ഗുവാഹത്തി: ജെഇഇ മെയിൻ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ അസമിലെ ഒന്നാം റാങ്കുകാരൻ അറസ്റ്റിലായി. വിദ്യാർത്ഥിയും പിതാവും മറ്റ് മൂന്ന് പേരുമാണ് സംഭവത്തിൽ പിടിയിലായത്. ഗുവാഹത്തിയിൽ സെപ്റ്റംബർ 5നു നടന്ന പരീക്ഷയിൽ വിദ്യാർത്ഥി ഹാജരായിരുന്നില്ലെന്നു കാട്ടി മിത്രദേവ് ശർമ എന്നയാൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കള്ളത്തരം പുറത്തായത്.

ഐഐടി ഉൾപ്പെടെ സ്ഥാപനങ്ങളിലെ പ്രവേശത്തിനുള്ള പരീക്ഷയിൽ 99.8% മാർക്കു നേടിയ വിദ്യാർത്ഥി, പിതാവ് ഡോ. ജ്യോതിർമയി ദാസ്, പരീക്ഷാകേന്ദ്രം ഉദ്യോഗസ്ഥൻ ഹമേന്ദ്ര നാഥ് ശർമ, പ്രഞ്ജൽകലിത, ഹീരുലാൽ പഥക് എന്നിവരാണ് അറസ്റ്റിലായത്. ഗുവാഹത്തിയിൽ സെപ്റ്റംബർ 5നു നടന്ന പരീക്ഷയിൽ വിദ്യാർത്ഥി ഹാജരായിരുന്നില്ലെന്നും കുട്ടിക്ക് പകരം മറ്റൊരാളാണ് പരീക്ഷയെഴുതിയത് എന്നും കാട്ടി മിത്രദേവ് ശർമ കഴിഞ്ഞ 23നു പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരീക്ഷാകേന്ദ്രത്തിലെത്തിയ വിദ്യാർത്ഥി ബയോമെട്രിക് ഹാജർ നടപടികൾ പൂർത്തിയാക്കി പുറത്തുപോയെന്നും പിന്നീട് മറ്റൊരാളാണു പരീക്ഷയെഴുതിയതെന്നും പരാതിയിലുണ്ട്. പരീക്ഷാ ഹാളിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും സ്വകാര്യ പരിശീലന കേന്ദ്രത്തിനും സംഭവത്തിൽ പങ്കുണ്ടെന്നും ആരോപണമുണ്ട്. കള്ളത്തരം കാട്ടിയെന്നു സുഹൃത്തിനോടു വിദ്യാർത്ഥി പറയുന്നതിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.