- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പി കടിച്ചു മാറ്റി; യജമാനന്റെ ജീവൻ കാക്കാൻ സ്വന്തം ജീവൻ ബലി നൽകി അപ്പൂസ് യാത്രയായി
കോട്ടയം: യജമാനന്റെ ജീവൻ കാക്കാൻ സ്വന്തം ജീവിതം ബലി നൽകി അപ്പൂസ് എന്ന വളർത്തു നായ ഈ ലോകത്തു നിന്നും യാത്രയായി. പാലുവാങ്ങാൻ ഇറങ്ങിയ അജേഷ് എന്ന യജമാനന്റെ ജീവൻ കാക്കാൻ പൊട്ടിവീണ ലൈൻ കമ്പി കടിച്ചെടുത്ത് മാറ്റിയാണ് അപ്പൂസ് മരണത്തെ വരിച്ചത്. അജേഷിനൊപ്പം പാലുവാങ്ങാൻ ഇറങ്ങിയതായിരുന്നു അപ്പൂസ്. പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് തെറിച്ചുവീണെങ്കിലും യജമാനനെ രക്ഷിക്കാനുള്ള രണ്ടാം പരിശ്രമത്തിൽ അപ്പൂസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകൻ അജേഷിനാണ്(32) വളർത്തുനായയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെഅജേഷ് സമീപത്തെ വീട്ടിലേക്ക് പാൽ വാങ്ങാനായി ഇറങ്ങി. ഇതു കണ്ട് വീട്ടുമുറ്റത്ത് കിടന്ന അപ്പൂസ് അജേഷിനൊപ്പം ഇറങ്ങി. അജേഷിന് മുന്നേ ഓടിപ്പോയ അപ്പൂസ് ഇടവഴിയിലൂടെ നടന്നിറങ്ങുമ്പോൾ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽ തട്ടി. കമ്പിയിൽ നിന്നും ഷോക്കേറ്റ് അപ്പൂസ് പത്തടിയോളം ദൂരെ തെറിച്ചുവീണു. അപകടം മനസ്സിലാക്കിയ അപ്പൂസ് അജേഷ് ഓടിയെത്തിയപ്പോൾ മുമ്പോട്ടുവിടാതെ കുരച്ചുകൊണ്ട് തടഞ്ഞു. പിന്നെ ചാടിയെത്തി കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്പിയുമായി വീണ അപ്പൂസ് ഷോക്കേറ്റ്, മരണത്തിന് കീഴടങ്ങി.
ഉടൻതന്നെ അജേഷ് അയൽവാസികളെയും കെ.എസ്.ഇ.ബി. ഓഫീസിലും വിവരമറിയിച്ചു. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമാണ് നായയുടെ ജഡം മാറ്റിയത്. ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പുനർജന്മം നൽകിയ വളർത്തുനായ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന വിഷമത്തിലാണ് അജേഷും കുടുംബവും. കൂട്ടിക്കെട്ടിയ ഭാഗം കാലപ്പഴക്കത്താൽ വേർപെട്ടുപോയതാണ് വൈദ്യുതിക്കമ്പി പൊട്ടിവീഴാൻ കാരണം.