പത്തനംതിട്ട: കോടതിയിൽ പൊട്ടിത്തെറിച്ച് ആുംബുലൻസ് പീഡന കേസിലെ പെൺകുട്ടി. പ്രതിയായ നൗഫലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പെൺകുട്ടി കോടതി മുറിയിൽ ക്ഷുഭിതയായത്. കോടതിയിൽ നടന്ന പ്രതിഭാഗത്തിന്റെ ചില പരാമർശങ്ങളാണ് പെൺകുട്ടിയെ വേദനിപ്പിച്ചത്. ഇതോടെ പെൺകുട്ടി ക്ഷുഭിതയാകുക ആയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറും പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട വനിതാ പൊലീസും ചേർന്നാണ് പെൺകുട്ടിയെ ആശ്വസിപ്പിച്ച് സീറ്റിലേക്ക് മടക്കിക്കൊണ്ടുപോയത്. കേസ് 10നു വിധി പറയും.

പ്രതി നൗഫലിനു ജാമ്യം നൽകരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. 47 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ ആരംഭിക്കണമെന്നും ഫൊറൻസിക് റിപ്പോർട്ടുകൾ കോടതി അടിയന്തരമായി വിളിച്ചു വരുത്തണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. പട്ടിക വിഭാഗങ്ങൾക്കെതിരായ പീഡനം തടയുന്നതിനുള്ള നിയമപ്രകാരമാണ് പെൺകുട്ടി ജാമ്യാപേക്ഷയ്ക്ക് എതിരായ തർക്കം ബോധിപ്പിക്കാൻ നേരിട്ട് എത്തിയത്. പ്രത്യേകം നോട്ടീസ് നൽകിയാണ് പെൺകുട്ടിയെ കോടതിയിൽ വിളിച്ചുവരുത്തിയത്.

പ്രതി നൗഫൽ കോവിഡ് ബാധിച്ച പെൺകുട്ടിയോട് ചെയ്തത് അതിനീച പ്രവൃത്തിയാണെന്നും പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി പെരുമാറിയതെന്നും ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിൽ പറയുന്നു. അതേസമയം പെൺകുട്ടിക്ക് കോടതി പ്രത്യേക സുരക്ഷ ഒരുക്കി നൽകി.

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന പെൺകുട്ടികൾക്ക് സുപ്രീം കോടതി നിർദ്ദേശം പ്രകാരം നൽകുന്ന പ്രത്യേക സുരക്ഷയാണ് ആംബുലൻസ് പീഡന കേസിലെ പെൺകുട്ടിക്കും നൽകിയത്. കേരളത്തിൽ ആദ്യമായാണ് വിറ്റ്‌നസ് പ്രൊട്ടക്ഷൻ സ്‌കീം പ്രകാരം പ്രത്യേക പൊലീസ് സുരക്ഷ വാദിക്ക് ലഭിക്കുന്നത്. പെൺകുട്ടിയുടെ സുരക്ഷയ്ക്ക് മുഴുവൻ സമയവും പൊലീസ് ഒപ്പമുണ്ടാകും. കൂടുതൽ സുരക്ഷ ആവശ്യമുള്ളപ്പോൾ സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കും. ഇതിന്റെ ചെലവ് പൂർണമായും സർക്കാരാണ് വഹിക്കുന്നത്. ജില്ലാ പൊലീസ് മേധാവി, ജില്ലാ ജഡ്ജി എന്നിവരുടെ സമിതിയാണ് സുരക്ഷ നൽകാൻ തീരുമാനിച്ചത്.