അബുദാബി: യുഎഇയിൽ ഒരു കോവിഡ് രോഗിയിൽ നിന്നും അസുഖം പടർന്നത് 45 പേർക്ക്. കോവിഡ് രോഗിയുമായി അടുത്ത് ഇടപെഴകിയ മൂന്ന് കുടുംബങ്ങളിലെ 45 പേർക്കാണ് അസുഖം പടർന്നത്. ഒരാൾ മരിക്കുകയും ചെയ്തു. കോവിഡ് പോസിറ്റിവായ വ്യക്തി ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പുകൾ അവഗണിക്കുകയും ആവശ്യത്തിന് സുരക്ഷാ മുൻ കരുതലുകൾ എടുക്കാതെ കൂടിച്ചേരലുകൾ നടത്തുകയും ചെയ്തതോടെയാണ് അസുഖം മൂന്ന് കുടുംബങ്ങളിലേക്ക് പടർന്നത്.

പനി , തൊണ്ടവേദന തുടങ്ങി കോവിഡിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഈ വ്യക്തിയോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു തയാറാകാതെ ഇദ്ദേഹം ആളുകളുമായി അടുത്ത് ഇടപഴകി. ഇതിന്റെ ഫലമായി ഇയാളുടെ ഭാര്യയ്ക്കും മറ്റു 44 പേർക്കും കോവിഡ് ബാധിച്ചു. ഇവരുടെ കുടുംബത്തിലെ പ്രായംകൂടിയ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തുവെന്ന് യുഎഇ അധികൃതർ അറിയിച്ചു.

90 വയസ്സുള്ള ഇവരുടെ ബന്ധുവാണ് കോവിഡ് ബാധിച്ചത് മരിച്ചത്. ഇവർ ലുക്കീമിയ, ഉയർന്ന രക്തസമ്മദർദം, ഹൃദയസംബന്ധമായ അസുഖം എന്നിവയുള്ള ആളായിരുന്നു. അതിനാൽ തന്നെ പ്രതിരോധ ശക്തി വളരെ കുറവും. കോവിഡ് ബാധിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കളുമായുള്ള കൂടിച്ചേരലുകൾ നടത്തിയതാണ് ഇത്രയും പേർക്ക് കോവിഡ് വരാൻ കാരണമെന്ന് യുഎഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമീദി പറഞ്ഞു.

Lack of practicing precautionary and safety protocols by an individual have led to the infection of his wife, widening the spread to 3 families, resulting in 45 positive cases and an unfortunate death.#CommitToWin

- NCEMA UAE (@NCEMAUAE) September 8, 2020

'ഇത്രയും വലിയ രീതിയിൽ രോഗം പടരാൻ കാരണമായത് കുടുംബത്തിലെ കൂടിച്ചേരലുകളാണ്. തങ്ങൾക്ക് പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും അവരവരുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള കൂടിച്ചേരലുകൾ ജനങ്ങൾ നിർബന്ധമായും ഒഴിവാക്കണം. കുടുംബാംഗങ്ങളുടെ ജീവൻ വച്ച് ഒരിക്കലും റിസ്‌ക്ക് എടുക്കരുത്' ഡോക്ടർ ഒമർ പറഞ്ഞു.