കോവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജന പിൻതുന്തണ കൊണ്ട് ശ്രദ്ധേയമായ കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 6000 ത്തിലധികം ഡെലിഗേറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വെർച്വൽ എഡിഷന് തുടക്കമായി. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് തന്നെ പല തരം സൈബർ ക്രൈമുകൾ നടക്കുന്നുണ്ടെന്നും അതിന് എതിരെ ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഗവർണർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് എല്ലാവരുടേയു ജീവിതം ഇന്റർനെറ്റിലേക്ക് മാറി. അതിനാൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഓരോരുത്തരും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഗവർണർ ഓർമ്മിപ്പിച്ചു.

ഇറ്റലിയിലെ കിങ് ഉമ്പർട്ടൊയുടെ ചെറുമകനും മൊണോകോ യുഗോസ്ലാവിയയുടെ പ്രിൻസ് പോളും ആയ എച്ച്.ആർ. എച്ച്. പ്രിൻസ് മൈക്കിൽ ഡി യുഗോസ്ലാവി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്റർ നെറ്റിൽ ആരും സുരക്ഷിതല്ലെന്നും ഇ- മെയിലൂടെ നിരവധി ആളുകൾ ഹാക്കിങ്ങിന് ലോകത്താകമാനം ഇരയാകുന്നതായും പ്രിൻസ് മൈക്കിൽ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളും മറ്റ് വിവരങ്ങളും ഇ- മെയിലിലൂടെ പങ്കുവെക്കുപ്പോൾ ഹാക്ക് ചെയ്യപ്പെട്ടാൻ സാധ്യതയുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പല രാജ്യങ്ങളും സ്വീകരിക്കുന്ന സുരക്ഷിത്വത്തെ കുറിച്ച് വിവരിച്ച അദ്ദേഹം ഇറ്റലി, ചൈന, സിംഗപ്പൂർ, തുടങ്ങി പല രാജ്യങ്ങളും എമർജൻസി മോഡ് പോലുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യവും വ്യക്തമാക്കി.

സൈബർ കുറ്റകൃത്യങ്ങൾ കുറക്കുന്നതിന് വേണ്ടി കൊക്കൂൺ പോലെയുള്ള സൈബർ സുരക്ഷ കോൺഫറൻസിന്റെ പ്രാധാന്യം വലുതാണെന്ന് പറഞ്ഞ സംസ്ഥാന പൊലീസ് മേധാവിയും , ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടനം ചടങ്ങിൽ മുഖ്യാതിഥികളെ സ്വാഗതവും ചെയ്തു. എഡിജിപിയും, സൈബർ ഡോം നോഡൽ ഓഫീസറും ഓർഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ് രണ്ട് ദിവസം നീളുന്ന കോൺഫറൻസിനെ കുറിച്ചുള്ള ആമുഖ പ്രസംഗം നടത്തി.

4 മില്ല്യൺ ആളുകൾ ഓൺലൈനായി പങ്കെടുക്കുന്ന ലോകത്ത് തന്നെ വലിയ കോൺഫറൻസായി കൊക്കൂൺ മാറിയെന്ന് മനോജ് എബ്രഹാം പറഞ്ഞു. സൈബർ ആക്രമണങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങളും വർധിച്ച് വരുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോവിഡ് കാലത്ത് കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി.

സൈബർ ക്രിമിനലുകൾ ഇന്റർനെറ്റിനെ വലിയ രീതിയിൽ ദുരുപയോഗം ചെയ്യു വരുന്നു. ഇത്തരത്തിലുള്ള അക്രമങ്ങൾക്കെതിരെ എങ്ങനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ളതാണ് ഇത്തരം കോൺഫറൻസിന്റെ ലക്ഷ്യമെന്നും എഡിജിപി പറഞ്ഞു. ഇസ്ര പ്രതിനിധി ജോബി ജോയി ചടങ്ങിൽ നന്ദി അറിയിച്ചു.