- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ നിന്നിറങ്ങുമ്പോൾ ജോ ബൈഡന് പ്രായം 82 ആകും; മറ്റൊരു അങ്കത്തിന് ബാല്യം ബാക്കിയില്ലാത്തതിനാൽ അടുത്ത സാധ്യത കമലാ ദേവിക്ക്; അമേരിക്കയുടെ ചരിത്രത്തിൽ ആദ്യ വനിത പ്രസിഡണ്ടും ഇന്ത്യൻ വംശജയായ പ്രസിഡണ്ടും ആകാൻ ഒരുങ്ങി വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട തമിഴ് വംശജ; ബൈഡൻ തന്നെ കമലയെ പിന്തുണച്ച് മുന്നോട്ട് വരും
''നമ്മൾ നേടി ജോ, നമ്മൾ അത് നേടി'' ഇന്നലെ ഇത് വിളിച്ചുപറയുമ്പോൾ അക്ഷരാർത്ഥത്തിൽ കമലാ ഹാരിസ് കരയുകയായിരുന്നു, ആനന്ദക്കണ്ണീർ ഉതിർത്തുകൊണ്ട്. ഏതാണ്ട് 18 മാസങ്ങൾക്ക് മുൻപ്, ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാനുള്ള കാമ്പെയിനിൽ, തന്റെ എതിരാളിയായ ജോ ബൈഡനോട് വംശീയതയെ കുറിച്ചുള്ള അഭിപ്രായം തുറന്നുപറയാൻ വെല്ലുവിളിച്ച കമലയേയാണ് എല്ലാവരും അപ്പോൾ ഓർമ്മിച്ചത്. അന്ന്, മുഖാമുഖം നിന്ന് പോരാടിയ ബൈഡനും കമലയും ഇന്നിതാ ഒരുമിച്ചെത്തിയിരിക്കുന്നു, അമേരിക്കയെ നയിക്കാൻ.
അമേരിക്കയുടെ ആദ്യ വനിതാ വൈസ്പ്രസിഡണ്ടും, വൈസ്പ്രസിഡണ്ടാകുന്ന ആദ്യ ആഫ്രിക്കൻ-ഏഷ്യൻ വംശജയുമാണ് കമലാ ഹാരിസ്. ഇടതുപക്ഷ മൗലികവാദിയായ സോഷ്യലിസ്റ്റ് എന്ന് ട്രംപ് വിശേഷിപ്പിച്ച കമല എന്നും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാടിയിട്ടുള്ള വനിത കൂടിയാണ്. തമിഴ്‌നാട് സ്വദേശിയായ അമ്മയുടെയും ജമൈക്കൻ സ്വദേശിയായ പിതാവിന്റെയും മകളായിട്ടാണ് ജനനം. മാതാപിതാക്കൾ വിവാഹമോചിതരായപ്പോൾ, അമ്മശ്യാമള ഗോപാലൻ ഹാരിസിനൊപ്പം ഹിന്ദുമതവിശ്വാസങ്ങൾക്കനുസരിച്ച് വളര്ന്നു.
''പല കാര്യങ്ങളും ആദ്യമായി ചെയ്യാൻ പോകുന്നത് നീയായിരിക്കും, ഇനി അതു നടന്നില്ലെങ്കിൽ കൂടി അവസാനമായി ചെയ്യുന്ന ആളാകാതിരിക്കുക'' ചെറുപ്പകാലങ്ങളിൽ തനിക്ക് ശക്തിപകര്ന്നു തന്നിട്ടുള്ള അമ്മയുടെ ഈ വാക്കുകൾ സത്യമാകുന്നതിന്റെ സന്തോഷത്തിൽ കൂടിയാണ് കമല. ഇപ്പോൾ തന്നെ പല കാര്യങ്ങളിലും 'ആദ്യം' ആയ കമലയ്ക്ക് മുന്നിൽ ഇനിയും 'ആദ്യം' ആകുവാനുള്ള സാധ്യതകൾ നിരവധിയാണ്.
ജോ ബൈഡന്റെ പ്രായം പരിഗണിക്കുമ്പോൾ, 2024 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കാൻ സാധ്യതയില്ല. സ്വാഭാവികമായും അടുത്ത സാധ്യത കാലിഫോർണിയയിലെ മുൻ അറ്റോർണി ജനറലായിരുന്ന കമലയ്ക്ക് തന്നെയാണ്. അത് സംഭവ്യമായാൽ, അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടാകും കമലാ ഹാരിസ്. ഒരുപക്ഷെ ഇതുകൂടി മനസ്സിൽ കണ്ടുകൊണ്ടായിരിക്കണം, പ്രസിഡന്റ് സ്ഥാനാർത്ഥി സ്ഥാനത്തേക്ക് തന്റെ എതിരാളിയായിരുന്ന കമലയെ തന്നെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കുവാൻ ബൈഡൻ മുൻകൈ എടുത്തത് എന്നു കരുതുന്നവരും ഉണ്ട്.
കമലയുടെ നിലപാടുകളിലും അടുത്തയിടെ കാതലായ മാറ്റങ്ങൾ വന്നിരുന്നു. ഒരുകാലത്ത് തീവ്രവാദത്തോട് അടുത്തു നിൽക്കുന്ന നിലപാടായിരുന്നു കമലയുടേതെങ്കിൽ, ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകാലത്ത് കൂടുതൽ മിതമായ നിലപാടുകളായിരുന്നു അവർ എടുത്തത്. അതുപോലെ അറ്റോർണി ജനറലായിരുന്ന കാലത്ത് മയക്കുമരുന്നിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച കമല അടുത്തകാലത്ത് അമേരിക്കയിൽ മയക്കുമരുന്ന് നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് സെനറ്റിൽ വന്ന ഒരു ബില്ലിനെ പിന്തുണച്ചിരുന്നു. കാലം ഏറെ മാറി, മരിജുവാന ഒരു കുറ്റമല്ലാതായി എന്നാണ് അവർ അന്ന് അതിനെ കുറിച്ച് പറഞ്ഞത്.
എല്ലാവർക്കും ആരോഗ്യ സംരക്ഷണം, ആയുധനിയന്ത്രണം എന്നിവ സംബന്ധിച്ച കാര്യങ്ങളിലും ഇവർ അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നു. രണ്ടു പതിറ്റാണ്ടായി ഡെമോക്രാറ്റിക് പാർട്ടി രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടായിരുന്നെങ്കിലും2016 ൽ മാത്രമാണ് ആദ്യമായി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, തന്റെ ആഗ്രഹങ്ങൾ ഒരിക്കലുമവർ ഒളിച്ചു വച്ചിരുന്നില്ല.
ആഫ്രിക്കൻ- ഏഷ്യൻ വംശജ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുമ്പോഴും തന്റെ വ്യക്തിത്വത്തെ കുറിച്ചോ സ്വത്വത്തേ കുറിച്ചോ തനിക്ക് വേവലാതി ഇല്ലെന്നാണ് കമല തുറന്നു പറയുന്നത്. താൻ നൂറു ശതമാനം ഒരു അമേരിക്കൻ ആണെന്നും ബാക്കിയുള്ളവയൊക്കെ കേവല വിശേഷണങ്ങൾ മാത്രമാണെന്നും അവർ പറയുന്നു. ജീവിത പശ്ചാത്തലമോ തൊലിയുടെ നിറമോ നോക്കി രാഷ്ട്രീയക്കാരെ വിവിധ വിഭാഗങ്ങളായി വേർതിരിക്കരുതെന്നും അവർ പറയുന്നു.
2014 -ൽ നിയമജ്ഞനായ എംഹോഫിനെ കമല വിവാഹം കഴിച്ചു. മുൻ വിവാഹത്തിൽ എംഹോഫിന് രണ്ട് മക്കളുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഒരുപാട് പ്രത്യേകതകളുണ്ടെന്ന് കമല പറയുന്നു. ഇത് അമേരിക്കയുടെ ആത്മാവിന്റെ പോരാട്ടമായിരുന്നു. ആ ആത്മാവിന് വേണ്ടിയാണ് താനും ബൈഡനും പോരാടിയതെന്നും അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ