കോവിഡ് വന്നതോടെ പാശ്ചാത്യ രാജ്യങ്ങൾ ആഘോഷപൂ‌ർവം കൊണ്ടാടുന്ന ഹാലോവീൻ ദിനം വലിയെ ആഘോഷങ്ങളും ഘോഷയാത്രകളുമില്ലാതെയാണ് കടന്നു പോയത്. ഏറ്റവും ഭീകരവും പേടിപ്പെടുത്തുന്നതുമായ വസ്ത്രങ്ങൾ ധരിച്ചും ഭയാനകമായ മെയ്‌ക്ക്അപ്പും ചെയ്തും പൊതു നിരത്തുകളിൽ എത്തുമായിരുന്ന ആളുകൾ ആഘോഷങ്ങൾ തങ്ങളുടെ വീടുകൾക്കുള്ളിലും സൈബർ ലോകത്തും ഒതുക്കിയിരുന്നു. ദുർമന്ത്രവാദികൾ, ദുഷ്ടകഥാപാത്രങ്ങൾ, പ്രേതങ്ങൾ, അർബൻ ലെജൻഡുകൾ എന്നിവരുടെ വേഷവിധാനങ്ങളാണ് ആളുകൾ സാധാരണ തിരഞ്ഞെടുത്തിരുന്നത് എങ്കിൽ ഇക്കുറി മോഡലിങ് റാണി കെൻഡൽ ജെന്നറിന്റെ ഹാലോവീൻ ചലഞ്ചാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. 24കാരിയായ കെൻഡൽ ജെന്നർ തന്റെ പ്രിയപ്പെട്ട സിനിമാതാരമായ ഹോളിവുഡ് താരം പമീല ആൻഡേഴ്സണായി മാറിയ ഫോട്ടോകളാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. ലോകം ഹാലോവീൻ ആഘോഷിക്കുന്ന രീതിയെ കോവിഡ് മാറ്റിയെങ്കിലും താരങ്ങൾ പിന്മാറാൻ തയ്യാറല്ലെന്ന് വെളിപ്പെടുത്തുന്നതാണ് ജെന്നറിന്റെ ഹാലോവീൻ ഫോട്ടോകൾ.

1996 ലെ ക്ലാസിക് സിനിമ ബാർബ് വയറിലെ പമീലയുടെ അതേ വേഷത്തിലാണ് ജെന്നർ എത്തിയിരിക്കുന്നത്. ഹാലോവീൻ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കെൻഡാൽ ജെന്നർ പങ്കിട്ടു. തുടയിൽ പറ്റിച്ചേർന്ന് കിടക്കുന്ന ബാർബിന്റെ ലെതർ ബോഡി സ്യൂട്ടും ഉയർന്ന ബൂട്ടും ധരിച്ച് ഒരു മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചവയിൽ ഒന്ന്. ബാർബിന്റെ തോക്കിനുപകരം, കെൻഡാൽ കറുത്ത ത്രികോണാകൃതിയിലുള്ള ഒരു പതാക ഉപയോഗിച്ചു എന്നത് മാത്രമാണ് വ്യത്യാസം. സുന്ദരമായ മുടി മുതൽ പമേലയുടെ സ്വന്തം പ്രതീകമായ നേർത്ത പുരികം വരെ, 90 കളിലെ സെക്സ് ബോംബിന്റെ മറ്റൊരു പതിപ്പായി കെൻഡാൽ മാറി.

പമീലയുടെ പ്രസിദ്ധമായ മുള്ളുവേലിയുടെ പച്ചകുത്തൽ താരം ഇടത് കൈയിൽ പതിച്ചിരുന്നു. വിവിധ പോസുകളിലുള്ള മൂന്ന് ഫോട്ടോകൾ കെൻഡാൽ പോസ്റ്റുചെയ്തു. " എന്നെ ബേബ് എന്ന് വിളിക്കരുത് "ഹാപ്പി ഹാലോവീൻ! വോട്ടുചെയ്യുക !!! ബാർബ് വയറിലെ പമേല ആൻഡേഴ്സണായി 'കെൻഡാൽ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകി.

ഇൻസ്റ്റാഗ്രാമിൽ നിന്നും ഏറ്റവും അധികം പണം കൊയ്യുന്ന താരമാണ് അമേരിക്കൻ മോഡലായ കെൻഡൽ ജെന്നർ. 1.59 കോടി ഡോളറാണ് കെൻഡൽ ജന്നറിന്റെ പ്രതിഫലം. ഇൻസ്റ്റഗ്രാമിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി മാത്രമല്ല ജെന്ന‍ർ. ഏറ്റവുമധികം ഫോളോവേഴ്സുള്ള മോഡൽ കൂടെയാണ്. ഇത് താരത്തിന്റെ ബ്രാൻഡ് മൂല്യവും ഉയർത്തുന്നുണ്ട്. 26 ഇൻസ്റ്റഗ്രാം പോസ്റ്റുകളോളമാണ് താരം ഒരു വ‍ർഷം ചെയ്യുന്നത്. ഇപ്പോഴിതാ സൈബർ ലോകത്ത് ചർച്ചയാകുന്നത് ഹാലോവീൻ ദിനത്തിലെ ജെന്നറിന്റെ വേഷപകർച്ചയാണ്.

പമീല ആൻഡേഴ്സൺ

അമേരിക്കൻ നടിയും ടെലിവിഷൻ താരവുമാണ് പമീല ആൻഡേഴ്സൺ. വിവാഹിതയായി. ബേവാച്ച്, സ്‌കൂബീ ഡൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി പ്രശസ്തയാവുന്നത്. ഈ വർഷം ജനുവരിയിലാണ് താരം അഞ്ചാമതും വിവാഹം കഴിച്ചത്. ഹെയർ ഡ്രസറും നിർമ്മാതാവുമായ ജോൺ പീറ്റേഴ്സ് ആയിരുന്നു വരൻ. കാലിഫോർണിയയിലെ മാലിബുവിൽ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.

ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭർത്താവ്. 1995ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വിവാഹത്തിൽ പമീലയ്ക്ക് രണ്ട് ആൺമക്കളുണ്ട്. എന്നാൽ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പമീല ലീയ്ക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് നൽകിയതിനെത്തുടർന്ന് ലീ ജയിലിലായി. 1998ൽ ഇരുവരും വിവാഹമോചിതരായി.

അതിനു ശേഷം മാർക്ക്സ് ഷെൻകെൻബേർഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001ൽ ഇരുവരും വിവാഹത്തിൽ നിന്നും പിന്തിരിഞ്ഞു. തുടർന്ന് ഗായകനായ കിഡ് റോക്കിനെ വിവാഹം ചെയ്തു. അതും വിവാഹമോചനത്തിൽ കലാശിച്ചു. റിക്ക് സോളമൺ, ഫ്രഞ്ച് ഫുട്ബോളർ ആദിൽ റാമി എന്നിവരും പമീലയുടെ മുൻഭർത്താക്കന്മാരാണ്.

തന്റെ വളർത്തുനായയുടെ ആത്മഹത്യയ്ക്ക് കാരണം മുൻ ഭർത്താവെന്ന് പമീല ആൻഡേഴ്സൺ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സൺഡേ സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. റിക്ക് സോളമണെതിരെയായിരുന്നു ആരോപണം. പമീലയുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട ജോജോ എന്ന വളർത്തു നായ മരിച്ചിരുന്നു. എന്നാൽ ജോജോയുടെ മരണം തന്നെ ഏറെ തളർത്തിയെന്ന് പറഞ്ഞ പമീല തന്റെ മുൻ ഭർത്താവിനെ ജോജോയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നും അതിനാൽ അവൻ ആത്മഹത്യ ചെയ്തതാണെന്നും പറഞ്ഞു. അയാൾ കാരണമാണ് ജോജോ ആത്മഹത്യ ചെയ്തതെന്നും ഒരിക്കൽ ജോ തന്നെ നോക്കി മുൻ ഭർത്താവ് റിക്ക് സലോമിനെ ഇഷ്ടമല്ലെന്നും തനിക്ക് മടുത്തുവെന്നും പറഞ്ഞിരുന്നുവെന്നും പമീല വ്യക്തമാക്കി. ഇതെല്ലാം കൗതുകത്തോടെ മാധ്യമങ്ങൾ ചർച്ചയാക്കി. 2007ലാണ് പമീല റിക്ക് സോളമനെ വിവാഹം ചെയ്തത്. എന്നാൽ വെറും രണ്ട് മാസം മാത്രമേ ഈ ബന്ധം നിലനിന്നുള്ളൂ. പിന്നീട് 2014ൽ വീണ്ടും വിവാഹം ചെയ്തുവെങ്കിലും 2015 ഏപ്രിലിൽ രണ്ടാം തവണയും പമീല റിക്കുമായി വിവാഹമോചനം നേടി.

ഹാലോവീൻ

എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ ഒന്ന് എല്ലാ വിശുദ്ധന്മാരെയും ആരാധിക്കാനുള്ള ദിവസമായി നിശ്ചയിച്ചു. ഓൾ സെയിന്റ്സ് ഡേ എന്നാണിത് അറിയപ്പെടുന്നത്. ഈ തിരുനാളിന്റെ തലേദിവസം ഓൾ ഹാലോസ് ഈവ് എന്നാണ് അറിയപ്പെടുന്നത്. പിന്നീട്, ഇത് ഹലോവീനായി മാറിയെന്ന് പറയപ്പെടുന്നു.പുരാതന കെൽറ്റിക് ഉത്സവമായ സാംഹെയ്‌നിൽ നിന്ന് ഉത്ഭവിച്ചതാണ് ഹാലോവീനെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന കെൽറ്റുകൾ നവംബർ ഒന്നിനാണ് അവരുടെ പുതുവർഷം ആഘോഷിച്ചുവന്നിരുന്നത്. ഈ ദിവസം വേനൽക്കാലത്തിന്റെ അവസാനമായും വിളവെടുപ്പിന്റെയും ഇരുണ്ട തണുത്ത ശൈത്യകാലത്തിന്റെയും ആരംഭമായും രേഖപ്പെടുത്തി.

പുതുവർഷത്തിന്റെ തലേദിവസം പ്രേതങ്ങൾ ഭൂമിയിലേക്ക് മടങ്ങിവരുമെന്നും ഇവർ വിശ്വസിച്ചിരുന്നു. അങ്ങനെ, ഒക്ടോബർ 31 രാത്രി അവർ സംഹെയ്ൻ ആഘോഷിച്ചു. ഇത് പരിണമിച്ച് ഹാലോവീനായെന്ന് കരുതപ്പെടുന്നു.കർശനമായ പ്രൊട്ടസ്റ്റന്റ് വിശ്വാസ സമ്പ്രദായങ്ങൾ ഉണ്ടായിരുന്ന കൊളോണിയൽ ന്യൂ ഇംഗ്ലണ്ടിൽ ഹാലോവീൻ ആഘോഷം പരിമിതമായിരുന്നു. അതേസമയം, മേരിലാൻഡിലും തെക്കൻ കോളനികളിലും ഹാലോവീൻ വളരെ സാധാരണമായിരുന്നു.വിവിധ യൂറോപ്യൻ വംശീയ വിഭാഗങ്ങളുടെയും അമേരിക്കൻ വംശജർ വിശ്വാസങ്ങളും ആചാരങ്ങളും കൂടിച്ചേർന്നപ്പോൾ, ഹാലോവീനിന്റെ വ്യക്തമായ അമേരിക്കൻ പതിപ്പ് ഉയർന്നുവരാൻ തുടങ്ങി. വിളവെടുപ്പ് ആഘോഷിക്കുന്നതിനായി നടന്ന പൊതുപരിപാടികളായ പ്ലേ പാർട്ടികളാണ് അവയിൽ പ്രധാനം. അയൽക്കാർ മരിച്ചവരുടെ കഥകൾ പങ്കിടുകയും പരസ്പരം സൗഭാഗ്യങ്ങളെക്കുറിച്ച് പറയുകയും നൃത്തം ചെയ്യുകയും പാടുകയും ചെയ്യും. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്ക പുതിയ കുടിയേറ്റക്കാരാൽ നിറഞ്ഞിരുന്നു. പ്രത്യേകിച്ചും ഐറിഷ് സ്വദേശികൾ. ഇത്, ദേശീയതലത്തിൽ ഹാലോവീൻ ആഘോഷം ജനപ്രിയമാക്കാൻ സഹായിച്ചു.

ഹാലോവീൻ ദിവസം വമ്പൻ പാർട്ടികൾ നടക്കും. എല്ലാ വീടുകളിലും മറ്റുള്ളവർക്ക് നൽകാനായി മിഠായികളും കരുതിവയ്ക്കും. ട്രിക്ക്- ഓർ ട്രീറ്റിങ് എന്നാണിത് അറിയപ്പെടുന്നത്. ഈ നാളുകളിൽ നിരവധി കോലങ്ങളും രൂപങ്ങളും അമേരിക്കയിലെ വീടുകളുടെ മുന്നിൽ എത്താറുണ്ട്. മത്തങ്ങയെ ഭീകരരൂപത്തിലാക്കി വീടിനുള്ളിലും പുറത്തും വെയ്ക്കുന്ന ജാക്ക് ഓ ലാന്റേൺ എന്ന ചടങ്ങാണ് ഏറ്റവും പ്രശസ്തം. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ഹാലോവിൻ ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.