ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കാൻ ആലോചന. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചുള്ള തീർത്ഥാടനത്തിന് തയ്യാറെടുപ്പുകൾ ദേവസ്വം ബോർഡ് തുടങ്ങി. 28ന് മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ ഇതു ചർച്ച ചെയ്യും. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പൂർണമായും വെർച്വൽ ക്യു പാസ് വഴി മാത്രമേ സന്നിധാനത്ത് എത്താൻ അനുവദിക്കൂ.

സന്നിധാനത്ത് തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ദിവസങ്ങൾക്കു മുൻപേ പുറപ്പെടുന്നതിനാൽ നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തി മാത്രം കടത്തി വിടണം. ഇതിനുള്ള സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് ഒരുക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ നിർദ്ദേശം.ഇതിന്റെ മുന്നോടിയായി ദേവസ്വം ബോർഡിലെ പ്രധാന ഉദ്യോഗസ്ഥരുടെ യോഗം നടന്നു.

ആചാരപരമായ ചടങ്ങുകൾ ഉള്ളതിനാൽ മണ്ഡല- മകരവിളക്ക് തീർത്ഥാടനം മുടക്കരുതെന്നും ഭക്തർക്ക് പ്രവേശനം അനുവദിക്കണമെന്നും ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനു മുന്നോടിയായി തുലാമാസ പൂജയോടനുബന്ധിച്ച് ഒക്ടോബർ 16 മുതൽ 21 വരെ ട്രയൽ നടത്തണമെന്ന നിർദേശവും ദേവസ്വം ബോർഡ് മുന്നോട്ടുവച്ചു.