അടിമാലി: കാണാതായ പശുക്കളെ തേടി വീടിനോടു ചേർന്നുള്ള വനമേഖലയിലേക്ക് പോയ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. മാമലക്കണ്ടം വാഴയിൽ കൃഷ്ണൻ കുട്ടിയുടെ ഭാര്യ നളിനി (53) ആണു മരിച്ചത്. ചൊവ്വഴ്ച മേയാനായി പോയ പശുക്കൾ ബുധനാഴ്ച രാവിലെയായിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് ഭർത്താവിനൊപ്പം തിരക്കി ഇറങ്ങിയതായിരുന്നു നളിനി.

ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ചവിട്ടേറ്റ് നളിനി മരിച്ചത്. പശുക്കളെ കാണാത്തതിനെ തുടർന്ന് കൃഷ്ണൻ കുട്ടിയും നളിനിയും രാവിലെ എട്ട് മണിയോടെ കൃഷിയിടത്തോടു ചേർന്നുള്ള വനത്തിലേക്ക് കടന്നു. ഇരുവരും രണ്ടു വഴിക്കാണു നീങ്ങിയത്. 10 മണിയായിട്ടും നളിനി തിരികെ വരാതിരുന്നതോടെ വനപാലകരുടെ സഹായത്തോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിന് ഒന്നര കിലോമീറ്റർ അകലെ ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ നളിനിയെ കണ്ടെത്തുകയായിരുന്നു.

കാട്ടാനയെ കണ്ട് ഭയന്നോടിയ നളിനി കാലു തെറ്റി വീണപ്പോൾ പിന്തുടർന്നെത്തിയ ആന ചവിട്ടിക്കൊന്നതാവാമെന്ന് വനപാലകർ പറഞ്ഞു. അടിമാലി സിഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാമലക്കണ്ടം പാക്കാട്ട് കുടുംബാംഗമാണ്. മക്കൾ. ഷിനോ, അഞ്ജു. മരുമക്കൾ. രമ്യ, പ്രദീപ്.