കാസർകോട്: വ്യാജരേഖ ചമച്ച് കെട്ടിടനമ്പർ സമ്പാദിച്ച് നികുതി അടച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് കെട്ടിടനമ്പർ അനുവദിച്ചതും നികുതി സ്വീകരിച്ചതും റദ്ദാക്കി. കൂടുതൽ അന്വേഷണത്തിനായി കാസർകോട് നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി. കാസർകോട് ഡിവൈ.എസ്‌പി.ക്കാണ് പരാതി നൽകിയത്.

കാസർകോട് എം.ജി. റോഡിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉടമകൾ നിർമ്മാണം പൂർത്തിയാകാതെ ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പും സീലും പതിച്ച് വ്യാജരേഖ ചമച്ച വിഷയത്തിലാണ് നടപടി. ഓവർസിയർ, എൻജിനീയർ എന്നിവർ ഈ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടില്ലെന്നും സർട്ടിഫിക്കറ്റ് അംഗീകരിക്കേണ്ട ഉദ്യോഗസ്ഥനല്ല ഒപ്പിട്ടിരിക്കുന്നതെന്നും നഗരസഭാ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. റവന്യൂ ഇൻസ്‌പെക്ടറാണ് നിലവിൽ ഈ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്നത്.

കെട്ടിടത്തിന് നമ്പർ ലഭിച്ചതും നികുതി അടച്ചതും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് കെട്ടിടത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ എൻജിനീയർ പറഞ്ഞു. കെട്ടിടത്തിന്റെ നിർമ്മാണം 60 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇനിയുള്ളത് ഇന്റീരിയർ പ്രവൃത്തികൾ മാത്രമാണ്. ഇതിന് വൈദ്യുതി ആവശ്യമുണ്ട്. ഇതിന് വേണ്ടിയാണ് കെട്ടിടനമ്പറിന് അപേക്ഷിച്ചതും അത് അനുവദിച്ചശേഷം നികുതിയടച്ചതും.

ഓഗസ്റ്റ് 14-നാണ് ആദ്യമായി അപേക്ഷ സമർപ്പിച്ചത്. അപേക്ഷപ്രകാരം 26-ന് ഓഫീസിൽനിന്ന് വിളിച്ചതനുസരിച്ച് പോയി 1,65,000 നികുതിയടച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓഫീസിനകത്ത് നേരിട്ട് പോവാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഓഫീസനകത്ത് വച്ച് എന്ത് നടന്നു എന്നറിയില്ല. വ്യാജരേഖ ചമച്ചു എന്നാണ് നഗരസഭാധികൃതർ നൽകിയ നോട്ടീസിൽ പറയുന്നത്. അതെന്താണ് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും എൻജിനീയർ പ്രതികരിച്ചു.