ശബരിമല: മണ്ഡലകാല മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കം. ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ സ്ഥാനം ഒഴിയുന്ന മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ഇന്ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. ഭക്തർക്ക് നാളെ മുതലാണ് ശബരിമലയിലേക്ക് പ്രവേശനം.

തൃശൂർ കൊടുങ്ങല്ലൂർ പൂപ്പത്തി പൊയ്യ വാരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി വേങ്ങൂർ മൈലക്കൊട്ടത്ത് മന എം.എൻ.റെജികുമാർ എന്ന ജനാർദനൻ നമ്പൂതിരി മാളികപ്പുറത്തും ഇന്ന് പുതിയ മേൽശാന്തിമാരായി സ്ഥാനമേൽക്കും. അഭിഷേക ചടങ്ങുകൾക്കു തന്ത്രി കണ്ഠര് രാജീവര് കാർമികത്വം വഹിക്കും.

വിശ്ചികം ഒന്നായ നവംബർ 16 ന് പുലർച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വർഷത്തെ കർത്തവ്യം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി സുധീർ നമ്പൂതിരി 15 ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.

കോവിഡ് വരുത്തിയ പ്രതിസന്ധിയിലാണ് ഇത്തവണത്തെ തീർത്ഥാടനം. വെർച്വൽ ക്യു ബുക്ക് ചെയ്ത 1000 പേർക്കാണ് സാധാരണ ദിവസം ദർശനം. ശനി, ഞായർ ദിവസങ്ങളിൽ ഇത് 2000 ആക്കിയിട്ടുണ്ട്. മണ്ഡലപൂജ, മകരവിളക്ക് എന്നിവയുടെ പ്രധാന ദിവസം 5000 പേരെ വരെ അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് 1.28 ലക്ഷം പേർ വെർച്വൽക്യു ബുക്ക് ചെയ്തിട്ടുണ്ട്. 2 ദിവസം കൊണ്ട് ബുക്കിങ് പൂർത്തിയായി. ഇനിയും ബുക്കിങ്ങിന് അവസരമില്ല.

മണ്ഡലപൂജ ഡിസംബർ 26ന്. അന്ന് രാത്രി 10ന് നട അടയ്ക്കും. പിന്നെ മകരവിളക്കിനായി ഡിസംബർ 30ന് തുറക്കും. ജനുവരി 19 വരെ ദർശനം ഉണ്ട്. മകരവിളക്ക് ജനുവരി 14ന്. തീർത്ഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 20ന് രാവിലെ 7ന് നട അടയ്ക്കും.