- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നമ്മൾ ജയത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നു; അടുത്തയാഴ്‌ച്ച പ്രഖ്യാപിക്കാം; തോറ്റു തുന്നം പാടി ഒരാഴ്ച്ച ആവാറായിട്ടും ജയിച്ചെന്നു പറഞ്ഞ് ട്രംപ്; സ്വയം നാറുകയും അമേരിക്കയെ നാറ്റിക്കുകയും ചെയ്യാതെ ഇറങ്ങിപ്പോകാൻ ബൈഡൻ; അമേരിക്കയിലെ പ്രതിസന്ധി തുടരുന്നു
പശുവും ചത്ത്, മോരിലെ പുളിയും പോയിട്ടും ട്രംപിന്റെ അവകാശവാദങ്ങൾ അവസാനിക്കുന്നില്ല. കൈയിൽ സാധുതയുള്ള തെളിവൊന്നുമില്ലെങ്കിലും, ട്വീറ്ററിലൂടെ തെരഞ്ഞെടുപ്പ് അഴിമതിയെ കുറിച്ച് ആക്രോശിച്ച് തന്റെ ആരാധകർക്ക് വീര്യം പകർന്ന് നടക്കുകയാണ് ട്രംപ്.
അടുത്തയാഴ്‌ച്ച തന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് ഏറ്റവും പുതിയ അവകാശവാദം. ഏതായാലും, സാധാരണ പോലുള്ള ഒരു അധികാരക്കൈമാറ്റം ഇത്തവണ അമേരിക്കയിൽ നടക്കുമോ എന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. മഹത്തായ പാരമ്പര്യം പേറുന്ന അമേരിക്കൻ ജനാധിപത്യത്തിനു മേൽ പതിച്ച ഒരു കറുത്ത സംഭവമായി, ഇത്തവണത്തെ പ്രസിഡണ്ട് രേഖപ്പെടുത്തിയേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
തികച്ചും അസാധാരണമായ ഒരു സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നതിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ജയിച്ച ജോ ബൈഡനും ചെറിയൊരു അസ്വസ്ഥതയുണ്ട്. എന്നാലും ശാന്തത കൈവിടാതെയാണ് ബൈഡൻ പ്രതികരിക്കുന്നത്. ട്രംപുമായി കണ്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ട്രംപോ അദ്ദേഹത്തിന്റെ കൂടെയുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലുമോ ഇതുവരെ ബൈഡന്റെ വിജയത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എന്നത് ബൈഡൻ കാര്യമായി എടുക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പെരുമാറ്റം സൂചിപ്പിക്കുന്നത്.
ഏതെങ്കിലും വിധത്തിലുള്ള തിരിമറികൾ നടന്നു എന്നതിന് തെളിവ് ഹാജരാക്കാൻ ട്രംപിനോ അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി പോംപിയോയ്ക്കോ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ബൈഡൻ, അവർ തന്റെ വിജയം അംഗീകരിക്കാതിരിക്കുന്നത് അമേരിക്കൻ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സെനറ്റർമാർ ഉള്ളതിൽ നാലുപേർ മാതൃമാണ് ഇതുവരെ ബൈഡന്റെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചത് എന്നത്, രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ ചരിത്രത്തിൽ മുൻപെങ്ങും കേട്ടുകേൾവി ഇല്ലാത്ത സംഭവമാണിത്. തെരഞ്ഞെടുപ്പിൽ എത്ര രൂക്ഷമായി പോരാടിയാലും, പരാജയം അംഗീകരിച്ച് വിജയിയെ അഭിനന്ദിക്കുക എന്നത് അമേരിക്കൻ ജനാധിപത്യത്തിലെ ഒരു രീതിയായിരുന്നു.
കാര്യങ്ങൾ വിചാരിച്ചതുപോലെ നീങ്ങിയില്ലെങ്കിൽ, സുഗമമായ ഒരു അധികാരക്കൈമാറ്റത്തിനായി കോടതിയെ സമീപിക്കുമെന്ന് ബൈഡന്റെ വക്താക്കൾ ഇന്നലെ പറഞ്ഞിരുന്നെങ്കിലും ബൈഡൻ, ഈ സംഘർഷത്തെ ഗൗരവമായി എടുക്കുന്നില്ല. തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് അദ്ദേഹത്തിന്. അധികാരത്തിലെത്തിയാൽ ഉടൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന, ആരോഗ്യ രംഗത്തെ പുതിയ പരിപാടികളെ കുറിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ ഏറെ സംസാരിച്ചത്.
വിദേശ നയങ്ങളിലും വലിയ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നാണ് സൂചന, പ്രത്യേകിച്ചും ലോകാരോഗ്യ സംഘടനപോലുള്ള സംഘടനകളുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ.
മറുനാടന് മലയാളി ബ്യൂറോ