- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്ത മൂന്ന് വിദ്യാർത്ഥികൾ ജീവനൊടുക്കി; മൂവരും വീടിനുള്ളിൽ തൂങ്ങി മരിച്ചത് പരാജയ ഭീതിയെ തുടർന്ന്
ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്ത മൂന്ന് വിദ്യാർത്ഥികൾ പരാജയഭീതിയെത്തുടർന്ന് ജീവനൊടുക്കി. മധുരയിൽ താമസിക്കുന്ന തമിഴ്‌നാട് പൊലീസിലെ സായുധസേന എസ്‌ഐ. മുരുകസുന്ദരത്തിന്റെ മകൾ ജ്യോതിശ്രീ ദുർഗ (19), ധർമപുരി ഇലക്കിയപ്പട്ടിയിലുള്ള മണിവണ്ണന്റെ മകൻ ആദിത്യ (20), നാമക്കൽ തിരുച്ചങ്കോട് സ്വദേശി മുരുകേശന്റെ മകൻ മോത്തിലാൽ (20) എന്നിവരാണ് മരിച്ചത്. മൂവരെയും വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.
മെഡിക്കൽ പ്രവേശനം ലഭിക്കാതെ വീട്ടുകാരെ നിരാശപ്പെടുത്തേണ്ടിവരുമെന്ന ഭയമാണ് മരിക്കാൻ പ്രേരിപ്പിച്ചതെന്ന് ജ്യോതിശ്രീയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ജ്യോതിശ്രീയുടെ മരണവാർത്ത പ്രചരിച്ചതിനുശേഷമാണ് ആദിത്യയും മോത്തിലാലും ജീവനൊടുക്കിയത്. കഴിഞ്ഞവർഷവും നീറ്റ് എഴുതിയിരുന്നുവെങ്കിലും റാങ്ക് കുറവായതിനാൽ പ്രവേശനം ലഭിച്ചിരുന്നില്ല. ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന ജ്യോതിശ്രീ കടുത്ത സമ്മർദ്ദത്തിലായിരുന്നു.
കഴിഞ്ഞദിവസം രാത്രി വീട്ടുകാർക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചിരുന്നു. അതിനുശേഷം ഉറങ്ങാനായി മുറിയിലേക്ക് പോയി. ശനിയാഴ്ച രാവിലെ മുറിക്ക് പുറത്തേക്ക് വരാത്തതിനെത്തുടർന്ന് വീട്ടുകാർ ഫോണിൽ വിളിച്ചുവെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് വാതിൽപൊളിച്ച് അകത്തുകടന്നപ്പോൾ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പരീക്ഷയിൽ പരാജയപ്പെടുമെന്ന് ഭയക്കുന്നുവെന്നുപറയുന്ന വീഡിയോ മൊബൈലിൽ പകർത്തിയതിനുശേഷമാണ് ജ്യോതിശ്രീ ജീവനൊടുക്കിയത്. പ്ലസ് ടു പരീക്ഷയ്ക്ക് മികച്ച മാർക്കുവാങ്ങിയ ജ്യോതിശ്രീയുടെയും കുടുംബത്തിന്റെയും സ്വപ്നമായിരുന്നു മെഡിക്കൽ പഠനം. ആദ്യശ്രമം പരാജയപ്പെട്ടപ്പോൾ ഒരുവർഷത്തോളം പരിശീലനക്ലാസിൽ പങ്കെടുത്ത് വീണ്ടും പരീക്ഷ എഴുതാൻ തീരുമാനിക്കുകയായിരുന്നു.
ജ്യോതിശ്രീയുടെ മരണവാർത്ത പ്രചരിച്ചതിനുപിന്നാലെ മുറിയിലിരുന്നു പഠിച്ചുകൊണ്ടിരുന്ന ആദിത്യയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മോത്തിലാലിനെയും വീട്ടിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. നീറ്റ് പരീക്ഷാ സമ്മർദത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ ഇത്തവണ ഇതുവരെ നാലുവിദ്യാർത്ഥികളാണ് മരിച്ചത്.