കോഴിക്കോട്: സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സിഡിറ്റ്) ഡയറക്ടറുടെ യോഗ്യതകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ടി.എൻ സീമ.യുടെ ഭർത്താവ് ജി.ജയരാജിനു തിരികെയെത്താനുള്ള എല്ലാ വഴികളും തുറന്നിട്ടുകൊണ്ടാണു സർക്കാർ പുതിയ യോാഗ്യതകൾ നിശ്ചയിച്ചിരിക്കുന്നത്. ഐടി വകുപ്പു തന്നെ 'പിശക്' എന്നു സ്ഥിരീകരിച്ച ഗവേണിങ് ബോഡി തീരുമാനം അടിസ്ഥാനമാക്കിയാണ് സർക്കാരിന്റെ ഒത്തു കളി.

സിഡിറ്റിന്റെ 24ാം ഗവേണിങ് ബോഡി യോഗമാണ് ഇപ്പോഴത്തെ യോഗ്യതാ പരിഷ്‌കരണത്തിനു സർക്കാർ ആധാരമാക്കിയത്. 'യോഗ്യതാ പരിഷ്‌കരണം' എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനപ്രകാരം ഗവേണിങ് ബോഡി അംഗീകരിച്ചുവെന്നാണു സർക്കാരിനെ അറിയിച്ചിരുന്നത്. എന്നാൽ അതു സിഡിറ്റിനു പറ്റിയ പിശകാണെന്നും, 'യോഗ്യതാ പരിഷ്‌കരണം' ഗവേണിങ് ബോഡി ചർച്ച ചെയ്തിട്ടില്ലെന്നും ഐടി വകുപ്പിനെ പിന്നീടു രജിസ്റ്റ്രാർ അറിയിച്ചിട്ടുണ്ട്. ഈ 'പിശക് തീരുമാനം' അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ യോഗ്യതാ പരിഷ്‌കരണം.

മുൻ എംപിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ടി.എൻ. സീമയുടെ ഭർത്താവ് ജി.ജയരാജിനു വേണ്ടിയാണ് യോഗ്യതകളെല്ലാം നിശ്ചയിച്ചിരിക്കുന്നതെന്നു പ്രതിപക്ഷ യൂണിയനുകൾ ആരോപിക്കുന്നു. സിഡിറ്റിൽ രജിസ്റ്റ്രാറായും ഡയറക്ടറായുമുള്ള പ്രവൃത്തിപരിചയം ജയരാജിനുണ്ട്. നിയമനം ഹൈക്കോടതിയിൽ വിവാദമാകാതിരിക്കാൻ നേരത്തേ ജയരാജിനെ സർക്കാർ പുറത്താക്കുകയായിരുന്നു.

'സമൂഹത്തിൽ ഉന്നതസ്ഥാനത്തുള്ള വിദ്യാഭ്യാസ വിചക്ഷണൻ' എന്നതു മാത്രമായിരുന്നു ഡയറക്ടർ സ്ഥാനത്തേക്കുള്ള ആദ്യകാല യോഗ്യത. അതാണു കഴിഞ്ഞ 28നു സർക്കാർ തിരുത്തിയത്. പുതിയ യോഗ്യതകൾ ഇങ്ങനെ: സയൻസിലോ എൻജിനീയറിങ്ങിലോ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം, പൊതുമേഖലാ സ്ഥാപനങ്ങളിൽ 25 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഡയറക്ടർസിഇഒരജിസ്റ്റ്രാർ തസ്തികകളിൽ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ, ഇതൊന്നുമല്ലെങ്കിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ.