തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ പിണറായി സർക്കാർ കൊണ്ടു വന്ന കേരള പൊലീസ് നിയമഭേദഗതി ഓർഡിനൻസിന്റെ ഭരണഘടനാ സാധുത ഗവർണർ പരിശോധിക്കുന്നു. കേരളാ പൊലീസ് നിയമ ഭേദഗതിയിൽ ഇനിയും ഒപ്പു വെക്കാത്ത ഗവർണർ ഈ ഭേദഗതിയിൽ സകല കോണിൽ നിന്നും വിമർശനം നേരിടുന്നതിനിടയിൽ കൂടുതൽ പരിശോധന നടത്താൻ ഒരുങ്ങുകയാണ്്. ഇതു സംബന്ധിച്ച് വിദഗ്ദരുമായി ചർച്ച നടത്താനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചു.

സൈബർ ആക്രമണങ്ങൾ തടയാൻ നിലവിലെ നിയമവ്യവസ്ഥകൾ പോരെന്നു കണ്ടാണ് നിയമഭേദഗതി തീരുമാനിച്ചത്. ഇത് പൊലീസിന് അമിതാധികാരം നൽകുന്നതിനൊപ്പം മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണെന്ന ആക്ഷേപം ഉയർന്നതിനാലാണ് ഓർഡിനൻസിൽ കൂടുതൽ പരിശോധനകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുനിഞ്ഞത്. ഭേദഗതിയുടെ ഭരണഘടനാസാധുത സംബന്ധിച്ച് വിദഗ്ധരുമായി അദ്ദേഹം ആശയവിനിമയം നടത്തിയതായാണ് വിവരം. കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് ഓർഡിനൻസ് തിരിച്ചയക്കാനും സാധ്യതയുണ്ട്.

അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ പൊലീസ് നിയമ ഭേദഗതിക്ക് ഒരുങ്ങുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പൊലീസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബർ കേസുകളിൽ നടപടി എടുക്കാനുള്ള പരിമിതി നീങ്ങുമെന്നാണ്അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ പൊലീസ് നിയമത്തിലെ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ഗവർണർക്ക് പരാതികൾ ലഭിച്ചിരുന്നു. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ഗവർണർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിശ്രമത്തിലുള്ള അദ്ദേഹം ഓഫീസിൽ മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാവുക.

നിലവിലെ പൊലീസ് നിയമത്തിൽ 118-എ വകുപ്പ് കൂട്ടിച്ചേർക്കാനാണ് മന്ത്രിസഭാ ശുപാർശ. വ്യക്തിയെ ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. അഞ്ചുവർഷംവരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. സാമൂഹികമാധ്യമങ്ങളെ ഉദ്ദേശിച്ചാണ് വകുപ്പെന്നാണ് സർക്കാർ ഭാഷ്യമെങ്കിലും എല്ലാ മാധ്യമങ്ങളെയും ഉദ്ദേശിച്ചാണിതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നുമാണ് ആക്ഷേപം.

2000-ത്തിലെ ഐ.ടി. നിയമത്തിലെ 66-എ വകുപ്പും 2011-ലെ പൊലീസ് നിയമത്തിലെ 118-ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാൻ അധികാരം ലഭിക്കും. 2020 ഐടി ആക്ടിലെ 66 അ
2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാൻ നിയമം ദുർബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

നേരത്തെ മലയാള സിനിമാ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങളിൽ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് സൈബർ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമനമാണ് ഇതെന്നായിരുന്നു ഉയർന്ന പ്രധാന ആരോപണം. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും വ്യക്തിഹത്യയും തടയാൻ ലക്ഷ്യമിട്ട് പൊലീസ് നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ ആശങ്കയുണ്ടെന്ന് സിപിഐ. മുഖപത്രവും വിമർശനവുമായി രംഗത്തുവന്നിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾക്കെതിരേ കേസെടുക്കാൻ നിലവിലുള്ള നിയമത്തിൽ വ്യവസ്ഥയുണ്ട്. പൊലീസ് ജാഗ്രത പുലർത്തണമെന്നാണ് ഹൈക്കോടതി വിധിന്യായത്തിൽ പറഞ്ഞത്. പൊലീസിനെ വിമർശിച്ചുകൊണ്ട് നടത്തിയ പരാമർശം ഗൗരവത്തോടെ കണക്കിലെടുത്തില്ല. സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ആവശ്യമെങ്കിൽ കർശന നിയമനിർമ്മാണത്തിന് മടിക്കേണ്ടതില്ല. എന്നാൽ, അത് മൗലികാവകാശങ്ങളെയും ജനാധിപത്യ സ്വാതന്ത്ര്യങ്ങളെയും പരിമിതപ്പെടുത്തരുത്. ക്രിയാത്മകവും ജനാധിപത്യപരവുമായ ചർച്ചകളിലൂടെ വേണം അത്തരം നിയമങ്ങൾ ഉരുത്തിരിയാനെന്നും ജനയുടെ അഭിപ്രായപ്പെട്ടിരുന്നു.