സാമ്പത്തിക കാര്യങ്ങളിലും കൊറോണ വൈറസ് ഗവേഷണത്തിലും ഉൾപ്പടെ പല വ്യത്യസ്ത മേഖലകളിൽ ഇന്ത്യയുംബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ബുധനാഴ്‌ച്ച ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. ബ്രിട്ടനിൽ നിക്ഷേപവും ജോലിസാധ്യതകളും വർദ്ധിപ്പിക്കുന്ന നിരവധി പദ്ധതികൾ ഉൾപ്പെടുന്ന കരാറോടെ ഇരു രാജ്യങ്ങളും തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ചാൻസലർ ഋഷി സുനാക് പറഞ്ഞു.ബ്രെക്സിറ്റിനു ശേഷം പുതിയ വ്യാപാര സാധ്യതകൾ അന്വേഷിക്കുന്ന അവസരത്തിലാണ് ഈ പുതിയ സംഭവവികാസങ്ങൾ.

ബ്രിട്ടനിലെ വൈദഗ്ദ്യത്തിനും സമ്പത്തിനും ഇന്ത്യയുടെ അടിസ്ഥാന വികസന മേഖലയിലേക്ക് പ്രവേശനം അനുവദിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഈ പുതിയ കരാറിൽ ഉണ്ടാകും. മാത്രമല്ല, ബ്രിട്ടനിലും യു കെയിലുമുള്ള ദക്ഷിണ ഏഷ്യൻ വംശജർക്കിടയിൽ കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള 10.2 മില്ല്യൺ ഡോളറിന്റെ ഒരു പദ്ധതിയും ഇതിൽ ഉൾപ്പെടും.

ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ആഗോള പ്രതിസന്ധി ഘട്ടത്തിൽ, ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം മറ്റേതുകാലത്തേക്കാൾ പ്രാധാന്യമുള്ളതാണെന്ന് ഋഷി സുനാക് പറഞ്ഞു. 2017-ലെ ഇന്ത്യയുമായുള്ള ആദ്യ ഇ സാമ്പത്തിക-വാണിജ്യ ചർച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാരം വളരെയധികം ഉയർന്നിട്ടുണ്ട് എന്നും അദ്ദെഹം വ്യക്തമാക്കി. സാങ്കേതിക വിദ്യ, ഫാർമസ്യുട്ടിക്കൽ, ഉദ്പാദന മേഖല എന്നിവയിലാണ് ബ്രിട്ടനിലെ പ്രധാന ഇന്ത്യൻ നിക്ഷേപങ്ങൾ.

ഇന്ത്യയും ബ്രിട്ടനും തമ്മിൽ നടന്ന പത്താം സാമ്പത്തിക ഉഭയകക്ഷി ചർച്ചയിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. ഡൽഹിയിൽ ഇരുന്ന് ഇന്ത്യൻ ധനകാര്യമന്ത്രി നിർമ്മല സീതാരാമനും ലണ്ടനിലിരുന്ന ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാകും ചർച്ച നയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഏഴ് സമ്പദ്വ്യവസ്ഥകളിൽ രണ്ടെണ്ണമായ ബ്രിട്ടന്റേയും ഇന്ത്യയുടെയും സഹകരണം ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.

സമ്പദ്വിപണിയിലെ പരിഷ്‌കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര സമ്പദ്വ്യവസ്ഥയുടെ രൂപീകരണം തുടങ്ങിയവ ചർച്ചയായപ്പോൾ ഇന്ത്യയ്ക്കും ബ്രിട്ടനും മദ്ധ്യേ സാമ്പത്തിക വിപണി ചർച്ചകൾ എല്ലാവർഷവും നടത്താനും തീരുമാനമായിട്ടുണ്ട്. ഇന്ത്യ-ബ്രിട്ടീഷ് പങ്കാളിത്തത്തിനു കീഴിൽ സ്വകാര്യ മേഖലയിലെ സംയുക്ത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ഇന്ത്യയിലെ രണ്ടാമത്തെ അതിവേഗ സാമ്പത്തിക വളർച്ചയുള്ള നിക്ഷേപ രാജ്യമാണ് ബ്രിട്ടൻ. കഴിഞ്ഞ 10 വർഷമായി ബ്രിട്ടനും ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഊഷ്മളമായി തുടരുകയാണ്. 2000 ൽ മാത്രം ഏകദേശം 22 ബില്ല്യൺ പൗണ്ടാണ് ബ്രിട്ടീഷ് കമ്പനികൾ ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുള്ളത്. ഏകദേശം 4,22,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും ഈ കമ്പനികൾക്ക് ആയിട്ടുണ്ട്.അതുപോലെ, ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഗവേഷണ പങ്കാളിയുമാണ് ബ്രിട്ടൻ. 2021-ൽ 400 മില്ല്യൺ പൗണ്ടിന്റെ നിക്ഷേപമാണ് ഈ രംഗത്ത് ബ്രിട്ടൻ നടത്തിയത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച സോളാർ അലയൻസിലും കോയലിഷൻ ഫോർ ഡിസാസ്റ്റർ റീസൈലന്റ് ഇൻഫ്രാസ്ട്രക്ചറിലും ബ്രിട്ടൻ പങ്കളിയാണ്. അതുപോലെ ഇന്ത്യയിലെ നിരവധി സ്റ്റാർട്ട് അപ്പുകള്ക്കും ബ്രിട്ടന്റെ സാമ്പത്തിക സാങ്കേതിക സഹായം ഉറപ്പാക്കാനും ഈ കരാർ വഴി കഴിയും. കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ഗവേഷണ പരിപാടികൾക്കായി ഇന്ത്യയും ബ്രിട്ടനും സംയുക്തമായി 8 മില്ല്യൺ പൗണ്ടിന്റെ ഒരു പദ്ധതി നടപ്പാക്കും.

ഇന്ത്യയിൽ ബ്രിട്ടന്റെ നിക്ഷേപമെന്നതുപോലെ ബ്രിട്ടനിലെ ഇന്ത്യൻ നിക്ഷേപവും വളരെ ശക്തമാണ്. 800 ൽ അധികം ഇന്ത്യൻ കമ്പനികളാണ് ബ്രിട്ടനിലുള്ളത് ഏകദേശം 1 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഈ കമ്പനികൾ എല്ലാം കൂടി ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. പ്രൊജക്ടുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ നിക്ഷേപക രാജ്യമാണ് ഇന്ത്യ.