ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ചുയുവാക്കളെ ചൈന ഇന്ത്യക്ക് കൈമാറും. സെപ്റ്റംബർ 12ന് അഞ്ചു പേരെയും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഇന്ത്യക്ക് കൈമാറുമെന്ന് ചൈന അറിയിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജ്ജു വ്യക്തമാക്കി. നിർദേശിക്കപ്പെട്ട സ്ഥലത്തുവച്ചാവും യുവാക്കളെ കൈമാറ്റം എന്നും കിരൺ റിജിജു ട്വീറ്റിൽ അറിയിച്ചു.

സെപ്റ്റംബർ രണ്ടുമുതലാണ് ടാഗിൻ ഗോത്രത്തിൽ പെട്ട അഞ്ചുയുവാക്കളെ അരുണാചലിൽ നിന്ന് കാണാതായത്. ഇവരെ കാണാതായതിനെ തുടർന്ന് ചൈനീസ് പട്ടാളം ഇവരെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് യുവാക്കളിൽ ഒരാളുടെ സഹോദരൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് ഇട്ടിരുന്നു.

The Chinese PLA has confirmed to Indian Army to hand over the youths from Arunachal Pradesh to our side. The handing over is likely to take place anytime tomorrow i.e. 12th September 2020 at a designated location. https://t.co/UaM9IIZl56

- Kiren Rijiju (@KirenRijiju) September 11, 2020
ഇതേ തുടർന്ന് യുവാക്കളെ കാണാതായ വിവരം സംബന്ധിച്ച് ഇന്ത്യൻ സൈനികർ ചൈനീസ് സൈന്യത്തിന് സന്ദേശമയച്ചു. ഇവരെ പിന്നീട് കണ്ടെത്തിയതായി ചൈനയും അറിയിച്ചു.

വേട്ടയ്ക്കായി ഇറങ്ങിയ ഏഴംഗസംഘത്തിൽ അഞ്ചുപേർ അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടെ യുവാക്കളെ കാണാതായതും തുടർന്ന് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന് വന്ന ആരോപണവും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.