പാലാ: അനുഭവങ്ങളുടെ തീചൂളയിൽ വാർത്തെടുത്ത ജീവിതമായിരുന്നു മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെതെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ. പ്രതിസന്ധികളോടു നിരന്തരം പോരാടി ജീവിതവിജയം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.

കെ ആർ നാരായണന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ ആർ നാരായണന്റെ തെരഞ്ഞടുക്കപ്പെട്ട പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്തകങ്ങളുടെ സൗജന്യ വിതരണോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മാർ ജേക്കബ് മുരിക്കൻ.

കെ ആർ നാരായണന്റെ ജീവിതം മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മലയാളികളുടെ യശസ് ഉയർത്തിയ വിശ്വപൗരനായിരുന്നു കെ ആർ നാരായണനെന്നു മോൻസ് ജോസഫ് എം എൽ എ ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഫൗ ണ്ടേഷൻ വൈസ് ചെയർമാനും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ ഡോ സിന്ധുമോൾ ജേക്കബ് മാർ ജേക്കബ് മുരിക്കനിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി. സാബു എബ്രാഹം, ബേബി സൈമൺ, അനൂപ് ചെറിയാൻ എന്നിവർ സംസാരിച്ചു.

രാവിലെ പെരുന്താനത്തെ സ്മൃതി മണ്ഡപത്തിൽ കെ ആർ നാരായണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി. മോൻസ് ജോസഫ് എം എൽ എ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, കെ ആർ നാരായണന്റെ ബന്ധുക്കളായ സീതാലക്ഷ്മി, ഭർത്താവ് വാസുക്കുട്ടൻ, മകൾ ദിവ്യ പ്രദീപ്, ചെറുമകൻ ദൈവിക് പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.