തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ എൽ.ഡി.എഫ്. അധികാരത്തിലേറിയാൽ പിൻവലിക്കുമെന്ന് പ്രചരിപ്പിക്കുകയും സർക്കാർ അധികാരത്തിലെത്തി നാലര വർഷം പിന്നിട്ടിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിക്കാത്ത വഞ്ചനാപരമായ നിലപാട് ജീവനക്കാർ തിരിച്ചറിയണമെന്ന് ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സർക്കാർ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കാൻ ഒരു സമിതിയെ 6 മാസത്തെ കാലാവധിയിൽ നിശ്ചയിച്ചുവെങ്കിലും 4 പ്രാവശ്യമായി 2 വർഷം കാലാവധി നീട്ടികൊടുക്കുകയാണ് ചെയ്തത്. പുതുക്കിയ കാലവധിയും അവസാനിച്ചപ്പോൾ കഴിഞ്ഞ ദിവസം വീണ്ടും 6 മാസം നീട്ടി ഉത്തരവിറക്കി. പങ്കാളിത്ത പെൻഷൻ കൂടുതൽ സ്ഥാപനങ്ങളിൽ നടപ്പിലാക്കിക്കൊണ്ട് ഇക്കാര്യത്തിലുള്ള കപട നിലപാട് ഇടതു സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്.

ജീവനക്കാരെ കമ്പളിപ്പിക്കുകയെന്ന തന്ത്രം തുടരുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിലെ വർക്ക് സ്റ്റഡി റിപ്പോർട്ട് ഉപേക്ഷിക്കണമെന്നും പുനർവിന്യാസ നടപടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ ജീവനക്കാരുടെ ശമ്പളം നിർബന്ധപൂർവ്വം പിടിച്ചെടുത്തും, ക്ഷാമബത്ത മരവിപ്പിച്ചും, ലീവ് സറണ്ടർ തടഞ്ഞു വച്ചും, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് മാറിയും ശമ്പളപരിഷ്‌കരണം വൈകിപ്പിച്ചും ജീവനക്കാരോട് കടുത്ത ദ്രോഹമാണ് പിണറായി സർക്കാർ ചെയ്തിട്ടുള്ളത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമെങ്കിലും പാലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ടി.ഐ. അജയകുമാർ, ഭാരവാഹികളായ പൂന്തുറ സുദർശനൻ, വെങ്കിടേഷ്, അജയ് കെ. നായർ, ബി.എൽ. ഗോപകുമാർ എന്നിവർ സംസാരിച്ചു.