ഷിംല: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബൈഡനെ തള്ളി പറഞ്ഞും കമലാ ഹാരിസിനെ അഭിനന്ദിച്ചും വിവാദ ട്വീറ്റുമായി നടി കങ്കണ റവത്. ബൈഡൻ ഒരു വർഷത്തിലധികം ഭരണത്തിൽ തുടരില്ലെന്നും കമല ഹാരിസാവും പിന്നീട് ഭരണം നിയന്ത്രിക്കുകയെന്നും കങ്കണ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം കമല ഹാരിസ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് കങ്കണ അമേരിക്കയുടെ ഭാവിയെപ്പറ്റിയുള്ള സ്വന്തം നിലയിലുള്ള പ്രവചനങ്ങൾ നടത്തിയത്.

'ഓരോ അഞ്ചു മിനിട്ടിലും ഡേറ്റ ക്രാഷാവുന്ന ഗജ്നി ബൈഡന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ല, എല്ലാ മരുന്നുകളും അവർ അദ്ദേഹത്തിന് കുത്തിവെക്കുന്നു. എന്നാൽ അദ്ദേഹം ഒരു വർഷത്തിലധികം തുടരില്ല. കമല ഹാരിസാവും പിന്നീട് കാര്യങ്ങൾ നിയന്ത്രിക്കുക എന്നകാര്യം വ്യക്തമാണ്. ഒരു സ്ത്രീ ഉയർന്നു വരുമ്പോൾ, എല്ലാ സ്ത്രീകൾക്കും അവർ വഴികാട്ടുന്നു. ചരിത്രപരമായ ദിവസത്തിന് ചിയേഴ്സ്' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

പോസ്റ്റ് ചെയ്തതിന് പിന്നാലെ കങ്കണയുടെ ട്വീറ്റ് വിവാദമായിരിക്കുകയാണ്. ബൈഡനെപ്പോലെ ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയെ ഇത്തരത്തിൽ നിന്ദിക്കരുതെന്ന് പലരും ചൂണ്ടിക്കാട്ടി. ബൈഡനും കമലയും ഒരേ പാർട്ടിക്കാരും ഒരേ ആശയങ്ങൾ പിന്തുടരുന്നവരും ആയിട്ടുപോലും സ്ത്രീ ആയതിനാൽ കമലയെ റോൾ മോഡലായി ഉയർത്തിക്കാട്ടുകയും ജോ ബൈഡനെ ഗജ്നി എന്ന് വിളിക്കുകയും ചെയ്യുന്നത് എന്തിനാണെന്നും പലരും നടിയോട് ചോദിച്ചിട്ടുണ്ട്.