വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യത്തിനു വെളിയിൽ താമസിക്കുന്ന ഇന്ത്യൻ അമേരിക്കൻ പൗരന്മാർ സെപ്റ്റംബർ 18ന് മുന്പ് ബാലറ്റ് പേപ്പറിന് അപേക്ഷ സമർപ്പിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

അമേരിക്കൻ പൗരത്വമുള്ള നിരവധി ഇന്ത്യാക്കാരാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ താമസിക്കുന്നത്. 2017 ജൂൺ 26ന് വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ 7,00,000 ത്തിലധികം അമേരിക്കൻ പൗരന്മാർ താമസിക്കുന്നതായാണ് കണക്ക്.

വിദേശത്ത് എത്രവർഷം കഴിഞ്ഞു എന്നത് ഫെഡറൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് തടസമല്ലെന്നും അമേരിക്കൻ പൗരത്വം ലഭിച്ചതിനുശേഷം, അമേരിക്ക വിട്ടതിനുശേഷം ഒരിക്കൽ പോലും തിരിച്ചു വരാത്തവർക്കും വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശമുണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അറിയിപ്പിൽ പറയുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ വോട്ടർ അപേക്ഷ സമർപ്പിക്കേണ്ടത് വ്യത്യസ്തമായാണെങ്കിലും പൊതു തെരഞ്ഞെടുപ്പിനു 45 ദിവസം മുൻപ് അപേക്ഷ സമർപ്പിച്ചിരിക്കണമെന്നാണ് നിയമം. പൂരിപ്പിച്ച അപേക്ഷകൾ ഫാക്‌സ്, ഇമെയിൽ വഴി അതാതു സംസ്ഥാനങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ചു സമർപ്പിക്കേണ്ടതാണ്.

അർഹതപ്പെട്ട വോട്ടർമാർ www.bit.ly/3hc fisi ഈ വെബ്സൈറ്റിൽ അപേക്ഷിച്ചാൽ അവരുടെ വിലാസത്തിലേക്ക് ബാലറ്റ് പേപ്പർ അയച്ചുകൊടുക്കും. ഈ തെരഞ്ഞെടുപ്പു വളരെ നിർണായകമായതിനാൽ വിദേശത്തു കഴിയുന്ന അമേരിക്കൻ പൗരന്മാർ തങ്ങളുടെ വോട്ടവകാശം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.