- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർന്ന കെട്ടിടാവശിഷ്ടത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ നടത്തി മൂന്ന് വയസ്സുകാരി; ഇസ്താംബൂളിലെ ഭൂകമ്പത്തിൽ പെട്ട പെൺകുട്ടി രക്ഷപ്പെട്ടത് 65 മണിക്കൂറുകൾക്ക് ശേഷം: മരിച്ചെന്ന് കരുതി ബാഗിലാക്കാൻ ശ്രമിക്കവെ രക്ഷാപ്രവർത്തകന്റെ കൈയിൽ മുറുക്കെ പിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറി എലിഫ്
ഇസ്തംബുൾ: തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ നടത്തി മൂന്ന് വയസ്സുകാരി. ഭൂകമ്പത്തിന് 65 മണിക്കൂറിന് ശേഷമാണ് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും അവൾ ജീവനോടെ തിരികെ എത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പൊടികൊണ്ട് മൂടിയ നിലയിൽ കിടന്ന പെൺകുട്ടിയുടെ മൃതദേഹം പൊതിയാൻ ബാഗ് ആവശ്യപ്പെട്ട രക്ഷാപ്രവർത്തകന്റെ കൈ പിടിച്ച് അവൾ ജീവിതത്തിലേക്ക് തിരികെ വരിക ആയിരുന്നു.
പൊടിുയാൽ മൂടിയ മൂന്ന് വയസ്സുകാരിയുടെ മുഖം തുടയ്ക്കവെ അവൾ കണ്ണ് തുറന്ന് രക്ഷാ പ്രവർത്തകനെ നോക്കുകയും കൈകളിൽ മുറുക്കെ പിടിക്കുകയും ആയിരുന്നു. എലിഫ് പെറിൻസെക് എന്ന പേരുള്ള മൂന്നു വയസ്സുകാരിയാണ് 65 മണിക്കൂറുകൾക്ക് ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ കയറിയത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം എലിഫ് ആരോഗ്യം വീണ്ടെടുത്തു. തുർക്കിയുടെ എയ്ജിൻ തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനുമിടയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളിൽ ഒന്നിൽ നിന്നാണ് എലിഫിനെ കണ്ടെത്തിയത്.
എലിഫിനെ സ്‌ട്രെച്ചറിൽ ആംബുലൻസിലേക്ക് മാറ്റുമ്പോൾ ചുറ്റും കൂടിയവർ കയ്യടികളോടെ രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചു. എലിഫിന്റെ അമ്മയും മൂന്നു സഹോദരങ്ങളും ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ കുടുങ്ങിയിരുന്നു. ഇതിൽ അമ്മയേയും ഇരട്ട സഹോദരിമാരെയും നേരത്തെ രക്ഷപ്പെടുത്തി. എന്നാൽ ഏഴു വയസ്സുകാരനായ സഹോദരനെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ മരിച്ചു.
എലിഫിനെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നഷ്ടമായിരുന്നിടത്തു നിന്നാണ് അവൾ മരണത്തെ തോൽപ്പിച്ച് അമ്മയ്ക്കും സഹോദരങ്ങൾക്കും അരികിലേക്ക് തിരികെ എത്തിയത്. തിങ്കളാഴ്ച വൈകിട്ടു വരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 106 പേരെയാണ് രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്. 58 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ 14 വയസ്സുകാരിയായ ഐഡിൽ സിറിനെയും രക്ഷാപ്രവർത്തകർ തിങ്കളാഴ്ച ജീവനോടെ കണ്ടെത്തിയിരുന്നു.
ഭൂകമ്പത്തിൽ തകർന്ന ഇരുപതിലേറെ ബഹുനിലക്കെട്ടിടങ്ങളിൽ ഒന്നിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് എലിഫിനെ ജീവനോടെ കണ്ടെത്തിയത്. 5000 ത്തോളം രക്ഷാപ്രവർത്തകരാണ് തിരച്ചിൽ തുടരുന്നത്.
വെള്ളിയാഴ്ച തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 91 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഭൂകമ്പമാപിനിയിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 900 ലേറെ പേർക്കു പരുക്കേറ്റു. സാമോസിലെ തുറമുഖ നഗരമായ വതി കടൽവെള്ളത്തിൽ മുങ്ങിയിരുന്നു. തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്മറിലേക്ക് സൂനാമിക്ക് സമാനമായി കടൽ ഇരച്ചുകയറുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ