അബുദാബി: വ്യക്തിഗത, കുടുംബ, പിന്തുടർച്ചാവകാശ ശിക്ഷാനിയമങ്ങളിൽ സമഗ്ര ഭേദഗതിയുമായി യുഎഇ. ചെറിയ കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാൽ വധശിക്ഷ ഉൾപ്പെടെ നിയമങ്ങളിൽ സമഗ്ര ഭേദഗതികൾക്കാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയിരിക്കുന്നത്. ചില നിയമങ്ങൾ എടുത്തുമാറ്റിയും പുതിയ ചിലത് ഉൾപ്പെടുത്തിയുമാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

മദ്യപാനം വ്യവസ്ഥകളോടെ കുറ്റമല്ലാതാക്കിയതാണ് ഒരു പ്രധാന മാറ്റം. 21 വയസിനു മുകളിലുള്ളവർക്ക് നിശ്ചിത സ്ഥലങ്ങളിൽ മദ്യപാനം അനുവദിച്ചു. എന്നാൽ ഇതിന് താഴെ പ്രായമുള്ളവർ മദ്യം ഉപയോഗിക്കാനോ കൈകാര്യം ചെയ്യാനോ പാടില്ലെന്നും വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളിൽ ചുംബനത്തിലേർപ്പെടുന്നതിന് ഉണ്ടായിരുന്ന ശിക്ഷ തടവിനു പകരം പിഴയാക്കി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഇനി ശിക്ഷയില്ല. അതേസമയം, ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ വശീകരിച്ചോ സ്ത്രീയേയോ പുരുഷനെയോ പീഡിപ്പിച്ചാൽ ശിക്ഷ ലഭിക്കും.

വൈകല്യമുള്ളവർ, രക്തബന്ധത്തിൽപെട്ടവർ, 14 വയസിനു താഴെയുള്ളവർ എന്നിവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമാണ്. ലൈംഗിക പീഡനം, പെൺവാണിഭം തുടങ്ങിയ കേസുകളിൽ പ്രതികളുടെയോ സാക്ഷികളുടെയോ വിവരങ്ങൾ രഹസ്യമാക്കിവയ്ക്കുന്നതാണ്. ശാരീരികവും മാനസികവും ധാർമികവും സുരക്ഷിതത്വ പരവുമായ കേസുകളിൽപ്പെട്ട കുട്ടികളുടെ വിവരങ്ങളും വെളിപ്പെടുത്തുകയില്ല.

ഒരാളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതും സഹായം ചെയ്യുന്നതും ശിക്ഷാർഹമാണ്. അതേസമയം, ആത്മഹത്യ ചെയ്യാൻ ശ്രമിച്ചവർക്കു മാനസികപ്രശ്‌നമോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. വിൽപത്രം (ഒസ്യത്ത്) എഴുതിവയ്ക്കാതെ യുഎഇയിൽ മരണപ്പെട്ടയാളുടെ സ്വത്ത് അതാതു രാജ്യത്തെ നിയമം അനുസരിച്ച് വിഭജനം ചെയ്യാൻ സാധിക്കുംവിധമാണ് പിന്തുടർച്ചാവകാശ നിയമത്തിലെ ഭേദഗതി. നിലവിൽ യുഎഇ നിയമപ്രകാരമായിരുന്നു ചെയ്തിരുന്നത്.

ഒസ്യത്ത് എഴുതിവച്ചിട്ടുണ്ടെങ്കിൽ അതുപ്രകാരം ചെയ്യാനും അനുമതിയുണ്ട്. കേസിൽപെടുന്ന പ്രതികളെയോ സാക്ഷികളെയോ ചോദ്യം ചെയ്യുമ്പോൾ സ്വന്തം ഭാഷയിൽ ആശയവിനിമയത്തിനു തർജമയ്ക്ക് ആളെ വച്ചുകൊടുക്കണം. ദുരുദ്ദേശപരമല്ലാതെ സഹായിക്കാം.