തിരുവനന്തപുരം: ആർഎസ്എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ അജണ്ടയും വംശീയ ഉന്മൂലനവുമാണ് കേരളത്തിൽ സിപിഎം ഭരണത്തിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി കേരളത്തിൽ നഷ്ടപ്പെടുമെന്ന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറിമുഖം പറഞ്ഞു. വെൽഫെയർ പാർട്ടി സവർണ സംവരണത്തിനൈതിരെ സംഘടിപ്പിച്ച ഉപവാസസമരത്തിന്റൈ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ മുത്വലാഖ്, കർഷക വിരുദ്ധ ബില്ല്, 370 റദ്ദാക്കൽ, പൗരത്വനിഷേധം തുടങ്ങി ഭരണഘടന അടിസ്ഥാനങ്ങളെ ചോദ്യംചെയ്യുന്ന നിയമങ്ങളാണ് പാർലമെന്റിൽ ഏകാധിപത്യ സ്വഭാവത്തിൽ നിർമ്മിച്ചെടുക്കുന്നത്. സംഘ്പരിവാറിന്റെ ഇത്തരം ജനാധിപത്യ വിരുദ്ധ നയങ്ങൾ കേരളത്തിൽ ഏറ്റെടുത്തു നടപ്പിലാക്കാനാണ് സിപിഎം സവർണ സംവരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇടതുപക്ഷത്തിന്റെ ഇത്തരം മൃദുഹിന്ദുത്വ സമീപനം കൊണ്ട് ലാഭമുണ്ടാകുന്നത് സംഘ്പരിവാർ ശക്തികൾക്ക് മാത്രമാണ്. ഏകാധിപത്യ നയങ്ങൾ തുടരാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളതെങ്കിൽ ത്രിപുരയിലും ബംഗാളിലും സംഭവിച്ചത് കേരളത്തിലും ആവർത്തിക്കും. ശക്തമായ മതേതര പാർട്ടിയായി സിപിഎം നിലനിൽക്കണമെന്നാണ് വെൽഫെയർ പാർട്ടി ആഗ്രഹിക്കുന്നത്. തദടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലും ബംഗാളിലും സിപിഎമ്മുമായി സഹകരിച്ച് വെൽഫെയർ പാർട്ടി പ്രവർത്തിച്ചു വരുന്നത്. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘ്പരിവാറിനെതിരെ വിശാല ജനാധിപത്യ കൂട്ടായ്മയ്ക്ക് കേരളത്തിലെ സിപിഎം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.