ചെന്നൈ: വയലിൽ ആട് കയറി വിളവ് തിന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബിജെപി. തൊഴിലാളിസംഘടനാ നേതാവിനെ യുവാവ് വെട്ടിക്കൊന്നു. സംഭവ ശേഷം പ്രതി ഒളിവിൽ പോയി. തൂത്തുക്കുടി ശ്രീവൈകുണ്ഡത്തിനടുത്ത് തെൻതിരുപ്പേരൈ കോട്ടൂർ സ്വദേശിയായ രാമയ്യദാസാണ് (55) മരിച്ചത്. ബിജെപി.യുടെ അസംഘടിത തൊഴിലാളിസംഘടനയുടെ തൂത്തുക്കുടി വെസ്റ്റ് സെക്രട്ടറിയായിരുന്നു. സംഭവത്തിൽ പ്രതിയായ യാദവർ സ്ട്രീറ്റിൽ താമസിക്കുന്ന ഇസക്കി (21) ക്കായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി.

കഴിഞ്ഞ ദിവസമാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഉണ്ടായത്. രാമയ്യദാസിന്റെ വയലിൽ കഴിഞ്ഞദിവസം ഇസക്കിയുടെ ആടുകയറി വിളവ് തിന്നതായി പറയുന്നു. അതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടുയി. ഇതിന്റെ വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച ഇസക്കി ചൊവ്വാഴ്ച രാവിലെ തെൻതിരുപ്പേരൈ ബാസാറിൽ ചായക്കടയിൽനിന്നിരുന്ന രാമയ്യദാസിനെ അരിവാളുമായെത്തി ആക്രമിക്കുകയായിരുന്നു. മാരകമായി വെട്ടേറ്റ രാമയ്യദാസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൃത്യത്തിനുശേഷം പ്രതി ഓടിരക്ഷപ്പെട്ടു.

പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ സുരക്ഷയൊരുക്കി. വിവരമറിഞ്ഞ് ശ്രീവൈകുണ്ഡം ഡി.എസ്‌പി. വെങ്കടേശന്റെ നേതൃത്വത്തിൽ തിരുനഗരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി ഗവ. ആശുപത്രിയിലേക്ക് മാറ്റി.

ഇതിനിടെ, രാമയ്യദാസിന്റെ ബന്ധുക്കളും അനുയായികളും ഇസക്കിയുടെ വീട് തകർത്തു. അവിടെയുണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾക്കും വൈക്കോൽത്തുറുവിനും സംഘം തീയിട്ടു. സംഘർഷസാധ്യതയുള്ളതിനാൽ കനത്തപൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുനെൽവേലി റെയ്ഞ്ച് ഡി.ഐ.ജി. പ്രവീൺകുമാർ അഭിനവ്, തൂത്തുക്കുടി എസ്‌പി. ജയകുമാർ തുടങ്ങിയ ഉന്നത പൊലീസുദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.