ആലപ്പുഴ: വൻ സംഘമായി തട്ടിപ്പിനിറങ്ങിയ ഇറാൻ സ്വദേശികൾ പറയുന്നതെല്ലാം പച്ചക്കള്ളങ്ങൾ. കേരളത്തിലങ്ങോളം ഇങ്ങോളം ഇവരുടെ തട്ടിപ്പിനിരയായത് നിരവധി പേരാണ്. ഇന്ത്യയിൽ തട്ടിപ്പിനെത്തിയ സംഘം പല സംഘങ്ങളായി പിരിഞ്ഞാണ് ഓരോ ഇടത്തും തട്ടിപ്പ് നടത്തുന്നത്. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ സംഘങ്ങളായി പിരിയുന്നതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം ചേർത്തലയിൽ നാലു പേർ പിടിയിലായതോടെയാണ് സംഘത്തിന്റെ തട്ടിപ്പിനെ കുറിച്ച് പൊലീസ് കൂടുതൽ വിിശദമായി അന്വേഷിച്ചത്.

നേരത്തെ തിരുവല്ലയിൽ രണ്ട് ഇറാൻ സ്വദേശികൾ പിടിയിലായിരുന്നു. അവരുടെ ചിത്രങ്ങൾ ചേർത്തലയിൽ പിടിയിലായവരെ കാണിച്ചപ്പോൾ അറിയില്ലെന്ന മട്ടിലായിരുന്നു മറുപടി. എന്നാൽ, ഇവർ ഒരേ സംഘത്തിലുള്ളവരാണെന്നു പൊലീസ് സംശയിക്കുന്നു. നാലുപേരും ഒരേ സ്ഥലം, ഒരേ തൊഴിൽ തുടങ്ങിയ മറുപടികൾ പറഞ്ഞ് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചു. വാരനാാട്ടെ കടയുടമയക്ക് നഷ്ടമായത് 34,000 രൂപയാണ്. ഇതിന് പിന്നാലെയാണ് കേരളത്തിന്റ പല ഭാഗങ്ങളിലും ഇറാൻ സംഘത്തിന്റെ തട്ടിപ്പിൽ വ്യാപാരികൾക്ക് പതിനായിരക്കണക്കിന് രൂപ നഷ്ടമായതായി വ്യക്തമാകുന്നത്.

കണ്ണൂർ മയ്യിൽ, തിരുവല്ല, പുത്തൻകുരിശ്, പെരുമ്പാവൂർ, തൃശൂർ, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലും ഇറാൻ സംഘങ്ങൾ വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടി. മയ്യിലെ പഴക്കുല വ്യാപാരിയിൽ നിന്ന് 75,000 രൂപ, മറ്റു സ്ഥലങ്ങളിൽനിന്നു 16,000, 32,000, 34,000 എന്നിങ്ങനെ നഷ്ടപ്പെട്ടതായാണ് വിവരം. ചേർത്തലയിൽ നാലു പേർ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ തട്ടിപ്പു വാർത്തകളും പുറത്ത് വരുന്നത്. കണ്ണൂർ മയ്യിലിലെ സ്ഥാപനത്തിൽനിന്ന് 75,000 രൂപ തട്ടിയെടുത്തത് ഇവരിൽ രണ്ടുപേരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

ചേർത്തലയിൽ അറസ്റ്റിലായ നാലുപേരും നാട് ടെഹ്‌റാൻ എന്നാണു പറഞ്ഞത്. തൊഴിൽ കാർപെറ്റ് കച്ചവടം. ഇന്ത്യയിൽ വിനോദ സഞ്ചാരത്തിനു വന്നതാണെന്നും ഇവർ ഒരുപോലെ ആവർത്തിക്കുന്നു. കൂടുതൽ ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞത് ജോലി കുങ്കുമ വ്യാപാരമെന്നാണ്. ഇന്ത്യയിലെത്തിയതു ഭാര്യയുടെ ശസ്ത്രക്രിയയ്‌ക്കെന്നു പറഞ്ഞും ഒരാൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

ചോദ്യം ചെയ്ത് ഐബി
വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി 34,000 രൂപ തട്ടിയ ഇറാൻ സ്വദേശികളെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസിൽനിന്നു വിവരങ്ങൾ തേടിയിട്ടുണ്ട്. റിസർച് ആൻഡ് അനാലിസിസ് വിങ്ങും (റോ) വിവരങ്ങൾ ശേഖരിക്കുന്നതായി അറിയുന്നു. പിടിയിലായ നാലുപേർ രാജ്യം മുഴുവൻ നടത്തിയ യാത്രകളുടെയും മറ്റും വിവരങ്ങൾ ഐബി ശേഖരിച്ചു. ചേർത്തലയിൽ നിന്ന് മാവേലിക്കര സ്‌പെഷൽ സബ് ജയിലിലേക്കു പ്രതികളെ കൊണ്ടുപോകുന്നതിനിടയിലായിരുന്നു ഐബിയുടെ ചോദ്യം ചെയ്യൽ.

തലവേദനയായി പേർഷ്യൻ ഭാഷ
ഇറാൻ സ്വദേശികളായ പ്രതികൾ പേർഷ്യൻ ഭാഷയിലാണ് സംസാരിക്കുന്നത്. ഒരാൾക്ക് ഇംഗ്ലിഷും ഒരാൾക്ക് ഹിന്ദിയും അറിയാം. അവരിലൂടെയാണു പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. പക്ഷേ, പ്രതികൾ പലതും ഒളിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വ്യക്തതയില്ലാതെയാണു കാര്യങ്ങൾ പറയുന്നത്. ഇവരെ കസ്റ്റഡിയിൽ കിട്ടിയാൽ ചോദ്യം ചെയ്യുന്നതിന് ഭാഷാ വിദഗ്ധരുടെ സഹായം തേടാൻ പൊലീസ് ആലോചിക്കുന്നുണ്ട്.

3 മിനിറ്റിൽ പണം തട്ടി
34,000 രൂപ തട്ടിയെടുത്തു മുങ്ങിയ ഇറാൻ സ്വദേശികൾ വാരനാട്ടെ കടയിൽ തങ്ങിയത് വെറും 3 മിനിറ്റ്. 1.92 കോടി ഇറാൻ റിയാലിനു തുല്യമായ മൂല്യമുണ്ട് 34,000 രൂപയ്ക്ക്. ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ തിരിച്ചു നടത്തിയ തട്ടിപ്പ് പൊലീസിനെയും അതിശയിപ്പിക്കുന്നു. ലോക്ഡൗണിനു മുൻപ് ഇറാനിലെ ടെഹ്‌റാനിൽ നിന്നു ഡൽഹിയിലെത്തിയ പ്രതികൾ 72,000 രൂപയ്ക്കാണു മഹാരാഷ്ട്ര റജിസ്‌ട്രേഷനുള്ള സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയത്. വീസ കാലാവധി തീരുന്നതു വരെ തട്ടിപ്പ് നടത്തി മടങ്ങാനായിരുന്നു പദ്ധതി.

10ന് വൈകിട്ട് അഞ്ചരയോടെ ചേർത്തല വാരനാട് ചെറുപുഷ്പം മെറ്റൽ ഏജൻസീസിലാണ് ഇറാൻ സ്വദേശികളായ മജീദ് സാഹെബിയാസിസ് (32), അയ്‌നുല്ല ഷറാഫി (30), ദാവൂദ് അബ്സലൻ (23), മുഹ്‌സിൻ സെതാരെ (35) എന്നിവർ അവസാനം തട്ടിപ്പു നടത്തിയത്. പൊലീസിന്റെ തിരച്ചിലിൽ ഇവർ വ്യാഴാഴ്ച തിരുവനന്തപുരത്തു പിടിയിലായി. ഇവരുടെ സംഘത്തിൽ 24 പേരുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ചേർത്തല ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്ത പ്രതികൾ ഇപ്പോൾ മാവേലിക്കര സ്‌പെഷൽ സബ് ജയിലിലാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.