- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകവെ കാർ തലകീഴായി മറിഞ്ഞു; നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ കാറിൽ കിടന്ന പൊതികൾ കയ്യിലെടുക്കാൻ ശ്രമിച്ച് യുവാക്കൾ: സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എട്ട് കിലോയൊളം കഞ്ചാവ്: മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് പൊലീസ്
ചെങ്ങന്നൂർ: ചെങ്ങന്നൂർ മുളക്കഴയിൽ നിയന്ത്രണണം വിട്ട് തല കീഴായി മറിഞ്ഞ കാറിൽ നിന്നും കണ്ടെടുത്തത് എട്ട് കിലോയോളം കഞ്ചാവ്. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. അടൂർ പള്ളിക്കൽ പൊന്മന കിഴക്കേതിൽ ഷൈജു (ലൈജു 25), ഫൈസൽ (19), തിരുവനന്തപുരം നെടുമങ്ങാട് ചെല്ലംകോടുപറമ്പ് വാരത്ത് മഹേഷ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മുളക്കുഴ പള്ളിപ്പടിക്കു സമീപം ഇന്നലെ രാവിലെ ഒൻപതരയോടെയാണു സംഭവം. പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാരാണ് കഞ്ചാവ് വീരന്മാരെ പൊക്കിയത്. 7.4 കിലോ കഞ്ചാവാണ് കാറിൽ നിന്നും കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു ഇവർ. അപകടത്തിൽ നിസാര പരുക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നാട്ടുകാർ ശ്രമിച്ചപ്പോൾ പൊതികൾ എടുക്കാൻ ഇവർ ശ്രമം നടത്തി.
സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊതികളിൽ കഞ്ചാവാണെന്ന് കണ്ടെത്തിയത്. പാക്കറ്റുകളിലൊന്നു പൊട്ടിയതു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടത്.
സിഐ ജോസ് മാത്യു, എസ്‌ഐ എസ്.വി.ബിജു എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിൽ പരിശോധന നടത്തി. തുടർന്നാണ് കൂടുതൽ കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് ജില്ലാ ആശുപത്രിയിലെത്തിയാണ് പിടികൂടിയത്. കാറിന്റെ പിൻസീറ്റിനടിയിൽ 3 പ്ലാസ്റ്റിക് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വെള്ളറടയിൽ നിന്നു തിരുവല്ലയിലേക്കു കൊണ്ടുവരികയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.
പിടിയിലായ ഷൈജു പത്തനംതിട്ട, നൂറനാട്, അടൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ്. ചെങ്ങന്നൂർ സിഐ ജോസ് മാത്യു, എസ്‌ഐ എസ് വി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി.