- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയിരത്തോളം ഒഴിവുകൾ; ഉയർന്ന ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും; ഒരു യോഗ്യത ഇല്ലാത്തവർ ബന്ധപ്പെട്ടാലും ജോലി; യുഎഇയിലെ പ്രമുഖ കമ്പനിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ വൻ ജോലി തട്ടിപ്പ്: പണം നഷ്ടമായവരിൽ അനേകം മലയാളികളും
ദുബായ്: യുഎഇയിലെ പ്രമുഖ കമ്പനിയുടെ പേരിൽ വൻ ജോലി തട്ടിപ്പ്. സമൂഹമാധ്യമത്തിലൂടെ നടന്ന തട്ടിപ്പിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് പണം നഷ്ടമായി. ദുബായ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയുടെ ജോബ് റിക്രൂട്ടിങ് വിഭാഗത്തിന്റെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഈ കമ്പനിയുടെ പേരിൽ വ്യാജ ഫെയ്‌സ് ബുക്ക് പേജുണ്ടാക്കി അപേക്ഷ ക്ഷണിച്ചാണ് പണം തട്ടിപ്പ് നടക്കുന്നത്. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ കെട്ടിട നിർമ്മാണ മേഖലയിലേയ്ക്ക് ഓഫീസ് ബോയ് മുതൽ എൻജിനീയർമാരെയും ഡോക്ടർമാരെയും ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് തട്ടിപ്പ്. പരസ്യത്തിൽ മയങ്ങി ജോലി അന്വേഷിച്ച അനേകം മലയാളികൾക്ക് പണം നഷ്ടമായി.
ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ 1000 ജോലി ഒഴിവുകളാണ് വിശദീകരിക്കുന്നത്. ഉയർന്ന ശമ്പളം, സൗജന്യ വീസ, വിമാന ടിക്കറ്റ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. കോവിഡ് കാലത്തെ തൊഴിലില്ലായ്മയും ഗൾഫ് ജോലിയോടുള്ള പ്രതിപത്തിയും മുതലെടുത്ത് ഇന്ത്യക്കാരെയാണ് തട്ടിപ്പിനിരയാക്കിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇവർ ജോലി വാഗ്ദാനം ചെയ്യുന്നു. ഒരു യോഗ്യതയും ഇല്ലാത്തവർ ബന്ധപ്പെട്ടാലും എന്തെങ്കിലും ജോലി എന്നതാണ് ഇവരുടെ സമീപന രീതി. അതുകൊണ്ട് തന്നെ കോവിഡ് കാലത്ത് ജോലി ഇല്ലാതായ അനേകം പേർ പണം നൽകി.
ആയിരത്തോളം തസ്തികകളിലേയ്ക്ക് രണ്ടു വർഷത്തെ കരാറിൽ നിയമനം നടത്തുന്നതെന്നാണ് പരസ്യത്തിൽ വിവരിക്കുന്നത്. ഇതിൽ ടീ ബോയിമാരുടെയും ആശാരിമാരുടെയും ഒഴിവ് മാത്രം 100 എണ്ണം വീതം. 1700 ദിർഹമാണ് ടീ ബോയിയുടെ പ്രതിമാസ ശമ്പള വാഗ്ദാനം. അതേസമയം, ചീഫ് എൻജിനീയർക്ക് 2,100 ദിർഹം മാത്രം. ഇവന്റ്‌സ് എന്ന പേരിലെഴുതിയ സവിശേഷ തസ്തികയിലേയ്ക്കാണ് ഏറ്റവും കൂടുതൽ പേരെ ആവശ്യമുള്ളത് 350. ഇവർക്കാണെങ്കിൽ 5,000 ദിർഹം ശമ്പളവും നൽകുമത്രെ. വീസയും വിമാന ടിക്കറ്റും കൂടാതെ, താമസം, ഭക്ഷണം എന്നിവയും സൗജന്യമാണെന്ന് പറയുന്നു. എട്ടു മണിക്കൂറാണ് ജോലി.
ഫേസ്‌ബുക്കിൽ നൽകിയ പരസ്യത്തിൽ ജോലി നൂറു ശതമാനം ഉറപ്പാണെന്ന് വ്യക്തമാക്കുന്നു. യുഎഇയിലെ ഓഫീസ് മേൽവിലാസമോ, ഫോൺ നമ്പരോ ചോദിക്കുന്നവർക്ക് ബിസിനസ് കാർഡ് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിൽ മാനേജരുടെ വാട്‌സ് ആപ്പ് നമ്പർ മാത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ നമ്പരിൽ ഫോൺ വിളിച്ചാൽ സ്വിച്ഡ് ഓഫായിരിക്കും. എന്നാൽ, വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്താലും വോയിസ് മെസേജ് അയച്ചാലും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കൂടുതൽ പ്രലോഭനം നടത്തും. പക്ഷേ, ഫോൺ നമ്പർ ചോദിച്ചാൽ മൗനം പാലിക്കും. കൂടാതെ, കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ മേൽവിലാസവും നൽകിയിട്ടുണ്ട്. കമ്പനി വെബ് സൈറ്റ് വിലാസം കൃത്യമായി നൽകിയിട്ടുണ്ടെങ്കിലും സൈറ്റ് സന്ദർശിച്ചാൽ ഇത്തരത്തിൽ നിയമനം നടക്കുന്ന കാര്യം ഒരിടത്തും പറയുന്നില്ല.
ഫേസ്‌ബുക്ക് പരസ്യത്തിൽ മയങ്ങി വാട്‌സ്ആപ്പിലൂടെ ജോലയിൽ താത്പര്യം പ്രകടിപ്പിക്കുന്നവരോട് സർവീസ്, ഓൺലൈൻ നടപടികൾക്ക് ആദ്യ ഘട്ടത്തിൽ 30,000 രൂപ ഇവർ ബാങ്ക് അക്കൗണ്ട് നൽകി ഡിപോസിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. 15 ദിവസത്തിനകം ഗൾഫിലേയ്ക്ക് യാത്ര തരപ്പെടുത്തും എന്നാണ് വാഗ്ദാനം. ഇത്തരത്തിൽ പലരും പണം അയച്ചുകൊടുത്തു. പിന്നീട് ഈ നമ്പറിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് പലർക്കും മനസ്സിലായത്. എന്നാൽ അപ്പോഴും ഇതൊന്നും അറിയാതെ പലരും ഇവരുടെ ചതിയിൽ വീണു കൊണ്ടിരുന്നു.
തന്റെ ബന്ധുവിന് വേണ്ടി ഈ നിയമനത്തിന്റെ വിശദാംശങ്ങൾ ചോദിച്ച് നാട്ടിൽ നിന്ന് സുഹൃത്തായ അഭിഭാഷകൻ ദുബായിൽ താമസിക്കുന്ന സാമൂഹിക പ്രവർത്തകൻ സുഗതൻ മംഗലശ്ശേരിലിനെ ബന്ധപ്പെട്ടതിനെ തുടർന്നാണ് ജോലി തട്ടിപ്പ് നടക്കുന്ന കാര്യം പുറംലോകമറിഞ്ഞത്. ഡോക്ടർമാർ, ഗസ്റ്റ് റിലേഷൻ, ഹെൽപർമാർ, ഡ്രൈവർമാർ, സെക്രട്ടറി, സ്റ്റേഷൻ ഓപറേഷൻസ്, എൻജിനീയർമാർ, ട്രാക്ക് ടെക്‌നീഷ്യൻ, സെക്യുരിറ്റി, സ്റ്റോക്ക് ടെക്‌നിഷ്യൻ, സൈറ്റ് സൂപ്പർവൈസർ, ക്ലീനർ, ഫ്രണ്ട് ഓഫീസർ തുടങ്ങിയ ലോകത്തെ ഭൂരിഭാഗം ജോലികൾക്കും ഇവർക്ക് ആളുകളെ ആവശ്യമുണ്ട്. പുതുമുഖങ്ങൾക്കും പരിചയമ്പന്നർക്കും ഒരേ പരിഗണനയാണ് നൽകുന്നതെന്നും വ്യക്തമാക്കുന്നു.