ജി സംഭവത്തെ സംബന്ധിച്ച് ആദ്യത്തിൽ സൗദി അധികൃതർക്ക് വിവരം ലഭിച്ചിരുന്നില്ലെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാതിരുന്ന കൊലപാതകത്തിൽ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് സൽമാൻ രാജകുമാരൻ ഉൾപ്പെടെ ഭരണ നേതൃത്വത്തിലുള്ള ആർക്കും അത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു. അതേസമയം, സംഭവത്തിൽ നിന്ന് രാഷ്ട്രീയ വിരോധികളായ വിദേശ ശക്തികൾ മുൻവിധിയോടെ സൗദി ഭരണകൂടത്തിനെതിരെ ഉറഞ്ഞുതുള്ളുകയാണുണ്ടായത്.