കോവിഡ് പ്രതിസന്ധി ബ്രിട്ടീഷ് മന്ത്രി സഭയേയും ബാധിക്കുന്നു. റൂൾ ഓഫ് സിക്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, ആറുപേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന നിയന്ത്രണം വീണ്ടും കൊണ്ടുവരുന്നതിനെ ചൊല്ലി മന്ത്രിസഭയിൽ കടുത്ത ഭിന്നിപ്പ്. വരുന്ന തിങ്കളാഴ്‌ച്ച മുതലാണ് ഈ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരിക. ഇന്നലെ രാത്രി നടന്ന മന്ത്രിസഭാ യോഗത്തിൽ ഈ നിയന്ത്രണത്തെ ചൊല്ലി കടുത്ത തർക്കങ്ങളാണ് ഉണ്ടായത്. ചാൻസലർ ഋഷി സുനാക് ഉൾപ്പടെ പല മുതിർന്ന മന്ത്രിമാരും ഇതിനെതിരെ രംഗത്തുവന്നതായാണ് സൂചനകൾ.

ആരോഗ്യ വകുപ്പ് മന്ത്രി മാറ്റ് ഹാൻകോക്ക് ഒഴികെയുള്ള,എല്ലാ അംഗങ്ങളും പ്രധാനമന്ത്രിയുടെ കൊറോണ വൈറസ് സ്ട്രറ്റജി കമ്മിറ്റിയിൽ ഇതിനെ എതിർത്തു എന്നാണ് ലഭിക്കുന്ന വിവരം. ഈ പുതിയ നിർദ്ദേശത്തിനു പുറകിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി, ചീഫ് സയന്റിഫിക് അഡൈ്വസർ സർ പാട്രിക്വാലൻസ് തുടങ്ങിയവരും ശക്തമായി ആരോഗ്യ വകുപ്പ് മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഹാൻകോക്ക് ഒഴിച്ചുള്ള എല്ലവരും ഈ പരിധി ആറിൽ നിന്നും എട്ടോ അതിലധികമോ ആക്കി മാറ്റണമെന്ന അഭിപ്രായക്കാരായിരുന്നു.

റോൾ ഓഫ് സിക്സിന്റെ തിരിച്ചുവരവ് പൊതുവെ ജനങ്ങളിൽ ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്, പ്രത്യേകിച്ചും വാണിജ്യ വ്യാപാര മേഖലയിലുള്ളവരെ. മാത്രമല്ല, കുടുംബ സഹിതം പരമ്പരാഗത രീതിയിൽ കൃസ്ത്മസ്സ് ആഘോഷിക്കാൻ ആവില്ലെന്ന ഒരു സംശയവും ബാക്കി നിൽക്കുന്നു. ആളുകളുടെ ഏണ്ണമെടുക്കുമ്പോൾ അതിൽ കുട്ടികളേയും കൂട്ടുമെന്നതിനാൽ കുടുംബങ്ങൾ ഒത്തുചേരുന്നതിൽ ഇത് വിഘാതം സൃഷ്ടിക്കുന്നുണ്ട്.

ബോറിസ് ജോൺസന്റെ റൂൾ ഓഫ് സിക്സ് പകർത്തിയ സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പക്ഷെ ആളുകളുടെ എണ്ണമെടുക്കുമ്പോൾ അതിൽ നിന്നും 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. ഇത് ഇംഗ്ലണ്ടിലെ പല മാതാപിതാക്കളേയും പുതിയ നിയന്ത്രണങ്ങൾ അവഗണിക്കും എന്ന് പറയാൻ പ്രേരിപ്പിച്ചിട്ടുമുണ്ട്. കുടുംബ സംഗമങ്ങളിലും ക്രിസ്ത്മസ് ആഘോഷങ്ങളിലും പങ്കെടുക്കുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊറോണ നിയന്ത്രണങ്ങൾ ബാധകമാകില്ലെന്നാണ് സ്‌കോട്ട്ലൻഡ് പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാൽ, കമ്മിറ്റി യോഗത്തിൽ റൂൾ ഓഫ് സിക്സിനെ എതിർത്തു എന്ന വാർത്ത മന്ത്രി ശർമ്മയുമായി അടുത്ത വൃത്തങ്ങൾ നിഷേധിച്ചു. അദ്ദേഹം ആ നിർദ്ദേശത്തോട് യോജിക്കുകയായിരുന്നു എന്നാണ് അവർ വ്യക്തമാക്കിയത്. അതുപോലെ ചാൻസലർ ഋഷി സുനാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോട് യോജിക്കുകയായിരുന്നു എന്ന് ട്രഷറി വൃത്തങ്ങൾ വെളിപ്പെടുത്തി, ഇവർ രണ്ടുപേരുമായിരുന്നു ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് സമ്പദ്ഘടനയുടെ വളർച്ചക്കാവശ്യമായ നടപടികൾഎത്രയും പെട്ടെന്ന് സ്വീകരിക്കാനായി ആവശ്യമുന്നയിച്ചു കൊണ്ടിരുന്നവർ.

അതേസമയം, കൃത്യമായ നിയന്ത്രണങ്ങളില്ലാതെ മുന്നോട്ട് പോയാൽ രോഗവ്യാപനം ഇനിയും ശക്തമായേക്കുമെന്ന ഭയം മന്ത്രിമാർക്കുണ്ട്. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും അവർക്കറിയാം. കൃത്യസമയത്ത് കൃത്യമായ തീരുമാനം എടുക്കാതിരുന്നതിന്റെ പേരിൽ ഇന്ന് ഫ്രാൻസ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അവരെ നിയന്ത്രണങ്ങളെ പൂർണ്ണമായും എതിർക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. എന്നാൽ, പുതിയ നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിക്കുന്ന ബിസിനസ്സ് മേഖലയുടെ ആവശ്യം കേൾക്കാതിരിക്കാനും അവർക്കാകുന്നില്ല.