ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും, തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ.ശശികല അടുത്ത വർഷം ജനുവരിയിൽ ജയിൽ മോചിതയാകും. ബംഗളൂരു പാരപ്പന അഗ്രഹാര ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ശിക്ഷാ കാലാവധി ജനുവരി 27നു അവസാനിക്കും. 10 കോടി രൂപ പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ നീളും. വിവരാവകാശ അപേക്ഷയ്ക്കു നൽകിയ മറുപടിയിലാണ് കർണാടക സെൻട്രൽ ജയിൽ അഥോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ, മറ്റു തടസ്സങ്ങളില്ലെങ്കിൽ ഈ മാസം അവസാനമോ ഒക്ടോബർ ആദ്യ വാരമോ ശശികല പുറത്തിറങ്ങുമെന്ന് അവരുടെ അഭിഭാഷകൻ രാജ സെന്തൂർ പാണ്ഡ്യൻ പറയുന്നു. നല്ല നടപ്പിന്റെ പേരിൽ കർണാടക ജയിൽ ചട്ടം അനുസരിച്ച് ശിക്ഷയിൽ ഇളവിന് അർഹതയുണ്ട്. പ്രതിമാസം മൂന്ന് ദിവസം വീതം ശിക്ഷാ ഇളവു ലഭിക്കും. സെപ്റ്റംബർ അവസാനത്തോടെ 43 മാസത്തെ ശിക്ഷ പൂർത്തിയാക്കുന്ന ശശികലയ്ക്ക് 129 ദിവസത്തെ ഇളവിന് അർഹതയുണ്ട്.

ഇതേ കേസിൽ 1997ലും, 2014ലുമായി 35 ദിവസം ശശികല ശിക്ഷ അനുഭവിച്ചിരുന്നു. 17 ദിവസം പരോൾ ലഭിച്ചത് ഒഴിവാക്കിയാലും കാലാവധിക്ക് 129 ദിവസം മുൻപ് ജയിൽ മോചിതയാകാമെന്നാണ് അഭിഭാഷകൻ പറയുന്നത്. ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ കർണാടക ജയിൽ വകുപ്പ് പരിഗണിക്കണമെന്നു മാത്രം.