നെടുങ്കണ്ടം: കോവിഡ് കാലത്ത് നേട്ടങ്ങളുടെ കൊടുമുടി കയറുകയാണ് യുവാക്കൾ ആരംഭിച്ച ഒരു സ്റ്റാർട്ട് അപ്പ് കമ്പനി. കുറഞ്ഞ ചെലവിൽ സോഫ്റ്റ് വെയറുകൾ ചെയ്യണമെന്നും നിരവധി യുവാക്കൾക്ക് തൊഴിൽ നൽകണമെന്നും ഉള്ള ലക്ഷ്യത്തോടെ രണ്ട് യുവാക്കൾ ചേർന്ന് തുടങ്ങിയ കമ്പനിയാണ് ഇന്ന് കേരളത്തിൽ തരംഗമാവുന്നത്. ചേമ്പളം കുന്നത്തുമാക്കൽ ജിതിൻ തങ്കച്ചനും കണ്ണൂർ മാമ്പുഴ സച്ചിൻ ഗ്രേഷ്യസും ചേർന്ന് ആരംഭിച്ച കംപ്യൂട്ടിങ് ഫ്രീഡം കലക്ടീവ് എന്ന സ്റ്റാർട്ടപ് കമ്പനിയാണ് തരംഗമായിരിക്കുന്നത്.

കെഎസ്ഇബി, ഐടി മിഷൻ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഓഫിസ് എന്നിവയ്ക്ക് നെടുങ്കണ്ടത്തു നിന്നു ഇതിനകം സോഫ്റ്റ്‌വെയർ നിർമ്മിച്ചു നൽകി. കരാറുകൾ ലഭിച്ചു തുടങ്ങിയതോടെ 10 പേർക്ക് സ്വയം തൊഴിലുമായി. നാലു കോടി രൂപ ചെലവ് വരുമെന്നു കെഎസ്ഇബി കരുതിയ പ്രോജക്ട് 10 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച് നൽകിയാണ് ഈ യുവാക്കളുടെ കൂട്ടായ്മ കേരള സർക്കാരിന്റെ മനം കവർന്നത്.

കെഎസ്ഇബിക്കായി സംസ്ഥാനത്തെ സബ് സ്റ്റേഷനുകളിൽ വൈദ്യുതി എത്തിക്കുന്ന ഹൈടെൻഷൻ വൈദ്യുതി ലൈനുകളുടെ മാപ്പിങ് നടത്താൻ സോഫ്റ്റ്‌വെയർ തയാറാക്കി നൽകുക ആയിരുന്നു. വൈദ്യുതി തടസ്സമുണ്ടായാൽ അതിവേഗം തകരാർ പരിഹരിക്കാൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിലൂടെ കഴിയും. നാലു കോടി രൂപ ചെലവ് വരുമെന്നു കെഎസ്ഇബി കരുതിയ പ്രോജക്ട് 10 ലക്ഷം രൂപയ്ക്കാണ് ഇവർ കെഎസ്ഇബിക്കു പൂർത്തീകരിച്ച് നൽകിയത്.

സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡിജിറ്റൽ മാപ് തയാറാക്കി. പഞ്ചായത്തുകളിലെ റോഡുകളുടെ കണക്ടിവിറ്റി, റോഡുകളുടെ കിടപ്പ്, ഉരുൾപൊട്ടൽ സാധ്യതാ മേഖല എന്നിങ്ങനെ 30 വിഭാഗങ്ങളിലായി 30,000 മാപ്പുകൾ തയാറാക്കി നൽകി.

സംസ്ഥാന ഐടി മിഷനു വേണ്ടി പഞ്ചായത്ത് തലത്തിൽ തയാറാക്കിയ പച്ചത്തുരുത്തുകളുടെ മാപ്പിങ് സോഫ്റ്റ്‌വെയർ നിർമ്മിച്ചു നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഓഫിസ് ഫയലുകൾ ഡിജിറ്റൽ ഫയലുകളാക്കി മാറ്റി നൽകിയതും ഈ സ്റ്റാർട്ടപ്പാണ്. അസമിലെ ഒരു സ്‌കൂളിനു വേണ്ടി ഓൺലൈൻ ക്ലാസുകൾക്കായി ഒരു സോഫ്റ്റ്‌വെയറും സൗജന്യമായി നിർമ്മിച്ചു നൽകി.

കോവിഡ് കാലത്തെ മാറിയ സാഹചര്യത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തിനും പുറമേ നെടുങ്കണ്ടത്തും ഐടി കമ്പനി സ്ഥാപിക്കണമെന്ന ആഗ്രഹമാണ് 10 പേരടങ്ങുന്ന ഈ യുവാക്കളുടെ കൂട്ടായ്മയ്ക്കുള്ളത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് സ്റ്റാർട്ടപ് കമ്പനി തുടങ്ങിയാൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനും യുവാക്കൾക്കു തൊഴിൽ നൽകാനും കഴിയുമെന്നും ഇവർ പറയുന്നു.വെബ്‌സൈറ്റ്: www.cfc.net.in