- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാനുമായി 15 ബില്ല്യൺ പൗണ്ടിന്റെ കരാർ ഒപ്പിട്ടതിനു പിന്നാലെ നാല് രാജ്യങ്ങളുമായി വ്യാപാർ ബന്ധം ഉറപ്പിച്ച് ബ്രിട്ടൻ; അമേരിക്കയും, കാനഡയും, ആസ്ട്രേലിയയും ന്യുസിലൻഡും വ്യാപാര പങ്കാളികളാകുമ്പോൾഉറപ്പാക്കുന്നത് 100 ബില്യണിന്റെ ഇടപാട്; ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ കൂടുതൽ കരുത്തു പ്രാപിക്കുന്നത് ഇങ്ങനെ
ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ ഭാവിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് 100 ബില്യൺ പൗണ്ടിന്റെ വ്യാപാര ബന്ധങ്ങളാണ് ബ്രിട്ടൻ ഉറപ്പിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ വിട്ടതിനു തൊട്ടുപിന്നാലെ ആദ്യ വ്യാപാരക്കരാർ ജപ്പാനുമായി ഉറപ്പിച്ച ബ്രിട്ടൻ ഇനി ഇടപാടുകൾ ഉറപ്പിക്കുന്നത് അമേരിക്ക, കാനഡ, ആസ്ട്രേലിയ, ന്യുസിലാൻഡ് എന്നീ രാജ്യങ്ങളുമായാണ്. ഇത് ബ്രിട്ടന്റെ വ്യാപാര മേഖലയെ പുഷ്ടിപ്പിടുത്തും എന്നുമാത്രമല്ല ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ജപ്പാനുമായുള്ള 15 ബില്ല്യൺ പൗണ്ട് ഇടപാടിന്റെ മുഖ്യ ശില്പിയായ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിസ് ട്രസ്സ് പറഞ്ഞത് ഇത് ഒരു ആരംഭം മാത്രമാണെന്നാണ്. ഇത് ഒരു ചരിത്ര മുഹൂർത്തമാണെന്നു പറഞ്ഞ അവർ ബ്രിട്ടനും ലോകത്തിനു തന്നെയും മുന്നിൽ ബ്രിട്ടൻ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ ഒരു തിരിച്ചു വരവ് നടത്തുകയാണെന്നുള്ളതിന്റെ സൂചന നൽകുന്നതാണെന്നും പറഞ്ഞു. യൂറോപ്യൻ യൂണിയൻ വിട്ട നിമിഷം മുതൽ തന്നെ നമ്മുടെ അഭ്യന്തര വ്യാപാരത്തിനുമപ്പുറം നാം ചിന്തിക്കാൻ തുടങ്ങിയിരുന്നു. സമാനമനസ്‌കരായ സുഹൃത് രാജ്യങ്ങളുമായും സഖ്യ രാഷ്ട്രങ്ങളുമായും നിതാന്ത സമ്പർക്കത്തിൽ ആയിരുന്നു എന്നും അവർ പറഞ്ഞു.
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അതിനൊപ്പംതന്നെ അമേരിക്ക, കാനഡ, ആസ്ട്രേലിയ, ന്യുസിലാൻഡ് എന്നീ രാഷ്ട്രങ്ങളുമായും ചർച്ചകൾ നടക്കുന്നുണ്ട്. ഇതുവരെയുള്ള ചർച്ചകളുടെ ഫലം ആശാവഹമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വരുന്ന മാസങ്ങളിൽ ഈ രാജ്യങ്ങളുമായും വ്യാപാര കരാറുകൾ ഉണ്ടാക്കുമെന്നും അറിയുന്നു.
അതേസമയം ജപ്പാനുമായി ഉണ്ടാക്കിയ പുതിയ കരാർ അനുസരിച്ച് 99% കയറ്റുമതിയും തീരുവ ഇല്ലാതെയായിരിക്കും. ഇത് നിലവിലുള്ള ബ്രിട്ടീഷ് വ്യവസായ മേഖലക്ക് ഉണർവ്വ് പകരാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കും എന്നതിൽ ഒരു സംശയവുമില്ല. ഇത് ഒരു ആഗോള ബ്രിട്ടന്റെ തുടക്കമാണെന്നും ട്രസ്സ് പറഞ്ഞു. മാത്രമല്ല, ജപ്പാനുമായി ഉണ്ടാക്കിയ കരാർ വഴി ബ്രിട്ടൻ അവരുടെ വ്യാപാര അടിത്തറ വിപുലപ്പെടുത്തിയിരിക്കുകയാണ്. ഇതുവഴി കോമ്പ്രെഹെൻസീവ് ആൻഡ് പ്രോഗ്രസ്സീവ് എഗ്രിമെന്റ് ഫോർ ട്രാൻസ്-പസിഫിക് പാർട്നർഷിപ് എന്ന 11 രാഷ്ട്രങ്ങൾ അടങ്ങിയ വ്യാപാര ശൃംഖലയിലേക്ക് ബ്രിട്ടനും കടന്നുവന്നിരിക്കുകയാണ്.
നിറ്റ് വെയർ, കോട്ട്, ബിസ്‌കറ്റുകൾ എന്നിവയ്ക്ക് പുറമേ ബ്രിട്ടനിൽ നിന്നുള്ള മാൾട്ട് ഉദ്പന്നങ്ങൾക്കും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സമാനമായ ഉദ്പന്നങ്ങൾക്ക് നൽകുന്നതിലും ഉദാരമായ സമീപനമാണ് ഈ കരാറിൽ ജപ്പാൻ നൽകിയിട്ടുള്ളത്. മാത്രമല്ല, ജപ്പാനിലേയും ബ്രിട്ടനിലേയും വിവിധ കമ്പനികളിലെ ജീവനക്കാർക്കും ആശ്രിതർക്കും ഇരു രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനുള്ള നിബന്ധനകളും ലളിതമാക്കിയിട്ടുണ്ട്.
ബ്രിട്ടനിലെ നിരവധി വ്യത്യസ്ത മേഖലകളിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന്റെ നിക്ഷേപം കൊണ്ടുവരാനും ഈ കരാർ സഹായിക്കും. ജാപ്പനീസ് ഭീമനായ നിസ്സാൻ ഉൾപ്പടെ നിരവധി കമ്പനികൾക്ക് ഇപ്പോൾ തന്നെ ബ്രിട്ടനിൽ ശക്തമായ സാന്നിദ്ധ്യമുണ്ട്. ഏകദേശം 1,80,000 പേർക്കാണ് ഈ കമ്പനികൾ എല്ലാം കൂടി തൊഴിൽ നൽകുന്നതും. നിസ്സാന് സൻഡെർലൻഡിൽ ഒരു കാർ നിർമ്മാണ യൂണിറ്റുമുണ്ട്.
ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാര കരാറുകളിൽ ഏറ്റവും വലിയത് അമേരിക്കയുമായുള്ള 221 ബില്ല്യൺ പൗണ്ടിന്റെ കരാറായിരിക്കും. തീരുവ റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ ഇപ്പോൾ തന്നെ അമേരിക്കയുമായി വ്യാപര ഇടപാടുകളുള്ള 30,000 ത്തോളം ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഏറെ അനുഗ്രഹമാകുന്ന കാര്യമാണ്.