- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരികൾ; ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കം പ്രഗത്ഭരായ സംഗീതഞ്ജർക്കു വേണ്ടിയെല്ലാം വയലിൻ വായിച്ച സംഗീത പ്രതിഭ: പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷൻ ജേതാവുമായ പ്രൊഫ. ടി.എൻ. കൃഷ്ണന്റെ വിയോഗത്തിൽ തേങ്ങി സംഗീത ലോകം
ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് പ്രൊഫ. ടി.എൻ. കൃഷ്ണൻ(92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യം അറിയപ്പെടുന്ന വയലിനിസ്റ്റും പത്മഭൂഷൺ ജേതാവുമായ അദ്ദേഹം രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. 1928 ഒക്ടോബർ ആറിന് തൃപ്പൂണിത്തുറ ഭാഗവതർമഠത്തിൽ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായാണ് ജനനം.
സംഗീതത്തിലും വയലിനിലും മറ്റു വാദ്യോപകരണങ്ങളിലും ജ്ഞാനമുണ്ടായിരുന്ന അച്ഛനായിരുന്നു സംഗീതത്തിൽ ഗുരു. മൂന്നാംവയസ്സു മുതൽ വയലിൻ പഠിച്ചു തുടങ്ങിയ കൃഷ്ണൻ, ഏഴാം വയസ്സിൽ പൂർണത്രയീശ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് കുട്ടിക്കാലം മുതൽക്കേ തന്നെ അനവധി വേദികളിൽ വയലിനിൽ നാദവിസ്മയം തീർത്തു. പിന്നീട് ആലപ്പി കെ.പാർത്ഥസാരഥി, അരയാംകുടി രാമാനുജ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. ചെറുപ്രായത്തിൽ തന്നെ അരയാംകുടി രാമാനുജ അയ്യങ്കാർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, മുസിരി സുബ്രമണ്യ അയ്യർ, ആലത്തൂർ സഹോദരങ്ങൾ, എം.ഡി രാമനാഥൻ, മഹാരാജപുരം വിശ്വനാഥ അയ്യർ എന്നീ മഹാപ്രതിഭകൾക്കൊപ്പം നിരവധി കച്ചേരികൾക്ക് വയലിൻ പക്കം വായിച്ചിരുന്നു.
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എൻ. രാജം, കൃഷ്ണന്റെ സഹോദരിയാണ്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് നെന്മാറ അയിരൂർ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കൾ: വിജി കൃഷ്ണൻ, ശ്രീറാം കൃഷ്ണൻ. ശ്രീറാം കൃഷ്ണൻ അറിയപ്പെടുന്ന വയലിനിസ്റ്റാണ്. പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
കർണാടക സംഗീതത്തിലെ വയലിൻ ത്രയങ്ങൾ എന്നറിയപ്പെട്ട മൂവരിൽ ഒരാളാണ് കൃഷ്ണൻ. ലാൽഗുഡി ജയരാമൻ, എം.എസ്. ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു മറ്റ് രണ്ട് പേർ. ചെന്നൈ മ്യൂസിക് അക്കാദമിയിൽ അദ്ധ്യാപകനായി ചേർന്ന കൃഷ്ണൻ പ്രിൻസിപ്പലായാണ് വിരമിച്ചത്. 1940കളുടെ തുടക്കത്തിൽ കുടുംബം തിരുവനന്തപുരത്തെത്തി. അവിടെ മ്യൂസിക് അക്കാദമി പ്രിൻസിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശ്രദ്ധയിൽ കൃഷ്ണൻ പെട്ടു.തുടർന്ന് ശെമ്മാങ്കുടിയുടെ നിർദ്ദേശപ്രകാരം മദ്രാസിലെത്തിയതോടെയാണ് ടി.എൻ.കൃഷ്ണൻ സംഗീതലോകത്ത് ഉയർച്ചയുടെ പടവുകൾ കയറിത്തുടങ്ങിയത്.
മദ്രാസ് സംഗീത കോളജിൽ വയലിൻ അദ്ധ്യാപകനായിരുന്നു. 1978ൽ പ്രിൻസിപ്പലായി .1985ൽ ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മ്യൂസിക് ആൻഡ ്ഫൈൻ ആർട്സിലെ പ്രൊഫസറും ഡീനുമായി . 1991 -1993 കാലഘട്ടത്തിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷനായിരുന്നു. പത്മശ്രീ (1973), പത്മഭൂഷൺ (1992), കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും (1974) സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും (2006) കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് (1974), മദ്രാസ് സംഗീത അക്കാദമി നൽകുന്ന സംഗീത കലാനിധി പുരസ്‌കാരം( 1980), ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റി നൽകുന്ന സംഗീത കലാശിഖാമണി പുരസ്‌കാരം (1999), ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം (2017) തുടങ്ങിയ നിരവധി അംഗീകരങ്ങൾ നേടി.
മറുനാടന് മലയാളി ബ്യൂറോ