ന്യൂഡൽഹി: അയോധ്യയിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന് ശ്രീരാമന്റെ പേരിടാൻ യോഗി ആദിത്യനാഥ് സർക്കാർ. വിമാനത്താവളത്തിന് രാജ്യാന്തര പദവി ഉണ്ടാകും. 2021 ഡിസംബറിൽ വിമാനത്താവള ജോലികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ ഭക്തജന പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വക്താവ് പറഞ്ഞു. എയർപോർട്ട് നിർമ്മാണത്തിന് സർക്കാർ 525 കോടി രൂപ ആദ്യഘട്ടമായി അനുവദിച്ചു. ഇതിൽ 300 കോടി രൂപ ഇതുവരെ ചെലവിട്ടു. വലിയ വിമാനങ്ങൾ ഇറങ്ങാനാവുന്ന വിധം റൺവേ വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.