ന്യൂഡൽഹി: ഇനി നിർമ്മിക്കുന്ന കെട്ടിടങ്ങളെല്ലാം നിർബന്ധമായും പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന് ചിന്തിക്കേണ്ട സമയമായതായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് അഭിപ്രായപ്പെട്ടു. നികുതി കിഴിവുകൾ നൽകി പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കണമെന്ന് ഗവൺമെന്റുകൾ, ഫിനാൻസ് കമ്മീഷൻ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയോട് അദ്ദേഹം നിർദ്ദേശിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ) യുടെ ഗ്രീൻ ബിൽഡിങ് കോൺഗ്രസ് 2020 വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കെട്ടിടങ്ങൾ പരിസ്ഥിതി സൗഹൃദപരമായി പുനർ രൂപകൽപ്പന ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസനത്തിന് ഒരു സുസ്ഥിര സമീപനത്തിനായി ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, ലോകത്തെ കാർബൺഡയോക്‌സൈഡ് ബഹിർഗമനത്തിന്റെ 39 ശതമാനത്തിനും കാരണം കെട്ടിടനിർമ്മാണം ആണെന്ന് അഭിപ്രായപ്പെട്ടു. കെട്ടിട നിർമ്മാണ സാമഗ്രികൾ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാർബൺ രഹിത കെട്ടിടങ്ങൾ (net zero carbon building) പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പ്രചാരണ പരിപാടി തുടങ്ങാൻ ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിനോട് അദ്ദേഹം നിർദ്ദേശിച്ചു. നഗര ആസൂത്രകർ, ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, സിആർഇഡിഎഐ തുടങ്ങിയ സ്ഥാപനങ്ങൾ ഈ പ്രചാരണ പരിപാടിയിൽ പങ്കാളികളാകാനും അദ്ദേഹം ആവശ്യപ്പെട്ടു.

7.61 ബില്യൺ ചതുരശ്ര അടി ഹരിത കെട്ടിട വിസ്തൃതിയോടെ, ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ആഗോള ഹരിത കെട്ടിട പ്രസ്ഥാനത്തെ നയിക്കുന്നതിന് ഇന്ത്യയ്ക്ക് കഴിവുണ്ടെന്ന് അഭിപ്രായപ്പെട്ട വെങ്കയ്യ നായിഡു, ഹരിത ആശയങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാന ഗവൺമെന്റുകൾ, നിർമ്മാണ കമ്പനികൾ എന്നിവയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന സിഐഐയെ പ്രശംസിച്ചു. ഹരിത കെട്ടിടങ്ങളിൽ കോവിഡ് 19 പ്രതിരോധിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിച്ച സിഐഐയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. 11 സംസ്ഥാനങ്ങളിലെ 24 ഗ്രാമങ്ങളിൽ ഹരിത ആശയങ്ങൾ പ്രാബല്യത്തിലാക്കിയ സി ഐ ഐയുടെ പ്രവർത്തനങ്ങൾ കൂടുതൽ സംസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.