- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൂത്ത് തുറക്കാൻ രാവിലെ മുതൽ കൂട്ടത്തോടെ കാത്തു നിന്ന് ജനങ്ങൾ; റിപ്പബ്ലിക്കുകാരിൽ നിന്നും സെനറ്റ് പിടിക്കാൻ ഉറച്ച് ഡെമോക്രാറ്റുകൾ; തോറ്റാലും വൈറ്റ് ഹൗസിൽ നിന്നിറങ്ങാതെ ഇലക്ഷൻ അട്ടിമറിക്കാൻ ട്രംപും: കമലയ്ക്കായി പ്രത്യേക പൂജയും അന്നദാനവും നടത്തി തുളസേന്ദ്രപുരം
വാഷിങ്ടൻ: വോട്ടിങ് പൂർത്തിയായതോടെ അമേരിക്കൻ പ്രസിഡന്റ് ആരെന്നുള്ള കാത്തിരിപ്പിലാണ് ലോകം. ഫല സൂചനകൾ പുറത്ത് വരാൻ മണിക്കൂറുകൾ ശേഷിക്കെ സംഘർഷങ്ങൾ ഒഴിവാക്കാൻ അതിശക്തമായ മുന്നൊരുക്കമാണ് അമേരിക്കയിൽ നടക്കുന്നത്. ഫല സൂചനകൾ പ്രതികൂലമെങ്കിൽ പാർട്ടി അണികൾ തെരുവിലിറങ്ങി സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് അമേരിക്കയിൽ സുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നത്. സ്ഥിര ശൈലിയിലുള്ള ട്രംപിന്റെ പ്രസംഗം പ്രകോപനം ഉണ്ടാക്കിയേക്കുമെന്ന ആശങ്കയും ശക്തമാണ്.
വാഷിങ്ടനിൽ വൈറ്റ് ഹൗസിനു ചുറ്റും ചാടിക്കടക്കാനാകാത്ത ഉയരത്തിൽ വേലി സ്ഥാപിച്ചു സുരക്ഷയൊരുക്കി. ന്യൂയോർക്ക് പോലെയുള്ള നഗരങ്ങളിൽ കടകളും സ്ഥാപനങ്ങളും കെട്ടിയടച്ചു സുരക്ഷിതമാക്കുന്നു. പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യാറുള്ള ഡോണൾഡ് ട്രംപിന്റെ വാക്കുകൾ റിപ്പബ്ലിക്കൻ അണികൾക്കു പ്രലോഭനമാകുമോയെന്ന ആശങ്കയുണ്ട്. തോറ്റാലും വൈറ്റ് ഹൗസിൽ നിന്നിറങ്ങാതെ ഇലക്ഷൻ അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചേക്കും. ഇതും അമേരിക്കയെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ പതിഷേധവുമായി ഡമോക്രാറ്റ് അണികളും ഇറങ്ങിയേക്കാം.
തിരഞ്ഞെടുപ്പു ഫലത്തിൽ തർക്കമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിർണായക സംസ്ഥാനങ്ങളിൽ വോട്ടിങ് സംബന്ധിച്ചോ വോട്ടെണ്ണൽ സംബന്ധിച്ചോ പരാതിയുമായി പാർട്ടികൾ കോടതിയെ സമീപിച്ചേക്കാം. 10 കോടിയിലേറെ പേർ മുൻകൂറായി വോട്ടു ചെയ്തു കഴിഞ്ഞ ഇത്തവണ ആകെ വോട്ടർമാർ 24 കോടിയോളം വരും. മരണവും ദുരിതവും വിതച്ച കോവിഡ് മഹാമാരിക്കിടയിലും ഇന്നലെ രാവിലെ മുതൽ കനത്ത പോളിങ് രേഖപ്പെടുത്തി. പെൻസിൽവേനിയയിൽ ബൂത്തു തുറക്കാൻ ജനങ്ങൾ കൂട്ടത്തോടെ കാത്തുനിന്നു. അലിഗനി കൗണ്ടിയിൽ വോട്ടെടുപ്പു തുടങ്ങാൻ വൈകിയതുൾപ്പെടെ സാങ്കേതിക പ്രശ്‌നങ്ങളുമുണ്ടായി.
ഫലമറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സ്ഥാനാർത്ഥികളും. ഡമോക്രാറ്റുകാരായ രാജ കൃഷ്ണമൂർത്തി, ആമി ബേറ, പ്രമീള ജയപാൽ, റോ ഖന്ന എന്നിവർ ഉൾപ്പെടെ 8 ഇന്ത്യൻ വംശജർ ഇത്തവണ കോൺഗ്രസിലേക്കു ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഇവരുടെ വിജയവും അമേരിക്കയിലെ ഇന്ത്യൻ വംശജർ ഉറ്റുനോക്കുന്നു.
സർവേകൾ പ്രവചിക്കുന്നതുപോലെ ഡമോക്രാറ്റ് തരംഗം വന്നാൽ അവർ സെനറ്റും പിടിച്ചേക്കും. ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് സെനറ്റിൽ ഭൂരിപക്ഷം (5347). വിവിധ സംസ്ഥാനങ്ങളിലായി 35 സീറ്റുകളിലാണു സെനറ്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ അരിസോന ഉൾപ്പെടെ 7 ഇടത്ത് കനത്ത പോരാട്ടം നടക്കുന്നു. ബൈഡൻ ജയിച്ചാലും സെനറ്റിൽ ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമില്ലെങ്കിൽ നിർണായക നിമയനിർമ്മാണങ്ങൾക്കു തടസ്സമാകും.
കമലയ്ക്കായി തുളസേന്ദ്രപുരം
ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ ഇന്ത്യൻ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾത്തന്നെ കമലയുടെ നാടായ തമിഴ്‌നാട്ടിലെ തിരുവാരൂർ തുളസേന്ദ്രപുരത്ത് ആഘോഷം തുടങ്ങിയിരുന്നു. പ്രധാന കവലകളിലെല്ലാം കൂറ്റൻ ഫ്‌ളക്‌സുകളും ഇന്നലെ പ്രത്യേക പൂജയും അന്നദാനവും നടന്നു.