- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ഭേദമായ ധനമന്ത്രി തോമസ് ഐസക്ക് ആശുപത്രി വിട്ടു; ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈൻ: കോവിഡ് അനുഭവങ്ങൾ പങ്കുവെച്ചുള്ള തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ധനമന്ത്രി തോമസ് ഐസക്ക് രോഗം ഭേദമായി ആശുപത്രി വിടുന്നു. ഫോൺ വിളി കർശനമായി നിയന്ത്രിച്ചിരിക്കുകയാണെന്നും അത്യാവശ്യമെങ്കിൽ മെസേജ് അയക്കാമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ആന്റിജൻ പരിശോധനയിലായിരുന്നു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായി കേരളത്തിൽ ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് ഐസക്കിനാണ്.
മന്ത്രിയുടെ കുറിപ്പിന്റെ പൂർണ രൂപം
ഇന്നു കോവിഡ് ആശുപത്രി വിടുന്നു. ഇനി 7 ദിവസം വീട്ടിൽ ക്വാറന്റീൻ. ഇന്നുകാലത്ത് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ്. 6-ാം തീയതിയാണ് ടെസ്റ്റ് ചെയ്തു പോസിറ്റീവായി കണ്ടെത്തിയത്. 10 ദിവസംകൊണ്ട് ഭേദമായി.
ആദ്യത്തെ പാഠം നമ്മൾ എല്ലാവരും പാലിക്കേണ്ട അതീവജാഗ്രതയെക്കുറിച്ചാണ്. വെഞ്ഞാറമൂട് രക്തസാക്ഷികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ പോയത്. അവിടുത്തെ വൈകാരികത ആൾക്കൂട്ടത്തിനിടയിൽ ശാരീരിക അകലവും മറ്റും പാലിക്കുക ബുദ്ധിമുട്ടായിരുന്നു. എല്ലാവർക്കും മുഖം മൂടിയുണ്ടായിരുന്നു. സാനിറ്റൈസറും സുലഭം. പക്ഷെ, ഏത് ആൾക്കൂട്ടവും വ്യാപന സാധ്യത പലമടങ്ങ് ഉയർത്തും എന്നത് അനുഭവം.
എന്റെ രോഗലക്ഷണം കഠിനമായ ക്ഷീണമായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ 20 ഓളം പേരുമായി വീഡിയോ കോൺഫറൻസു വഴി ഇന്ററാക്ഷൻ ഉണ്ടായിരുന്നു. സാധാരണ ഇത്തരം പ്രവർത്തനങ്ങൾ എത്ര മണിക്കൂർ നീണ്ടാലും ക്ഷീണം തോന്നാറില്ല. പക്ഷെ, ഇപ്രാവശ്യം യോഗങ്ങൾക്കിടയിൽ കിടക്കണമെന്ന് കലശലായ തോന്നൽ. വൈകുന്നേരമായപ്പോഴേയ്ക്കും ശ്വാസംമുട്ടലും. പിന്നെ വൈകിപ്പിച്ചില്ല. ആദ്യത്തെ ടെസ്റ്റ് എന്റേത്. പോസിറ്റീവ്. വീട്ടിലുള്ള എല്ലാവരെയും ടെസ്റ്റ് ചെയ്തു. വേറെയാർക്കും പ്രശ്‌നമില്ല. ഞാൻ മാത്രം ആശുപത്രിയിലേയ്ക്ക്. ബാക്കിയുള്ളവർ എന്റെ വീട്ടിൽ ക്വാറന്റീൻ.
പിന്നീട് ഡ്രൈവർക്കും ഗാർഡിനും കോവിഡ് സ്ഥിരീകരിച്ചു. രാത്രിയും പിറ്റേന്ന് പകലുമായി സമ്പൂർണ ചെക്ക് അപ്പ്. ചികിത്സ തേടുന്നതിൽ കാലതാമസം ഒട്ടും ഉണ്ടായില്ല. അതു നന്നായി. വൈറൽ ലോഡ് കുറവ്. ഉടനെ ആവശ്യമായ സ്റ്റിറോയിഡ് ആന്റി വൈറൽ ഫ്‌ളൂയിഡുകളും തുടങ്ങിയതുകൊണ്ട് ശ്വാസംമുട്ടൽ മൂർച്ഛിച്ചില്ല. കുറച്ചുദിവസം ഫോൺ നിർത്തിവച്ചതൊഴിച്ചാൽ.
എന്റെ ലക്ഷണങ്ങൾ- കലശലായ ക്ഷീണം, വർത്തമാനം പറഞ്ഞാൽ ശ്വാസംമുട്ടൽ, ഭക്ഷണത്തോടു വിരക്തി. ദേഷ്യം പെട്ടെന്നുവരുന്നു. സ്റ്റിറോയിഡുകൾമൂലമാകാം പ്രമേഹത്തിന്റെ കയറ്റിറക്കങ്ങൾ. ആദ്യമായി ഇൻസുലിൻ കുത്തിവച്ചു. ദിവസവും ഒട്ടനവധി തവണ ടെസ്റ്റിങ്. ഉറക്കം താളംതെറ്റി. മൂന്നാം ദിവസം ഉറക്കമേ കമ്മിയായി. ശുണ്ഠികൂടി. ചെറിയ തോതിൽ ഉറക്കഗുളിക. ഇപ്പോൾ എല്ലാം സാധാരണ നിലയായി.
ഒരു നല്ല തീരുമാനം എടുത്തത്, ഐസിയുവിൽ പോകേണ്ട എന്നു തീരുമാനിച്ചതാണ്. അതിന്റെ ഗൗരവം ഇല്ലായെന്നു ഡോക്ടർ തന്നെ സമ്മതിച്ചു. എങ്കിൽ പിന്നെ ഗൗരവരോഗമുള്ളവരുമായുള്ള സഹവാസം ഒഴിവാക്കാമല്ലോ. ഡോ. അരവിന്ദാണ് മേധാവി. എല്ലാ ദിവസവും റൗണ്ട്‌സ് ഉണ്ട്. അതിരുകവിഞ്ഞ സംരക്ഷണത്തിലൊന്നും വിശ്വാസമില്ല എന്നുതോന്നും. മാസ്‌കും ഷീൽഡും പൊതുവിലുള്ള കിറ്റും നമ്മളെ റിലാക്‌സ് ആക്കും. കോവിഡിനെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു വിവരം തന്നു. പുതിയ അറിവുകളിൽ ചിലവ.
(1) കോവിഡ് ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ സുരക്ഷിതരാണ്. അത്യപൂർവ്വമായേ രോഗത്തിന് ഇരയാകുന്നുള്ളൂ. മറ്റു പൊതുചികിത്സയിലെ ആരോഗ്യ പ്രവർത്തകരെയാണ് കോവിഡ് ബാധിക്കുന്നത്.
(2) ഐസിയുവിലെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ പോക്ക് അപകടകരമാണ്. കേരളത്തിലെ മരണനിരക്ക് 0.4 ആണ്. ഈ സ്ഥിതിയിൽ മാറ്റമുണ്ടാകാം.
(3) കാരണം വ്യാപന നിരക്ക് ഇപ്പോൾ 1-2 നും ഇടയ്ക്കാണ്. ഒരു രോഗി ഒന്നിലേറെ പേർക്ക് രോഗം പകരുന്നു.
(4) ഇത് ഐസിയു ബെഡുകളുടെമേൽ സമ്മർദ്ദം കൂട്ടും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലെ രോഗികളിൽ രണ്ടുതരക്കാരാണ്. പ്രായംചെന്നവർ. അതോടൊപ്പം പൊണ്ണത്തടിയന്മാരായ ചെറുപ്പക്കാർ.