- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കറുത്ത വർഗ്ഗക്കാരൻ പ്രസിഡണ്ടായതിന്റെ പ്രതിഫലനമാണ് ട്രംപ് എന്ന പ്രസിഡണ്ട്; താൻ പ്രസിഡണ്ടായതോടെ ജനതയെ വംശീയവത്ക്കരിച്ച് ട്രംപ് അധികാരത്തിലേറി; വൈറ്റ്ഹൗസിൽ എത്തിയതോടെ കുടുംബത്തിൽ പ്രശ്നങ്ങളായി; അന്ധരുടെ കണ്ണ് തുറപ്പിച്ച് ഒബാമയുടെ പുസ്തകം വിപണിയിലേക്ക്
ഒബാമയുടെ ഏറ്റവും പുതിയ പുസ്തകമായ ''വാഗ്ദത്ത ഭൂമി'' അമേരിക്കയിൽ വൻകോളിളക്കം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം മുതൽ, ആദ്യവട്ട പ്രസിഡണ്ട് സ്ഥാനത്തെത്തി, കാലാവധി പൂർത്തിയാക്കുന്നതുവരെയുള്ള ജീവിതാനുഭവങ്ങളിൽ ഊന്നി നിന്നുകൊണ്ടുള്ള ഓർമ്മക്കുറിപ്പുകളാണ് ഒബാമ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വംശീയവെറിയും വികല നയങ്ങളുമെല്ലാം ഇതിൽ തുറന്നു കാട്ടുന്നു.
തന്റെ രാഷ്ട്രീയ ജീവിതം പ്രതിഫലിപ്പിക്കുന്ന പുസ്തകത്തിൽ, പല വ്യക്തിപരമായ കാര്യങ്ങളും ഒബാമ പറയുന്നുണ്ട്. വൈറ്റ്ഹൗസിലെ ജീവിതം തന്റെ പുകവലി വർദ്ധിപ്പിച്ചു എന്ന് പറയുന്ന ഒബാമ, പ്രസിഡണ്ട് എന്ന രീതിയിൽ അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളുടെ അനന്തരഫലമായി മിഷേലുമായുള്ള ബന്ധത്തിൽ പോലും കല്ലുകടി ഉണ്ടായതായി സമ്മതിക്കുന്നു. അമേരിക്കൻ സമൂഹത്ത്ലെ വംശീയതയെ കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. വൈറ്റ്ഹൗസിലേക്കുള്ള തന്റെ തെരഞ്ഞെടുപ്പാണ് ഇന്ന് രാജ്യത്ത് കാണപ്പെടുന്ന വംശീയ വിഭജനത്തിന് ഒരു കാരണമെന്ന് അദ്ദേഹം പറയുന്നു.
വൈറ്റ്ഹൗസിലെ തന്റെ സ്ഥാനം, ഏതോ സ്വാഭാവികമായ ഒരു പ്രക്രിയക്ക് വിഘ്നം വരുത്തിയതു പോലെയാണ് പലരും കണ്ടത്. രാജ്യത്തിന്റെ ഈ ചിന്താഗതി ട്രംപ് മനസ്സിലാക്കി. വംശീയ കാർഡ് മനോഹരമായി കളിച്ച് വിജയം കൈക്കലാക്കുവാൻ ട്രംപിന് കഴിയുകയും ചെയ്തു. താൻ അമേരിക്കയിൽ ജനിച്ചതല്ലെന്നും അതിനാൽ പ്രസിഡണ്ട് സ്ഥാനത്തിന് അർഹതയില്ലെന്നുമുള്ള ട്രംപിന്റെ വാദം തന്നെ, വംശീയ വിദ്വേഷം ഉയർത്താനുള്ള ശ്രമമായിരുന്നു. 2008-ൽ അലാസ്‌കാ ഗവർണറായിരുന്ന സാറാ പാലിനെ തന്റെ വൈസ് പ്രസിഡണ്ടായി നാമനിർദ്ദേശം ചെയ്ത ജോൺ മെക് കെയ്ൻസിന്റെ നടപടിയാണ് പക്ഷെ ഇന്നത്തെ വിഭജനത്തിനുള്ള ആദ്യകാരണം എന്നും ഒബാമ പറയുന്നു.
ഇതോടെ, ആധുനിക റിപ്പബ്ലിക്കൻ പാർട്ടിയിൽ ഒളിഞ്ഞുകിടക്കുന്ന സെനോഫോബിയ, പ്രതിബൗദ്ധികത, ആശയ വൈകല്യം എന്നിവ ഉണർന്നു. തന്റെ പ്രവർത്തി പരോക്ഷമായിട്ടെങ്കിലും ഇത്തരത്തിലൊരു വംശീയ വിഭജനത്തിന് കാരണമാകും എന്നറിഞ്ഞിരുന്നെങ്കിൽ മെക് കെയ്ൻ ഒരിക്കലും പാലിനെ വൈസ്പ്രസിഡണ്ടായി നാമനിർദ്ദേശം ചെയ്യുകയില്ലായിരുന്നു എന്നും ഒബാമ ചൂണ്ടിക്കാട്ടുന്നു. പെൻഗ്വിൻ റാൻഡം ഹൗസുമായി ഒബാമയും മിഷേലും ഒപ്പുവച്ച 65 മില്ല്യൺ ഡോളർ കരാറിന്റെ ഭാഗമായിട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. രണ്ട് ഭാഗമായിട്ടായിരിക്കും പ്രസിദ്ധീകരിക്കുക. അതിൽ ആദ്യത്തേതാണിത്.
ഇതേ കരാറിന്റെ ഭാഗമായി മിഷേൽ രചിച്ച ''ബിക്കമിങ്'' എന്ന പുസ്തകം 2018-ൽ പുറത്തിറങ്ങിയിരുന്നു. ലക്ഷക്കണക്കിന് കോപ്പികളാണ് ഇതുവരെ വിറ്റഴിഞ്ഞത്. ഇതിന്റെ തുടർച്ചയായി എത്തുന്ന ഒബാമയുടെ പുസ്തകവും ഒരു ബെസ്റ്റ് സെല്ലറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡണ്ടായുള്ള ആദ്യ ടേമിൽ ആരോഗ്യ രംഗത്ത് പരിഷ്‌കരണങ്ങൾ കൊണ്ടുവരുവാനുള്ള നടപടികൾ എടുത്തതിനെ കുറിച്ചും പരാമർശമുണ്ട്.
ട്രംപിനെ നിശിതമായി വിമർശിക്കുന്നുണ്ടെങ്കിലും മറ്റു പല റിപ്പബ്ലിക്കൻ നേതാക്കളെ കുറിച്ചും ഒബാമയ്ക്ക് നല്ല അഭിപ്രായമാണുള്ളത്. ജോർജ്ജ് ഡബ്ല്യൂ ബുഷിനെ കുറിച്ച് പ്രത്യേകിച്ച് പരാമർശിക്കുന്നുണ്ട്. 2008-ൽ തെരെഞ്ഞെടുപ്പ് ജയിച്ച് വൈറ്റ്ഹൗസിൽ എത്തിയപ്പോൾ ബുഷ് നൽകിയ സ്വീകരണത്തെ കുറിച്ച് ഒബാമ എടുത്തു പറയുന്നുണ്ട്. തന്റെ മക്കൾക്ക് വൈറ്റ് ഹൗസ്മുഴുവൻ കാണുവാനായി, മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ബുഷിന്റെ മക്കൾ കൂടെ വന്ന കാര്യവും ഒബാമ പറയുന്നുണ്ട്.
വൈറ്റ്ഹൗസിലെ ജീവിതം വ്യക്തിജീവിതത്തിൽ ഉണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ചും ഒബാമ പറയുന്നുണ്ട്. മിഷാലെ ഏറെ ജനപ്രീതി ആർജ്ജിച്ചിരുന്നു എങ്കിലും അവരിൽ ഉണ്ടായിരുന്ന മാനസിക സമ്മർദ്ദം താൻ മനസ്സിലാക്കിയിരുന്നു. പുറമേക്ക് ദൃശ്യമായിരുന്നില്ലെങ്കിലും ആ സമ്മർദ്ദം സ്ഥിരതയോടെ നിലനിന്നു. വൈറ്റ്ഹൗസിനെ നാലു ചുവരുകള്ക്കുള്ളിൽ ബന്ധിയാക്കപ്പെട്ടതുപ്പോലെയാണ് അവർക്ക് തോന്നിയത്. മിഷേലുമായുള്ള വ്യക്തിബന്ധത്തെ വരെ അക്കാലത്തെ സമ്മർദ്ദങ്ങൾ ഏറെ ബാധിച്ചു എന്നും ഒബാമ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ