- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഫ *** യു ഫാസിസ്റ്റ്'... പൊലീസുകാരനെ മുഖത്ത് നോക്കി തെറിപറഞ്ഞ് മുഖത്ത് തുപ്പി പ്രതിഷേധക്കാരി; 24കാരിയെ തള്ളിയിട്ട് അറസ്റ്റ് ചെയ്ത് അമേരിക്കൻ പൊലീസുകാർ; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിഷേധം കാണാം..
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫലം അനിശ്ചിതത്വത്തിൽ നിൽക്കവെ പ്രക്ഷോഭകാരികൾ നഗരവീഥികൾ കീഴടക്കുന്നു. ട്രംപ് വിരുദ്ധ പ്രക്ഷോഭക ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പിയതിന് ന്യൂയോർക്കിൽ അറസ്റ്റിലായി. 24 കാരിയായ ദേവിന സിങ്ങാണ് പൊലീസുകാരനെ മോശം വാക്കുകൾ ഉപയോഗിച്ച് ആക്രോശിച്ച ശേഷം മുഖത്ത് തുപ്പിയത്. മാൻഹട്ടനിലെ ഒരു സുരക്ഷാഉദ്യോഗസ്ഥനെ 'ഫ *** യു ഫാസിസ്റ്റ്' എന്ന് ആക്രോശിച്ച ശേഷമാണ് യുവതി തുപ്പിയത്. ആ സമയത്ത് അവളെ തറയിൽ തള്ളിയിട്ട പൊലീസുകാർ യുവതിയെ അറസ്റ്റ് ചെയ്തു.
ന്യൂയോർക്കിൽ രാത്രിയിലും നടന്ന പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ 50 ലധികം ആളുകളിൽ ഒരാളാണ് ദേവിനയും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തിന്റെ കേന്ദ്രമായ പെൻസിൽവാനിയയിൽ നിന്നുള്ള യുവതിക്കെതിരെ നിയമവിരുദ്ധമായ സംഘം ചേരൽ, അറസ്റ്റിനെ പ്രതിരോധിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
യുവതി പൊലീസുകാരനെതിരെ മോശം വാക്കുകൾ ഉപയോഗിക്കുന്നതിന്റെയും തുടർന്ന് മുഖത്ത് തുപ്പുന്നതിന്റെയും യുവതിയെ തള്ളി നിലത്തിട്ട് അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നു. പൊലീസ് ഉദ്യോഗസ്ഥൻ യുവതിയെ പിടിച്ച് മതിലിനു നേരെ നീക്കി ബലമായി നിലത്തിട്ട് മർദ്ദിക്കുന്നതിനുമുമ്പ് മറ്റ് പ്രതിഷേധക്കാരും മുന്നോട്ട് വന്നു. 'നിങ്ങൾ ഒരു സ്ത്രീയെ ആക്രമിക്കരുത്!' എന്ന്ഒരാൾ വിളിച്ച് പറയുന്നുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പിന്നീട് ട്വിറ്ററിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു: 'ഇതുപോലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ല. ഈ പ്രവൃത്തികൾ ചെയ്യുന്ന പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യും.' ബുധനാഴ്ച പ്രതിഷേധക്കാർ ന്യൂയോർക്കിൽ പ്രതിഷേധത്തിന് തുടക്കം കുറിച്ചു, 'എല്ലാ വോട്ടുകളും എണ്ണുക', 'ഓരോ വോട്ടും കണക്കാക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. അരിസോണയിലെ ല മാരികോപ്പ കൗണ്ടിയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ സായുധ ട്രംപ് അനുകൂലികൾ പ്രതിഷേധിച്ചതിനാൽ വോട്ടെണ്ണെൽ കേന്ദ്രം അടച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഡെയിലി മെയിൽ അടക്കമുള്ള വിദേശ മാധ്യമങ്ങൾ പുറത്തുവിടുന്നത്.
വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് തോക്കുധാരികളായ ട്രംപ് അനുകൂലികൾ വോട്ടെണ്ണൽ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടത്തുകയാണ്. തെരഞ്ഞെടുപ്പ് കൃത്രിമം ചൂണ്ടിക്കാട്ടി ട്രംപ് കോടയിയെ സമീപിച്ചതോടെ കോടതി വിധി വരുന്നതുവരെ ഫലം തടയണമെന്നാണ് ട്രംപ് അനുകൂലികളുടെ ആവശ്യം. പലയിടത്തും ട്രപ് റീകൗണ്ടിങ്ങ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെയും തോക്ക്ധാരികൾ കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കയാണ്. പോളിങ് സമയത്തിനു ശേഷമുള്ള വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അനുകൂലികൾ തെരുവിലിറങ്ങിയതോടെ, അവസാന വോട്ടും എണ്ണണം എന്ന ആവശ്യവുമായാണ് ബൈഡൻ അനുകൂലികൾ പ്രകടനങ്ങൾ നടത്തിയത്. ബോസ്റ്റണിലും മിനിയാപൊളിസിലും ഡെമോക്രാറ്റുകളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഡെട്രോയിറ്റിൽ റിപ്പബ്ലിക്കൻ അനുകൂലികളാണ് പ്രതിഷേധിച്ചത്. ലാസ്വേഗസിൽ ട്രംപ് -ബൈഡൻ അനുകൂലികൾ ഏറ്റുമുട്ടി.
ഇതിനിടെ അരിസോണയിൽ ബൈഡന്റെ ലീഡ് കുത്തനെ കുറയുന്നതും നെഞ്ചിടിപ്പ് വർധിപ്പിക്കയാണ്. മുമ്പ് 200,000 വോട്ടിന്റെ ലീഡ് ഇപ്പോൾ വെറും 68,000 ആയി കുറഞ്ഞിരുന്നു. അതേസമയംപെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപിന്റെ ലീഡ് കുറഞ്ഞു. 90 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നേരിയ ലീഡ് മാത്രമാണ് ട്രംപിനുള്ളത്. 379,639 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്ന ട്രംപിന് ഒടുവിൽ വിവരം കിട്ടുമ്പോൾ 164,414 വോട്ടുകളുടെ ലീഡ് മാത്രമാണുള്ളത്.
റിപ്പബ്ലിക്കൻ കേന്ദ്രമായ അരിസോണയിൽ ബൈഡൻ വിജയിച്ചുവെന്നത് ട്രംപ് അനുകൂലികൾക്കും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഇവിടെ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിരുന്നില്ല. എങ്കിലും മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബൈഡൻ ഇവിടെ ജയിച്ചതായാണ് കണക്കു കൂട്ടിയിരുന്നത്. ഇവിടുത്തെ 11 ഇലക്ടറൽ വോട്ടുകൾ ഉൾപ്പെടെ 264 വോട്ടുകൾ ബൈഡൻ നേടിയതായും ആറ് വോട്ടുകൾ കൂടി ലഭിച്ചാൽ വിജയിയാകുമെന്നുമായിരുന്നു ഇതുവരെ പുറത്തു വന്നിട്ടുള്ള റിപ്പോർട്ടുകൾ. എന്നാൽ അരിസോണയിലെ മരികോപ കൗണ്ടിയിൽ ഇപ്പോഴും വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനത്ത് ബൈഡന്റെ ലീഡ് 79,000 ആയി കുറഞ്ഞു. നേരത്തെ വ്യക്തമായ ലീഡ് നില ബൈഡൻ നേടിയിരുന്നിടത്തു നിന്നാണ് ട്രംപ് ലീഡ് നില കുറച്ചു കൊണ്ടുവരുന്നത്. അരിസോണയിൽ ട്രംപ് വിജയിച്ചാലും അത്ഭുതപ്പെടാനില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവിടെയാണ് കോപാകുലരായ ട്രംപ് അനുകൂലികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
അരിസോണ ഒഴിച്ചു നിർത്തിയാൽ 253 വോട്ടുകളാണ് ബൈഡനുള്ളത്. ഇവിടെ വിജയിക്കുകയും നെവാഡയിലെ ആറ് വോട്ടുകൾ കൂടി നേടുകയും ചെയ്താൽ ബൈഡൻ പ്രസിഡന്റ് പദവിയിലെത്തും. എന്നാൽ 214 വോട്ടുകൾ മാത്രമുള്ള ട്രംപിന് പെൻസിൽവാനിയ (20 വോട്ടുകൾ), ജോർജിയ (16), നോർത്ത് കരോലിന (15), അലാസ്‌ക (3) എന്നീ സംസ്ഥാനങ്ങളിലെ വോട്ടുകൾ കൂടി ലഭിച്ചാൽ സാധ്യത ഏറും. എന്നാൽ ഇപ്പോൾ നാടകീയ സംഭവങ്ങൾ അരങ്ങേറുന്ന അരിസോണയിൽ ട്രംപ് വിജയിച്ചാൽ അവടുത്തെ 11 വോട്ടുകൾ കൂടി അദ്ദേഹത്തിന് ലഭിക്കും. അതേ സമയം, പെൻസിൽവാനിയയിൽ വൻ ലീഡുണ്ടായിരുന്ന ട്രംപിന് ഇപ്പോൾ 1,64,000 വോട്ടുകളുടെ ലീഡ് മാത്രമേയുള്ളൂ. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ ഫിലാഡൽഫിയ ഉൾപ്പെടെയുള്ള സംസ്ഥാനമായതിനാൽ ഈ വോട്ടുകൾ കൂടി എണ്ണിക്കഴിയുന്നതു വരെ ഫലം അനിശ്ചിതത്വത്തിൽ തന്നെയാവും. ട്രംപ് നേരത്തെ ലീഡ് നേടിയിരുന്ന ജോർജിയയിലും ലീഡ് നില കുറഞ്ഞു വരികയാണ്. ഇവിടെ 28,000 വോട്ടുകളുടെ ലീഡ് മാത്രമാണ് ട്രംപിനിപ്പോഴുള്ളത്. നോർത്ത് കരോലിനയിലും ട്രംപിന്റെ ലീഡ് നില കുറഞ്ഞു വരികയാണ്.
നിർണായകമായ പല സംസ്ഥാനങ്ങളിലും ട്രംപ് അനുകൂലികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ടെണ്ണലിൽ ക്രമക്കേട് എന്നതാണ് പ്രധാന പരാതി. എന്നാൽ ഇതിന് തെളിവുകൾ സമർപ്പിച്ചിട്ടുമില്ല. വിസ്‌കോൺസിനിലെ വോട്ടുകൾ വീണ്ടും എണ്ണണമെന്നും ഒപ്പം മിഷിഗണിൽ വോട്ടെണ്ണൽ നടക്കുന്നിടത്ത് നിജസ്ഥിതി അറിയാൻ തങ്ങൾക്ക് അവസരം വേണമെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പ് സംഘം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിനൊപ്പം പെൻസിൽവാനിയയിൽ വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നു ദിവസം വരെ വരുന്ന മെയിൽ വോട്ടുകൾ എണ്ണുന്നതിൽ സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ട്രംപ് ടീം ആവശ്യപ്പെടുന്നുണ്ട്.
'ചാഞ്ചാട്ട' സംസ്ഥാനമായ ഫ്ളോറിഡ പിടിച്ചതോടെ ഇവിടുത്തെ 29-ഉം ടെക്‌സാസ് വിജയിച്ചതോടെ ഇവിടുത്തെ 38-ഉം വോട്ടുകൾ നേടി ട്രംപ് വീണ്ടും പ്രസിഡന്റാകുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മിന്നെസോട്ട നേടി ഇവിടുത്തെ 10-വോട്ടും റിപ്പബ്ലിക്കൻ സീറ്റായ അരിസോണയിൽ വിജയിച്ചതായുള്ള വിവരം പുറത്തു വന്നതും വഴി ബൈഡൻ പ്രതീക്ഷകൾ നിലനിർത്തി. നിർണായക പോരാട്ടം നടക്കുന്ന ആറ് സംസ്ഥാനങ്ങൾ തന്നെയാണ് ഇപ്പോഴു ശ്രദ്ധാകേന്ദ്രം. വോട്ടെടുപ്പ് ദിനമായ നവംബർ 3-നു മുമ്പ് തന്നെ പോൾ ചെയ്ത വോട്ടുകൾ ഈ സംസ്ഥാനങ്ങളിൽ എണ്ണാനുള്ളതിനാൽ അവസാന വോട്ട് എണ്ണിത്തീരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാനും തങ്ങൾ വിജയ വഴിയിലാണെന്നും ബൈഡൻ പ്രഖ്യാപിച്ചിരുന്നു. അതേ സമയം, ട്രംപ് ആകട്ടെ തങ്ങൾ തെരഞ്ഞെടുപ്പ് വിജയിച്ചെന്നും ഫ്ളോറിഡ വിജയിക്കുകയും പെൻസിൽവാനിയയിൽ മുന്നിലാണെന്നും പ്രഖ്യാപിച്ചു. എന്നിട്ടും വോട്ടെണ്ണൽ നീട്ടിക്കൊണ്ടു പോകുന്നത് ക്രമക്കേട് നടത്താനാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചത് ഏറെ വിവാദമായി.
A young woman was arrested after she spat in an officer's face after screaming, "F–k you, fascist," tonight in the West Village. pic.twitter.com/cfgVLYJ5pc
- elizabeth meryl rosner (@elizameryl) November 5, 2020
മറുനാടന് ഡെസ്ക്