തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്കു മുന്നിൽ സമരക്കാർ എത്താനിടയായ സുരക്ഷാവീഴ്ചയിൽ പൊലീസുകാർക്കെതിരെ നടപടി എടുത്തു. സമരക്കാരെത്താനിടയാക്കിയ പൊലീസ് വീഴ്ചയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി സുരക്ഷാവീഴ്ചയുടെ കാരണം വിശദീകരിക്കാനെത്തിയ തിരുവനന്തപുരം കമ്മിഷണറെ കാണാൻപോലും കൂട്ടാക്കിയില്ല. സമരങ്ങൾ തുടരുന്നതിനാൽ സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും ഗേറ്റുകളെല്ലാം അടച്ച് സുരക്ഷ വർധിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽവരെയെത്തി കുത്തിയിരുന്നത്. വീട്ടിൽനിന്ന് അരക്കിലോമീറ്റർ അകലെ ബാരിക്കേഡ് വച്ച് കാത്തിരുന്നിട്ടും സമരക്കാർ കടന്നുപോയത് പൊലീസ് അറിഞ്ഞില്ല. സമരക്കാരെത്തുന്നു എന്ന് അറിയിച്ചിട്ടും ജാഗ്രത കാട്ടിയില്ലെന്ന കുറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയം സിഐയെയും എസ്‌ഐയെയും സ്ഥലം മാറ്റിയതും ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതും.

ജൂലൈയിലും സമരക്കാർ ക്ലിഫ് ഹൗസിനടുത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ഉൾപ്പെടെ പലതവണ സെക്രട്ടേറിയറ്റിലേക്കു വനിതകൾ ഓടിക്കയറി. ഇതിൽ കടുത്ത അതൃപ്തിയിലാണ് മുഖ്യമന്ത്രി. വെള്ളിയാഴ്ച രാത്രി കമ്മിഷണർ ബൽറാംകുമാർ ഉപാധ്യായ ക്ലിഫ് ഹൗസിലെത്തി വീഴ്ചയുടെ കാരണം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ല.

ഇതോടെയാണ് ഉത്തരവാദിത്തം താഴേത്തട്ടിലെ പൊലീസുകാരുടെ തലയിൽ മാത്രം കെട്ടിവച്ച് നടപടിയെടുക്കാൻ കമ്മിഷണർ തീരുമാനിച്ചത്. ഇതിൽ പൊലീസുകാരും അമർഷത്തിലാണ്. സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലുമായി 250ലേറെ പൊലീസുകാരെ വിന്യസിച്ചു. സെക്രട്ടേറിയറ്റിലെ ഓരോ ഗേറ്റിലും പൊലീസ് പടയാണ്. സന്ദർശകർക്കായി തുറന്നിട്ടിരുന്ന കന്റോൺമെന്റ് ഗേറ്റും അടച്ചാണ് കാവലൊരുക്കുന്നത്.