കോവിഡിന്റെ രണ്ടാം വരവിൽ തളർന്ന് കിടക്കുന്ന ലോകത്തിന് പ്രത്യാശയുടെ പുതുകിരണങ്ങൾ നൽകിക്കൊണ്ടാണ് ഫൈസർ-ബയോൻടെക് കൂട്ടുകെട്ടിന്റെ കോവിഡ് വാക്സിൻ പരീക്ഷണം വിജയമാണെന്ന വാർത്ത വന്നത്. അവസാനവട്ട പരീക്ഷണത്തിലും 90 ശതമാനം വിജയമാണ് ഈ വാക്സിൻ കൈവരിച്ചത്. ഇതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചവരാണ് ജർമ്മൻ ബയോടെക് കമ്പനിയായ ബയോൺടെക്കിന്റെ ചീഫ് എക്സിക്യുട്ടിവ് ഓഫീസർ ഉഗുർ സഹിനും ഭാര്യയും കമ്പനിയുടെ ബോർഡ് അംഗവുമായ ഒയേസ്ലം ടുറേസിയും.

രണ്ട് ബില്ല്യൺ ഡോളർ മൂല്യമുള്ള കമ്പനിയുടെ ഉടമകൾ എന്നതിനപ്പുറം, കോവിഡ് വാക്സിൻ പരീക്ഷണവുമായി ഇവരെ ബന്ധിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, ഈ ഗവേഷണം നടത്തിയ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങളായിരുന്നു ഇവർ രണ്ടുപേരും. 55 കാരനായ ഉഗുർ സഹിനും 53 കാരിയായ ഒയെസ്ലം ടുറേസിയും വർഷങ്ങൾക്ക് മുൻപ് പരസ്പരം ആകർഷിക്കപ്പെടുവാൻ ഉണ്ടായ ഒരു കാരണം മെഡിക്കൽ ഗവേഷണത്തിൽ ഇരുവർക്കും ഉള്ള അതിയായ താത്പര്യമായിരുന്നു. അവരെ ഒന്നിപ്പിച്ചതും ഗവേഷണങ്ങളോടുള്ള പ്രതിബദ്ധതയും.

ടർക്കിയിൽ ജനിച്ച സഹിൻ വളർന്നത് ജർമ്മനിയിലായിരുന്നു. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം കുറച്ചുകാലം ഡോക്ടറായി പ്രവർത്തിച്ചതിനെ തുടർന്ന് പ്രൊഫസറായി ജോലിക്ക് കയറി. പിന്നീട് ഇമ്മ്യുണോതെറാപ്പിയുമായി ബന്ധപ്പെട്ട ഗവേഷണത്തിലേക്ക് തിരിയുകയായിരുന്നു. കോളെനിലേയും സൗത്ത് വെസ്റ്റേൺ സിറ്റിയിലേയും മെഡിക്കൽ കോളേജുകളിൽ പഠിപ്പിച്ചിരുന്ന സമയത്താണ് ഇമ്മ്യുണോളജിസ്റ്റ് കൂടിയായ ടുറേസിയെ കണ്ടുമുട്ടുന്നത്. ജർമ്മനിയിലേക്ക് കുടിയേറിയ ഒരു ടർക്കിഷ് ഫിസിഷ്യന്റെ മകളായിരുന്നു ടുറേസി.

ഗവേഷണത്തോടുള്ള താത്പര്യം അവരെ ഒരുമിപ്പിക്കുകയായിരുന്നു. അവരുടെ വിവാഹത്തിന്റെ അന്നു പോലും ഗവേഷണവുമായി ബന്ധപ്പെട്ട ജോലികൾ അവർ തീർത്തിരുന്നു എന്നാണ് അവരുമായി അടുപ്പമുള്ളവർ പറഞ്ഞത്. അവർ രണ്ടുപേരും ചേർന്ന്, കാൻസറിനോട് ഫലവത്തായ രീതിയിൽ പൊരുതാൻ സഹായിക്കുന്ന ഒരു ഇമ്മ്യുൺ സിസ്റ്റം വികസിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഓരോ ട്യുമറിന്റേയുംജനിതക മേക്ക്അപ് തിരിച്ചറിയുവാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

2001-ൽ കാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡികൾ നിർമ്മിക്കുന്ന ഗാനിമെഡ് ഫാർമസ്യുട്ടിക്കൽസ് എന്ന കമ്പനി സ്ഥാപിച്ചുകൊണ്ടാണ് അവർ വ്യവസായ രംഗത്തേക്ക് കാൽവയ്ക്കുന്നത്. അപ്പോഴും തന്റെ അദ്ധ്യാപന-ഗവേഷണ മേഖല കൈവിടാൻ സഹിന്തയ്യാറായില്ല. പിന്നീട് ഗാനിമെഡ് 2016-ൽ ജപ്പാനിലെ ആസ്റ്റെല്ലാസ് ഗ്രൂപ്പിന് 1.4 ബില്ല്യൺ ഡോളറിന് വിൽക്കുകയായിരുന്നു. ഇതിനിടയിൽ സഹിനും ടുറേസിയും ചേർന്ന് 2008 ലാണ് ബയോൺടെക് സ്ഥാപിക്കുന്നത്. കാൻസർ പ്രതിരോധവുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണങ്ങൾ നടത്തുകയായിരുന്നു ഉദ്ദേശം.

എച്ച് ഐ വി, ക്ഷയം, തുടങ്ങിയ രോഗങ്ങളേ കുറിച്ചും ഗവേഷണങ്ങൾ നടത്തുന്ന ഈ സ്ഥാപനത്തിൽ ബിൽ ആൻഡ് മെലിന്ദ ഗെയ്റ്റ്സ് ഫൗണ്ടേഷൻ 55 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. കമ്പനിയുടെ ഓഹരി മൂല്യം പരിശോധിക്കുന്നതിനേക്കാൾ ശാസ്ത്രീയ ലേഖനങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ആളായിട്ടാണ് സഹിനെ സഹപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഇന്ന് ജർമ്മനിയിൽ 100 ധനികരിൽ ഒരാളായ സഹീൻ ഇന്നും തന്റെ പഴയ മോട്ടോർ ബൈക്കിലാണ് ഓഫീസിലെത്തുന്നത്. നേട്ടങ്ങൾ എത്രയൊക്കെ വാരിക്കൂട്ടിയിട്ടും, മാറ്റം വരാത്ത അപൂർവ്വം മനുഷ്യരിൽ ഒരാൾ എന്നാണ് ഒരു പ്രമുഖ വ്യക്തി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

അവസാനവട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതോടെ ഇനി അടുത്തപടി, വാക്സിൻ അംഗീകാരം നേടിയെടുക്കുക എന്നതാണ് യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ ഇതിനുള്ള പ്രക്രിയ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത ദുരിതത്തിലും ഒരു സന്തോഷവാർത്ത ശ്രവിക്കാനായതിന്റെ ആഹ്ലാദത്തിൽ ലോകം മുഴുവൻ നെടുവീർപ്പിടുമ്പോഴും എന്നും ഗവേഷണത്തെ മാത്രം സ്നേഹിച്ചിട്ടുള്ള ഈ ദമ്പതിമാർ, അതൊന്നുംശ്രദ്ധിക്കാതെ തങ്ങളുടെ ലബോറട്ടറിയിൽ തിരക്കിലാണ്, ഒരിക്കലും തീരാത്ത കർമ്മങ്ങളുടെ തിരക്കിൽ.